കുടിയന്മാരെ ‘നല്ല പാഠം’ പഠിപ്പിക്കാന്‍ ഇനി ഷാഡോ എക്‌സൈസും

Posted on: July 17, 2014 1:52 am | Last updated: July 17, 2014 at 1:52 am

കണ്ണൂര്‍: മലയാളിയുടെ മദ്യാസക്തി കുറയുന്നുവെന്ന നല്ല വാര്‍ത്തകള്‍ക്കിടെ കുടിയന്മാരെ ‘നല്ല പാഠം’ പഠിപ്പിക്കാനും ലഹരി വില്‍പ്പന കേന്ദ്രങ്ങള്‍ കണ്ടെത്താനും ഇനി ഷാഡോ എക്‌സൈസും. നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം പുതുതലമുറയെ ലക്ഷ്യമിട്ട് തുറന്ന ലഹരി വില്‍പ്പന കേന്ദ്രങ്ങള്‍ കണ്ടെത്താനും കുടിയന്മാരുടെ ‘ചെവിക്കു പിടിച്ച് നല്ല പാഠം’ പകര്‍ന്നു നല്‍കാനുമായാണ് ഷാഡോ എക്‌സൈസ് രംഗത്തിറങ്ങുന്നത്. കേരളാ പോലീസ് ആവിഷ്‌കരിച്ച ഷാഡോ പോലീസിന്റെ മാതൃകയിലായിരിക്കും ഷാഡോ എക്‌സൈസും പ്രവര്‍ത്തിക്കുക. ഓരോ ജില്ലയിലും കുറഞ്ഞത് 20 അംഗങ്ങളെയെങ്കിലും ചേര്‍ത്താണ് എക്‌സൈസ് വകുപ്പ് ഷാഡോ എക്‌സൈസ് വിഭാഗത്തിന് രൂപം നല്‍കിയിട്ടുള്ളത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ആള്‍ത്തിരക്കുള്ള പ്രദേശങ്ങളും കോളജുകളുടെയും വിദ്യാലയങ്ങളുടെയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുക. വനിതാ ഗാര്‍ഡുമാരുള്‍പ്പെടെയുള്ള സംഘം കുട്ടികളുള്‍പ്പെടെയുള്ളവരെ കൃത്യമായി നിരീക്ഷിക്കുകയും ലഹരി ഉപയോഗമുണ്ടെന്നറിഞ്ഞാല്‍ അവര്‍ക്ക് കൃത്യമായ ബോധവത്കരണം നല്‍കുകയും ചെയ്യും.

മദ്യപിക്കുന്നവരില്‍ വലിയൊരു ശതമാനം പ്രായപൂര്‍ത്തിയെത്താത്തവരുണ്ടെന്നും പുതുതലമുറയില്‍പ്പെട്ടവരിലാണ് മദ്യപാനശീലം കൂടുന്നതെന്നുമുള്ള പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് മദ്യപരെ കണ്ടെത്തി അവര്‍ക്ക് ബോധവത്കരണം നടത്താനുള്ള പ്രവര്‍ത്തനം എക്‌സൈസ് വകുപ്പ് സജീവമാക്കുന്നത്. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചുള്ള ചില കടകളും മറ്റും കഞ്ചാവുള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങള്‍ കുട്ടികള്‍ക്ക് സ്ഥിരമായി കൈമാറുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇത്തരക്കാരെ കൃത്യമായി പിടികൂടി നിയമത്തിന്റെ മുന്നിലെത്തിക്കുകയെന്നത് ഷാഡോ എക്‌സൈസിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് എക്‌സൈസ് വകുപ്പധികൃതര്‍ പറയുന്നു. ഓരോ എക്‌സൈസ് റേഞ്ചില്‍ നിന്ന് രണ്ട് പേരെ തിരഞ്ഞെടുത്താണ് ഷാഡോ എക്‌സൈസ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നത്. ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്.
2011 മുതലുള്ള വാര്‍ഷിക വിറ്റുവരവില്‍ മദ്യക്കച്ചവടം കുറയുന്നതിന്റെ സൂചനയുണ്ടെങ്കിലും അടുത്ത കാലത്തായി മദ്യവില്‍പ്പനയും ഉപഭോഗവും കുറഞ്ഞതായി ബീവറേജ് കോര്‍പറേഷന്റെ കണക്കുകളും ചൂണ്ടിക്കാട്ടുന്നുണ്ട്. 2010-11 ല്‍ 217.4 ലക്ഷം കെയ്‌സ് മദ്യം വില്‍പ്പന നടത്തിയതായി കണക്കുകള്‍ പറയുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ധനയാണുണ്ടായത്. 2011-12ല്‍ 241.8 ലക്ഷം കെയ്‌സ് ഇന്ത്യന്‍ നിര്‍മിത മദ്യം വില്‍പ്പന നടത്തി. എന്നാല്‍ വര്‍ധനയുടെ തോത് മുന്‍വര്‍ഷത്തേതിനേക്കാള്‍ 11 ശതമാനമായി കുറഞ്ഞു. 2012-14 ല്‍ വര്‍ധന ഇല്ലാതായെന്ന് മാത്രമല്ല വില്‍പ്പന കുത്തനെ കുറയുകയും ചെയ്തു.
2012-13 ല്‍ 244.33 ലക്ഷം കെയ്‌സ് മദ്യം വില്‍പ്പന നടത്തിയപ്പോള്‍ 2014ല്‍ 3. 66 ലക്ഷം കെയ്‌സിന്റെ കുറവാണുണ്ടായത്. ബാറുകളിലൂടെയും ബീവറേജസ്, സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ എന്നിവയെല്ലാം വഴിയും വില്‍ക്കുന്ന മദ്യത്തിന്റെ അളവ് കുറയാനിടയാക്കിയത് എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം കൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എണ്ണത്തില്‍ തീരെ കുറവാണെങ്കിലും എക്‌സൈസ് ജീവനക്കാര്‍ പതിവ് നടപടികള്‍ക്ക് പുറമെ നാടകം കളിച്ചും പാട്ടുപാടിയും സ്‌കൂളുകള്‍ സന്ദര്‍ശിച്ചുമെല്ലാം നടത്തുന്ന ബോധവത്കരണ പരിപാടികളാണ് മദ്യ ഉപഭോഗം കുറച്ചതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.