Connect with us

National

കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ചൈന രണ്ട് പ്രാവശ്യം അതിര്‍ത്തി ലംഘിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ചൈനീസ് ഹെലികോപ്റ്ററുകള്‍ രണ്ട് തവണ ഇന്ത്യന്‍ പ്രദേശത്തേക്ക് അതിക്രമിച്ചു കടന്നതായി പ്രതിരോധ മന്ത്രാലയം. ഉത്തരാഖണ്ഡിലാണ് ഇങ്ങനെ അതിര്‍ത്തി ലംഘിച്ചതെന്നും രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യന്‍ സൈന്യം ഇതുസംബന്ധിച്ച് ചൈനയെ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ചൈനീസ് ഹെലികോപ്റ്ററുകള്‍ കഴിഞ്ഞ ഏപ്രില്‍ 30നും ജൂണ്‍ 13നും ആണ് ഉത്തരാഖണ്ഡില്‍ വെച്ച് ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് കടന്നത്. അതിര്‍ത്തി സംബന്ധമായി ഇന്ത്യക്കും ചൈനക്കും ഇടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്. അതിര്‍ത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരവധി തവണ ചൈനയുമായി ചര്‍ച്ച ചെയ്തു കഴിഞ്ഞതാണ്. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഫഌഗ് മീറ്റിംഗ്, അതിര്‍ത്തി ചര്‍ച്ചകള്‍, നയതന്ത്ര നീക്കങ്ങള്‍ എല്ലാം മുമ്പ് നടത്തിയിരുന്നതാണെന്നും ജയ്റ്റ്‌ലി രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി.
മെയ് അഞ്ചിനും ജൂണ്‍ 23നും നടന്ന ഫഌഗ് മീറ്റിംഗില്‍ വെച്ച് നിരന്തരമായി അതിര്‍ത്തി ലംഘിക്കുന്ന ചൈനയുടെ നിലപാടിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.