ബ്രിക്‌സ് ഉച്ചകോടി: വികസന ബേങ്കിന് ഇന്ത്യ നേതൃത്വം നല്‍കും

Posted on: July 17, 2014 1:42 am | Last updated: July 17, 2014 at 12:44 am

Modi_2003934fഫോര്‍ട്ടലെസ (ബ്രസീല്‍): ലോക ബേങ്കിനും ഐ എം എഫിനും ബദലായി നൂറ് ബില്യണ്‍ ഡോളറിന്റെ മൂലധന നിക്ഷേപവുമായി വികസന ബേങ്ക് ആരംഭിക്കാനുള്ള കരാറില്‍ ബ്രിക്‌സ് രാഷ്ട്രത്തലവന്മാര്‍ ഒപ്പുവെച്ചു. ചൈനയിലെ ഷാംഗ്ഹായി ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിക്കുന്ന ബേങ്കിന്റെ പ്രഥമ ചെയര്‍മാനെ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കാനും ഉച്ചകോടിയില്‍ ധാരണയായി. വരുന്ന ആറ് വര്‍ഷത്തേക്കാകും ഈ നിയമനം. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി 10000 കോടി ഡോളര്‍ കരുതല്‍ ധനമായി നീക്കിവെക്കാനും ബ്രിക്‌സ് ഉച്ചകോടിയില്‍ ധാരണയായിട്ടുണ്ട്.
ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ എന്നിവര്‍ ആറാമത് ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ച് ബ്രസീലിലെ ഫോര്‍ട്ടലെസയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനം. 5000 കോടി ഡോളര്‍ മൂലധനവുമായിട്ടാവും ബേങ്ക് പ്രവര്‍ത്തനം തുടങ്ങുക.
വികസന രാഷ്ട്രങ്ങളെ സഹായിക്കുക, ബ്രിക്‌സ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക, ആഗോളതലത്തില്‍ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യങ്ങള്‍. ബേങ്കിന്റെ മൂലധനം അഞ്ച് അംഗരാജ്യങ്ങള്‍ക്കിടയില്‍ തുല്യമായി വിഭജിച്ച് നല്‍നകും. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫാണ് ബേങ്ക് തുടങ്ങുന്നതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ബേങ്കിന്റെ ആഫ്രിക്കന്‍ മേഖലാ ഓഫീസ് ദക്ഷിണാഫ്രിക്കയില്‍ പ്രവര്‍ത്തിക്കുമെന്നും റഷ്യയിലും മേഖലാ ഓഫീസ് ഉണ്ടായിരിക്കുമെന്നും അവര്‍ അറിയിച്ചു. യു എസ് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന യു എസ് ഫെഡറല്‍ ബേങ്ക് സ്വീകരിക്കുന്ന നടപടികളുടെ മാതൃകയിലായിരിക്കും ബ്രിക്‌സ് വികസന ബേങ്കിന്റെയും പ്രവര്‍ത്തനം.
കഴിഞ്ഞ ബ്രിക്‌സ് ഉച്ചകോടിയിലാണ് വികസന ബാങ്കിനെ കുറിച്ച് ആലോചനകള്‍ക്ക് തുടക്കമിട്ടത്. 2016ല്‍ ബേങ്ക് പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ. സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി, റഷ്യന്‍ പ്രസിഡന്റ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ, ചൈനീസ് പ്രസിഡന്റ് എന്നിവര്‍ ചേര്‍ന്ന് ബേങ്കിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. വികസ്വര രാഷ്ട്രങ്ങളോട് ലോക ബേങ്കും ഐ എം എഫും പുലര്‍ത്തുന്ന അവഗണനയെ ബ്രിക്‌സ് ഉച്ചകോടി അതിരൂക്ഷമായി വിമര്‍ശിച്ചു.