എസ് എസ് സി കോണ്‍സ്റ്റബിള്‍ തസ്തികയില്‍ അപേക്ഷിച്ച മലയാളികളോട് അവഗണന

Posted on: July 16, 2014 1:16 am | Last updated: July 16, 2014 at 1:16 am

പാലക്കാട്: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അവഗണന. എഴുത്തുപരീക്ഷയും ശാരീരിക ക്ഷമതാ പരിശോധനയും കഴിഞ്ഞിട്ടും ഇരുനൂറോളം ഉദ്യോഗാര്‍ഥികളെ പരിശീലനത്തിന് ഇത് വരെ വിളിച്ചിട്ടില്ല.
മറ്റു സംസ്ഥാനങ്ങളിലെ ഉദ്യോഗാര്‍ഥികളോട് പരിശീലനത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സംസ്ഥാനത്തെ ഉദ്യോഗാര്‍ഥികളോടുള്ള വിവേചനം. 2012 ഡിസംബറിലാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കോണ്‍സ്റ്റബിള്‍ ജനറല്‍ ഗ്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചത്.
സി എ പി എഫ്, അസം റൈഫിള്‍ ഫോഴ്‌സ് എന്നിവയിലേക്കായിരുന്നു നിയമനം. 22,000 ഒഴിവുകളുള്ള തസ്തികയിലേക്ക് സംസ്ഥാനത്ത് നിന്നും മൂന്നൂറിലധികം ഉദ്യോഗാര്‍ഥികളാണ് മുഴുവന്‍ പരീക്ഷയും പാസ്സായി നില്‍ക്കുന്നത്. 2013ഫെബ്രുവരിയില്‍ എഴുത്ത് പരീക്ഷയും മെയില്‍ ശാരീരികക്ഷമത പരിശോധനയും പൂര്‍ത്തിയാക്കി.
മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗാര്‍ഥികളോട് ആഗസ്റ്റ് 27ന് പരിശീലനത്തിന് ചേരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ബംഗളുരുവിലാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷണറുടെ ഓഫീസുള്ളത്.
സംസ്ഥാനത്ത് ഓഫീസ് ഇല്ലാത്തതാണ് അവഗണക്ക് പിന്നിലെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രശ്‌ന പരിഹാരം ഉണ്ടാകാത്ത പക്ഷം സ്റ്റാഫ് സെലക്ഷന്‍ കമ്മീഷണറുടെ നിലപാടിനെതിരെ സമരം തുടങ്ങാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.