Connect with us

Kerala

വിദ്യാഭ്യാസ വകുപ്പ് ഈജിയന്‍ തൊഴുത്തെന്ന് കോണ്‍ഗ്രസ് മുഖപത്രം

Published

|

Last Updated

കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം. വ്യാഴാഴ്ച്ചയിലെ പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് മുസ്ലിംലീഗ് കൈകാര്യം ചെയ്യുന്ന വകുപ്പിനെതിരെ വിമര്‍ശനമുള്ളത്. വിദ്യാഭ്യാസത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ പെരുമ നിലനിര്‍ത്തിയിട്ടുള്ള കേരളത്തില്‍ ഇന്ന് ദീര്‍ഘ വീക്ഷണമില്ലാത്തതും പരസ്പര ബന്ധമില്ലാത്തതുമായ പരിഷ്‌കാരങ്ങള്‍ കാരണം വിദ്യാഭ്യാസരംഗം ആകെ കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് മുഖപ്രസംഗം വിമര്‍ശിക്കുന്നു.

പുതിയ പ്ലസ് ടു സ്‌കൂളുകള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തേയും മുഖപ്രസംഗം വിമര്‍ശിക്കുന്നുണ്ട്. കാര്യങ്ങള്‍ ഹൈക്കോടതിയെ വേണ്ട വിധം ബോധ്യപ്പെടുത്തുന്നതില്‍ അധികൃതര്‍ അനാസ്ഥ കാണിച്ചതാണ് സ്‌കൂളുകള്‍ തുടങ്ങണമെന്ന കോടതി ഉത്തരവിന് കാരണമെന്ന് പത്രം വിമര്‍ശനമുന്നയിക്കുന്നു. വടക്കന്‍ ജില്ലകളില്‍ പ്ലസ് ടു സ്‌കൂളുകള്‍ തുടങ്ങാന്‍ കാണിക്കുന്ന വ്യാഗ്രതക്ക് പിന്നില്‍ മറ്റു മാനങ്ങളുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്തേണ്ടതില്ലെന്ന ഒളിയമ്പും ലേഖനത്തിലുണ്ട്.

യൂനിഫോം വിതരണം, പോഷകാഹാര വിതരണം, പാഠപുസ്തക വിതരണം, ഏകജാലക സംവിധാനം തുടങ്ങി പൊതുവിദ്യാഭ്യാസ മേഖലയില്‍ സര്‍വത്ര കെടുകാര്യസ്ഥതയാണ് നടക്കുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളും വ്യക്തി താല്‍പര്യങ്ങളും മുന്നില്‍ വെച്ചുകൊണ്ടുള്ള പരിഹാര ശ്രമങ്ങളാണ് വിദ്യാഭ്യാസരംഗം ഇത്രമേല്‍ കലുഷിതമാക്കിയതെന്നും മുഖപ്രസംഗം പറയുന്നു. എല്ലാവരും ഒരുമിച്ച് പരിശ്രമിച്ച് ഈ ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കിയെടുക്കണമെന്ന നിര്‍ദേശത്തോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

Latest