ആവശ്യത്തിന് കാലപ്പഴക്കമേറെ; മാനന്തവാടി കോളജില്‍ ഡിഗ്രി, പി ജി കോഴ്‌സുകളായില്ല

Posted on: July 16, 2014 9:52 am | Last updated: July 16, 2014 at 9:52 am

മാനന്തവാടി: വിദ്യാഭ്യാസ മേഖലയില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ജില്ലില്‍ 1981ല്‍ ആംഭിച്ച മാനന്തവാടി ഗവ. കോളേജ് 33 വര്‍ഷം പിന്നിടുമ്പോഴും ആവശ്യത്തിന് ഡിഗ്രി, പിജി കോഴ്‌സുകള്‍ ഇല്ലാത്തതിനാല്‍ അക്കാദമിക് രംഗത്ത് മുന്നേറുവാന്‍ ഏറെ ബുദ്ധിമുട്ടുന്നു.
കോളജില്‍ ഇപ്പോള്‍ ആകെ നാല് ഡിഗ്രി കോഴസുകളും, ഒരു പി ജി കോഴ്‌സും മാത്രമാണ് ഉള്ളത്. ആദിവാസി തോട്ടം തൊഴിലാളി മേഖലയില്‍ നിന്നും നിര്‍ദ്ധനരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജില്‍ പ്രതിവര്‍ഷം 2500 ലധികം അപേക്ഷകളാണ് ലഭിക്കുന്നത്. എന്നാല്‍ 160 കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം സാധ്യമാകുന്നത്. 480 വിദ്യാര്‍ഥികള്‍ ഉള്ള സ്ഥാപനം പരിമിതികള്‍ക്കുള്ളിലും അക്കാദമിക്-അനക്കാദമിക്ക് മേഖലകളില്‍ മികച്ച നേട്ടമാണ് കൈവരിക്കുന്നത്. 90 ശതമാനത്തിലധികം വിജയം നേടുന്ന കോളേജില്‍ എഡ്യുസാറ്റ് സൗകര്യം, ഡിജിറ്റല്‍ ലാബ്, ലാംഗ്വേജ് ലാബ്, ഡിജിറ്റലൈസ്ഡ് ലൈബ്രറി, കേന്ദ്രീകൃത ഐടി ലാബ് എന്നീ സൗകര്യങ്ങളോടൊപ്പം തന്നെ എല്ലാ ക്ലാസുകളും സ്മാര്‍ട്ട് ക്ലാസ് മുറികളായി മാറ്റിയിട്ടുണ്ട്. വിദൂര വിദ്യാഭ്യാത്തില്‍അസാപ്പിന്റെ നോഡല്‍ സെന്ററായും കോളേജ് പ്രവര്‍ത്തിക്കുന്നു. നാക് സമിതിയുശട പരിശോധനയില്‍ കോളേജിന് ബി ഗ്രേഡ് ലഭിച്ചു. കായിക വിഭാഗത്തില്‍ ദേശീയ താരങ്ങളെ തന്നെ സംഭാവന ചെയ്യാന്‍ കോളേജിന് സാധിച്ചു.
ഇത്തരം മികവുകള്‍ക്കിടയിലും കോളേജ് നേരിടുന്ന അവഗണന വളരെ വലുതാണ്. 2012ല്‍ സംസ്ഥാനത്തെ എല്ലാ ഗവ. കോളേജുകള്‍ക്കും മൂന്നും നാലും കോഴ്‌സുകള്‍ സര്‍ക്കാര്‍ അനുവദിച്ചപ്പോഴും മാനന്തവാടി കോളേജിന് ഒരു പിജി കോഴ്‌സ് മാത്രമാണ് ലഭിച്ചത്. ഈ വര്‍ഷം ആരംഭിച്ച പുതിയ സര്‍ക്കാര്‍ കോളേജുകള്‍ക്ക് പോലും നിരവധി കോഴ്‌സുകള്‍ നല്‍കിയപ്പോഴും മാനന്തവാടി കോളേജിന്റെ സ്ഥിതി ദു:ഖകരമായി തുടരുകയാണ്. കണ്ണൂര്‍ സര്‍വ്വകലാശാല നടത്തിയ സിഡന്‍ഡിക്കേറ്റ് പരിശോധനയുടെ ഭാഗമായി എംഎ ഇംഗ്ലീഷ്, എംഎ ഇക്കണോമിക്‌സ്, ബിഎസ്‌സി, ബിഎ ഹിസ്റ്റി, എന്നീ കോഴ്‌സുകള്‍ക്ക് ശുപാര്‍ശ നല്‍കിയെങ്കിലും സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടികളുമായിട്ടില്ല. വിദ്യാഭ്യാസ മേഖലയില്‍ ഏറെ മുന്നേറിയ കോളേജിന് വിജയകുതിപ്പിന് ഊര്‍ജ്ജം പകരാന്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കണമെന്ന് പിടിഎ ഭാരവാഹികളായ സി മമ്മുഹാജി, കെ ജി രാജന്‍, എ പി ഗോവിന്ദന്‍നായര്‍, എം ആര്‍ ശശിധരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.