ബോസ്‌നിയന്‍ മുസ്‌ലിംകളുടെ കൂട്ടക്കൊല: ഉത്തരവാദി ഡച്ചാണെന്ന് കോടതി

Posted on: July 17, 2014 1:15 am | Last updated: July 17, 2014 at 1:15 am

dutchആംസ്റ്റര്‍ഡാം: സ്രെബ്രനിക്ക കൂട്ടക്കൊലയില്‍ ഇരകളായ എണ്ണായിരത്തോളം ബോസ്‌നിയന്‍ മുസ്‌ലിംകളുടെ മരണത്തിന് ഉത്തരവാദി ഡച്ചാണെന്ന് കോടതി. കൊല്ലപ്പെട്ട മുന്നൂറിലധികം പേരുടെ കുടുംബങ്ങള്‍ക്ക് നെതര്‍ലാന്‍ഡ്‌സ് നഷ്ടപരിഹാരം നല്‍കണമെന്നും ഡച്ച് കോടതി ഉത്തരവിട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ ഭീകര കൂട്ടക്കൊലയായിരുന്നു ബോസ്‌നിയയിലേത്.
കൊല്ലപ്പെട്ട പുരുഷന്‍മാരെയും ആണ്‍കുട്ടികളെയും സംരക്ഷിക്കാന്‍ യു എന്‍ സമാധാന ദൗത്യ സംഘത്തിലുള്ള ഡച്ച് സൈനികര്‍ പരാജയപ്പെട്ടുവെന്ന് കാണിച്ച് ഇരകളുടെ കുടുംബങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിധി. 1995 ജൂലൈ 13ന് ഉച്ചക്ക് ശേഷം പോട്ടോകാരിയിലെ ഡച്ച് ബറ്റാലിയനില്‍ നിന്ന് ബോസ്‌നിയന്‍ സെര്‍ബുകള്‍ പുറത്താക്കിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കുണ്ടായ നഷ്ടത്തിന് ഉത്തരവാദി രാഷ്ട്രമാണെന്ന് ഡച്ച് കോടതിയുടെ ഉത്തരവില്‍ പറയുന്നു.
‘മനുഷ്യത്വനിലയില്‍ നിന്ന് നീതിയെയും നിയമത്തെയും പുല്‍കാനാണ് യൂറോപ്പ് ആഗ്രഹിക്കുന്നതെങ്കില്‍ കൂട്ടക്കൊലയെ അതിജീവിച്ചവര്‍ക്ക് വിധി ഭാഗ്യമാണെന്ന് മകനെയും ഭര്‍ത്താവിനെയും നഷ്ടപ്പെട്ട മുനീറ സുബാസിക് പറയുന്നു. നിയമം തങ്ങളുടെ ഭാഗത്താണെന്ന് അറിയാം. സ്രെബ്രനിക്കയില്‍ എന്താണ് സംഭവിച്ചതെന്നും യു എന്‍ പതാകക്കും സംരക്ഷണത്തിലും കീഴില്‍ ലോകത്തിന്റെ കണ്ണുകള്‍ക്ക് മുമ്പിലാണ് അത് സംഭവിച്ചതെന്നും തങ്ങള്‍ക്ക് അറിയാമെന്നും സുബാസിക് പറഞ്ഞു. 1995ല്‍ നേരിട്ട് അനുഭവിച്ചതിനാല്‍ ഡച്ച് നീതി എന്താണെന്ന് അറിയാം. ഖേദം പ്രകടിപ്പിച്ച് ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നതാണ് തങ്ങള്‍ നോക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
1992- 95 കാലയളവിലെ ബോസ്‌നിയന്‍ യുദ്ധത്തിനിടെ, സെര്‍ബ് സൈനികര്‍ കീഴടക്കിയിരുന്ന സ്രെബ്രനിക്ക യു എന്‍ സംരക്ഷിത മേഖലയാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നിരവധി ബോസ്‌നിയന്‍ മുസ്‌ലിംകള്‍ കൂട്ടത്തോടെ ഇവിടെ താമസമാരംഭിച്ചു. എന്നാല്‍ 1995ല്‍ ജനറല്‍ റാട്‌കോ മ്ലാഡികിന്റെ നേതൃത്വത്തിലുള്ള സൈന്യം ഇവിടെ കടന്നുകയറുകയും മുസ്‌ലിംകളെ കൂട്ടക്കൊല നടത്തുകയുമായിരുന്നു. സംരക്ഷണത്തിനുണ്ടായിരുന്ന ഡച്ച് സൈനികര്‍ ഒരു വെടിപോലും വെച്ചില്ല. സ്ത്രീകളെയും ചെറിയ കുട്ടികളെയും പ്രായമായവരെയും പുറത്താക്കി ആണ്‍കുട്ടികളും പുരുഷന്‍മാരും അടങ്ങുന്ന എണ്ണായിരത്തോളം പേരെ മ്ലാഡിക്കിന്റെ സൈന്യം കൂട്ടക്കശാപ്പ് നടത്തുന്നത് കണ്ടിരിക്കുകയായിരുന്നു ഡച്ച് സൈനികര്‍. കിഴക്കന്‍ ബോസ്‌നിയയിലെ കുഴിമാടങ്ങളില്‍ കൂട്ടത്തോടെ അടക്കം ചെയ്യുകയായിരുന്നു. ഇതില്‍ പലതും ഇനിയും കണ്ടെടുത്തിട്ടില്ല.
ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി സ്രെബ്രനിക്ക കൂട്ടക്കൊല വംശഹത്യയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യു എന്‍ ചരിത്രത്തിലെ കറുത്ത അധ്യായമാണ് ഇതെന്ന് മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ വിശേഷിപ്പിക്കുകയുണ്ടായി.