നീലഗിരി പര്‍വത ട്രെയിന്‍ വാര്‍ഷികാഘോഷം

Posted on: July 16, 2014 9:51 am | Last updated: July 16, 2014 at 9:51 am

ഗൂഡല്ലൂര്‍: യുനെസ്‌കോയുടെ പൈതൃക പദവി ലഭിച്ച നീലഗിരി പര്‍വത തീവണ്ടിയുടെ വാര്‍ഷികം കുന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഊട്ടില്‍ നിന്ന് കുന്നൂരിലെത്തിയ സഞ്ചാരികളുള്‍പ്പെടെയുള്ള ട്രെയിന്‍ യാത്രക്കാരെ മധുരം നല്‍കിയാണ് സ്വീകരിച്ചത്. ഉന്നത റെയില്‍വേവകുപ്പ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പര്‍വത തീവണ്ടി 1899 ജൂണ്‍ 15ആണ് മേട്ടുപാളയം-കുന്നൂര്‍ പാതയില്‍ ഓടിത്തുടങ്ങിയത്. 1908 സെപ്തംബര്‍ 16ന് കുന്നൂര്‍ മുതല്‍ ഫേണ്‍ഹില്‍ വരെയും ഒക്‌ടോബര്‍ 15ന് ഊട്ടിവരെയും ഓടിത്തുടങ്ങി. ഊട്ടി മുതല്‍ മേട്ടുപാളയം വരെയുള്ള 46 കിലോമീറ്റര്‍ പാതയില്‍ 16 തുരങ്കങ്ങളും 200 കൊടും വളവുകളും 250 ചെറുതും വലുതുമായ പാലങ്ങളുമുണ്ട്. നീരാവി എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന തീവണ്ടി സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കൂടുതലും വനത്തിനുള്ളിലൂടെയാണ് പാത കടന്ന് പോകുന്നത്. മലമുകളിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് വിത്യസ്ഥ അനുഭവമാണ് സമ്മാനിക്കുന്നത്. പ്രതിവര്‍ഷം 25 ലക്ഷം സഞ്ചാരികളാണ് പര്‍വത തീവണ്ടിയില്‍ യാത്രചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പര്‍വത തീവണ്ടി തദ്ദേശിയര്‍ക്കും ഏറെ ഉപകരിക്കുന്നുണ്ട്. 2005ലാണ് ഊട്ടി പര്‍വത തീവണ്ടിക്ക് യുനെസ്‌കോയുടെ പൈതൃക പദവി ലഭിച്ചത്. ജൂലൈ 15ആണ് വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നത്.