Connect with us

Ongoing News

കുടുംബശ്രീയെ പഠിക്കാന്‍ കര്‍ണാടക സംഘം വയനാട്ടില്‍

Published

|

Last Updated

കല്‍പ്പറ്റ: പഞ്ചായത്തീ രാജ് സ്ഥാപനങ്ങളും (പി ആര്‍ ഐ) സാമൂഹ്യാധിഷ്ടിത സംഘടന സംവിധാനമായ കുടുംബശ്രീയും (സി ബി ഒ) സംയുക്ത പ്രവര്‍ത്തനം കര്‍ണാടകയില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതാധികാര പഠന സംഘം വയനാട്ടില്‍ സന്ദര്‍ശനം നടത്തി.
കര്‍ണാടക സര്‍ക്കാര്‍ രൂപവത്കരിച്ച ഗ്രാമപഞ്ചായത്ത് ഡിലിമിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എസ് ജി നഞ്ചയ്യനമട്ട് നേതൃത്വം നല്‍കുന്ന ആറംഗ സംഘമാണ് പര്യടനം നടത്തിയത്. ശാസ്ത്രീയ പി ആര്‍ ഐ – സി ബി ഒ സംയുക്ത പ്രവര്‍ത്തനം കര്‍ണാടകയില്‍ നടപ്പാക്കുന്നത് പഠിക്കാനാണ് സംഘം ജില്ലയില്‍ എത്തിയത്.
ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തോടൊപ്പം ക്ഷേമ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടപ്പാക്കുന്ന ത്രിതല പഞ്ചായത്ത് – കുടുംബശ്രീ സംഘടനാ സംവിധാനം മാതൃകയാണെന്ന് കര്‍ണാടക ഗ്രാമപഞ്ചായത്ത് ഡിലിമിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എസ് ജി നഞ്ചയ്യനമട്ട് അഭിപ്രായപ്പെട്ടു. കേരള മോഡല്‍ പി ആര്‍ ഐ – സി ബി ഒ സംയുക്ത പ്രവര്‍ത്തനം കര്‍ണാടകയില്‍ നടപ്പിലാക്കുന്നതിനു മുന്നോടിയായി സംസ്ഥാന സര്‍ക്കാറിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് വിശദ പഠനത്തിനായി വിദഗ്ദ സംഘം കേരളം സന്ദര്‍ശിക്കും. ത്രിതല പഞ്ചായത്തും കുടുംബശ്രീയും ഏറ്റെടുത്ത് നടപ്പാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍, കുടുംബശ്രീ ചെറുകിട സംരംഭങ്ങള്‍, സംഘകൃഷി, ത്രിതല സംഘടനാ സംവിധാനം, അഗതി – ആശ്രയ പദ്ധതി, കുടുംബശ്രീ ഇന്‍ഷ്വറന്‍സ് പദ്ധതി, ഗോത്ര പദ്ധതികള്‍, തൊഴിലുറപ്പ്, മോണിറ്ററിംഗ് കമ്മിറ്റികള്‍ തുടങ്ങിയവ പഠന വിധേയമാക്കി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് റോസ്‌ലി തോമസ്, ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍, ഉപ സമിതി കണ്‍വീനര്‍മാര്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തി.
കുടുംബശ്രീ നടപ്പിലാക്കുന്ന കേന്ദ്ര – സംസ്ഥാന -തനത് പദ്ധതികളും, ജില്ലയില്‍ മാത്രമായി നടപ്പിലാക്കുന്ന പരിപാടികളും സംഘം പഠന വിധേയമാക്കി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പിപി മുഹമ്മദ് പദ്ധതികള്‍ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് ഡീ – ലിമിറ്റേഷന്‍ കമ്മിറ്റി അംഗങ്ങളായ എ ആര്‍ സുധാമണി, ഭഗവദ് എസ് കെ, ഡി ലിമിറ്റേഷന്‍ കമ്മിറ്റി ജോ. സെക്രട്ടറി ഡോ. രവൈഹ ഒടെയാര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെറ്റ് പ്രൊജക്ട് മാനേജര്‍മാരായ മല്ലികാര്‍ജ്ജുന്‍ സ്വാമി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Latest