കടംകാരണം ജയിലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ സ്വദേശി വ്യവസായികളുടെ കൂട്ടായ്മ

Posted on: July 16, 2014 11:35 pm | Last updated: July 16, 2014 at 11:35 pm

jailഷാര്‍ജ: സാമ്പത്തിക ബാധ്യതകള്‍ കാരണം ജയിലഴിക്കുള്ളില്‍ കഴിയുന്ന ഹതഭാഗ്യരെ രക്ഷപ്പെടുത്താന്‍ സ്വദേശി വ്യവസായികളുടെ കൂട്ടായ്മ രംഗത്ത്.
പ്രമുഖ സ്വദേശി വ്യവസായി യൂസുഫ് അല്‍ സറൂനി ഷാര്‍ജയില്‍ സംഘടിപ്പിച്ച റമസാന്‍ മജ്‌ലിസില്‍ പങ്കെടുത്ത വ്യവസായ പ്രമുഖരാണ് ഏറെ പ്രശംസനീയമായ ഇത്തരമൊരു ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്നതായി അറിയിച്ചത്.
സ്വദേശികളും വിദേശികളുമായ ധാരാളം പേര്‍, വ്യക്തികള്‍ക്കോ ധനകാര്യ സ്ഥാപനങ്ങള്‍ക്കോ നല്‍കാനുള്ള സാമ്പത്തിക ബാധ്യത തീര്‍ക്കാത്തതിനാള്‍ നിയമക്കുരുക്കില്‍പെട്ട് ജയിലില്‍ കഴിയുന്നവരുണ്ട്. ഇവരെയാണ് വ്യവസായികളുടെ കൂട്ടായ്മ സഹായിക്കുക. പ്രത്യേകിച്ചും ശിക്ഷാ കാലാവധി കഴിഞ്ഞും ബാധ്യത തീര്‍ക്കാത്തതിനാല്‍ ജയില്‍ വാസം അനിശ്ചിതമായി തുടരേണ്ടിവരുന്നവരെ. പുണ്യങ്ങളേറെയുള്ള റമസാനിലെ അവസാന പത്തിലാണ് പദ്ധതി നടപ്പാക്കുകയെന്നും പദ്ധതി നടത്തിപ്പിന് രാജ്യത്തെ ഒരു പ്രമുഖ ചാരിറ്റി സ്ഥാപനവുമായി സംസാരിച്ചു വരികയാണെന്നും പദ്ധതിക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ സ്വദേശി വ്യവസായി യൂസുഫ് അല്‍ സറൂനി അറിയിച്ചു.
യൂസുഫ് അല്‍ സറൂനിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും വ്യവസായിക-ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലുള്ള മുഴുവനാളുകളും ഇതുമായി സഹകരിക്കണമെന്നും ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പിലെ അറ്റസ്റ്റേഷന്‍ വിഭാഗം ഡയറക്ടര്‍ ഹുമൈദ് അല്‍ അബ്ബാര്‍ ആവശ്യപ്പെട്ടു. പദ്ധതി സ്വദേശി സമൂഹത്തിന് മൊത്തം അഭിമാനകരമാണെന്നും അല്‍ അബ്ബാര്‍ പറഞ്ഞു.

 

ALSO READ  തടവുകാരെ ജയിലിൽ പുന:പ്രവേശിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി