Connect with us

Kozhikode

പിടികൂടുന്ന വാഹനങ്ങള്‍ പോലീസിന് പൊല്ലാപ്പാകുന്നു

Published

|

Last Updated

കോഴിക്കോട്:നിയമലംഘനം കണ്ടാലും വാഹനങ്ങള്‍ സ്റ്റഷനിലെത്തിക്കാന്‍ ഇപ്പോള്‍ പോലീസുകാര്‍ക്ക് മടിയാണ്. പിടികൂടുന്ന വാഹനങ്ങള്‍ പോലീസുകാര്‍ക്ക് തന്നെ പോല്ലാപ്പാകുന്നതാണ് കാരണം. വിവിധ കേസുകളില്‍ പിടികൂടുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്തതാണ് പോലീസുകാരെ പ്രയാസത്തിലാക്കുന്നത്. നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ പിടികൂടിയ വാഹനങ്ങള്‍ റോഡരികില്‍ പോലും നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. അനധികൃതമായി മണല്‍ കടത്തിയതിന് പിടിയിലാകുന്നതാണ് വാഹനങ്ങളില്‍ ഏറെയും. ലോറികള്‍ ഉള്‍പ്പെടെയുള്ള ഇത്തരം വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പലയിടത്തും സ്ഥലമില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പിടികൂടിയ വാഹനങ്ങള്‍ വരെ വിവിധ സ്റ്റേഷന്‍ കോമ്പൗണ്ടുകളില്‍ തുരുമ്പെടുത്ത് കിടക്കുകയാണ്. പലതും ഇനി ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ്. കേസില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ വിലകെട്ടി കൊണ്ടുപോകാന്‍ ഉടമസ്ഥര്‍ പിന്നീട് ശ്രമിക്കാറില്ല. പഴകിയ വാഹനങ്ങള്‍ക്കായി ആരും വരാറുമില്ല. ഇതാണ് സ്റ്റേഷനിലെ സ്ഥലം മുടക്കിയായി വാഹനങ്ങള്‍ കെട്ടികിടക്കാന്‍ കാരണം. ഫറോക്ക് സ്റ്റേഷനില്‍ മാത്രം നാല്‍പ്പതിലധികം വാഹനങ്ങള്‍ ഇത്തരത്തില്‍ കെട്ടികിടക്കുന്നുണ്ട്. വാഹനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പിടിയിലാകുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മൂല്യനിര്‍ണയത്തില്‍ കൂടിയ വിലയായിരിക്കും രേഖപ്പെടുത്തിയിരിക്കുക. എന്നാല്‍ പിന്നീട് വില കുറയുമ്പോള്‍ ഉടമസ്ഥര്‍ പഴയ വിലകെട്ടി വെച്ച് വാഹനം കൊണ്ടുപോകാന്‍ തയ്യാറാകില്ല. ഇതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. നല്ലളം സ്റ്റേഷന്‍ പരിധിയിലും ഇത്തരത്തിലുള്ള നിരവധി വാഹനങ്ങളുണ്ട്. കോടതിയില്‍ കേസുള്ള വാഹനങ്ങള്‍ നഷ്ടപ്പെട്ടാല്‍ അതിന് പോലീസ് ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാവും. അതുകൊണ്ട് പോലീസ് സ്റ്റേഷന്‍ പരിസരത്ത് തന്നെ സൂക്ഷിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവും. സൗകര്യം കുറഞ്ഞ പോലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ വാഹനങ്ങള്‍ കൂടി നിര്‍ത്തിയിടുന്നതോടെ വലിയ പ്രയാസമാണ് നേരിടുന്നത്.
ചാത്തമംഗലത്തെ വാഹന യാര്‍ഡിലും നിരവധി വാഹനങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. ഇവിടമാകട്ടെ കാട് പിടിച്ച അവസ്ഥയിലുമാണ്. അതുകൊണ്ട് തന്നെ ഇഴജന്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. അതിനാല്‍ യാര്‍ഡ് ഇവിടെ നിന്നും മാറ്റണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.
യാര്‍ഡിലാവട്ടെ ഇനി വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സ്ഥലവുമില്ല. കേസില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടരുതെന്ന് ഹൈക്കോടതി വിധിയും വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് ഉദ്യോഗസ്ഥര്‍.

---- facebook comment plugin here -----

Latest