സര്‍ക്കാര്‍ മെഡി. കോളജുകളിലെ 300 സീറ്റുകള്‍ക്ക് അംഗീകാരം

Posted on: July 16, 2014 12:06 am | Last updated: July 16, 2014 at 12:06 am

തിരുവനന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളജിലേതുള്‍പ്പെടെ സംസ്ഥാനത്തെ നാല് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലായി മുന്നൂറ് സീറ്റുകള്‍ക്ക് അംഗീകാരമായി. എന്നാല്‍, കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ നാനൂറ് സീറ്റുകള്‍ ഇത്തവണ നഷ്ടപ്പെടും. മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. സ്വാശ്രയ മേഖലയില്‍ നാല് പുതിയ മെഡിക്കല്‍ കോളജുകള്‍ തുടങ്ങാന്‍ നല്‍കിയ അപേക്ഷയും ഒരു കോളജില്‍ അമ്പത് സീറ്റ് വര്‍ധിപ്പിക്കാന്‍ നല്‍കിയ അപേക്ഷയും തള്ളി. ഇത് സംബന്ധിച്ച മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശിപാര്‍ശ കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ നൂറ് സീറ്റുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സീറ്റുകളുടെ എണ്ണം ഇരുനൂറില്‍ നിന്ന് 250 ആക്കി ഉയര്‍ത്താനുള്ള അപേക്ഷയും അംഗീകരിച്ചു. സര്‍ക്കാര്‍ മേഖലയില്‍ പുതുതായി തുടങ്ങുന്ന ഇടുക്കി മെഡിക്കല്‍ കോളജില്‍ അമ്പത് സീറ്റിനും പട്ടിക ജാതി വകുപ്പിന് കീഴില്‍ പാലക്കാട് തുടങ്ങുന്ന മെഡിക്കല്‍ കോളജില്‍ നൂറ് സീറ്റിനുമാണ് അംഗീകാരം ലഭിച്ചത്.
മലപ്പുറം ശ്രീവത്സം ഇന്‍സ്റ്റിറ്റിയൂട്ട് മെഡിക്കല്‍ സയന്‍സ്, റോയല്‍ മെഡിക്കല്‍ കോളജ് പാലക്കാട്, എസ് ആര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തിരുവനന്തപുരം, സതേണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വെള്ളറട തുടങ്ങിയവര്‍ പുതുതായി കോളജ് തുടങ്ങാന്‍ നല്‍കിയ അപേക്ഷയും തള്ളി. സീറ്റ് 150 ആയി ഉയര്‍ത്തുന്നതിന് ഡോ. സാമുവറല്‍ മെമ്മോറിയല്‍ സി എസ് ഐ മെഡിക്കല്‍ കോളജ് നല്‍കിയ അപേക്ഷ പരിഗണിച്ചില്ല.
രാജ്യമൊട്ടാകെ 45 മെഡിക്കല്‍ കോളജുകളിലെ 3,820 സീറ്റുകളാണ് ഒഴിവാക്കിയത്. 8,500ല്‍ അധികം സീറ്റുകള്‍ ഒഴിവാക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഈ കോളജുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് വിശദീകരണം നല്‍കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ അവസരം നല്‍കി. ഈ വിശദീകരണം കൂടി കണക്കിലെടുത്ത് നേരത്തെ വെട്ടിക്കുറക്കാന്‍ തീരുമാനിച്ച 4,747 സീറ്റുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഇരുനൂറ് സീറ്റുകളും പുനഃസ്ഥാപിച്ചവയില്‍ ഉള്‍പ്പെടും.