മേലുദ്യോഗസ്ഥന്‍ റേഷന്‍ കാര്‍ഡ് പരിശോധിച്ച് റിപോര്‍ട്ട് നല്‍കണം

Posted on: July 16, 2014 10:47 am | Last updated: July 16, 2014 at 10:47 am

പാലക്കാട്: ഗവ ഉദ്യോഗസ്ഥരും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും ബി പി എല്‍ കാര്‍ഡുകള്‍ കൈവശം വെക്കുന്നുവെന്ന വ്യാപകമായ പരാതിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ റേഷന്‍ കാര്‍ഡുകള്‍ പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ സ്ഥാപന മേധാവികളോട് ആവശ്യപ്പെട്ടതായി ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ ബി പി എല്‍ കാര്‍ഡുകള്‍ കൈവശം വെക്കുന്നത് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അത് തിരിച്ച് നല്‍കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ മിക്കവരും കാര്‍ഡുകള്‍ തിരിച്ചു നല്‍കുകയുണ്ടായി. എന്നാല്‍ ഇപ്പോഴും കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാത്തവരുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
അടുത്ത ശമ്പളത്തിന് മുമ്പായി മുഴുവന്‍ ഓഫീസ് ജീവനക്കാരുടെയും റേഷന്‍ കാര്‍ഡുകള്‍ വരുത്തി പരിശോധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
കാര്‍ഡുകള്‍ ഹാജരാക്കാത്തവരുടെ പേര്, വിലാസം എന്നിവ ജില്ലാ കലക്ടര്‍ക്ക് നല്‍കണം. ആവിശ്യമെങ്കില്‍ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെക്കുന്നതിനും ജില്ലാകലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.