ലോകസൗഹൃദ വേദിയായി ‘ഗാമോണ്‍ ഗ്രൂപ്പ്’ ഇഫ്താര്‍

Posted on: July 15, 2014 11:50 pm | Last updated: July 15, 2014 at 11:50 pm
from markaz- saudi ifthar kanthapuram
ഗാമോണ്‍ ഗ്രൂപ്പ് ഇഫ്താര്‍ സംഗമത്തില്‍ സഊദി പ്രിന്‍സ് സഊദ് ബിന്‍ മുസീദ്,
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖ് മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍

ജിദ്ദ: സഊദി പ്രിന്‍സ് സഊദ് ബിന്‍ മുസീദ് ബിന്‍ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഗാമോണ്‍ ഗ്രൂപ്പ് ഇഫ്താര്‍ വിരുന്ന് ലോകരാഷ്ട്രങ്ങളുടെ സൗഹൃദസംഗമമായി. ഇന്ത്യ. ആഫ്രിക്ക, തുടങ്ങി ഇരുപതിലേറെ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്നില്‍ കേരളത്തില്‍ നിന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുമായിരുന്നു വിശിഷ്ടാതിഥികള്‍. ഇസ്‌ലാം വിഭാവനം ചെയ്യുന്ന സമാധാനവും ശാന്തിയും ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകുന്നത് സഊദി അറേബ്യയില്‍ നിന്നാണെന്നും ഇന്ത്യയും അറബ് രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും കാന്തപുരം പറഞ്ഞു. ഗ്രൂപ്പ് ചെയര്‍മാന്‍ ശൈഖ് റഫീഖ് മുഹമ്മദ് അതിഥികളെ സ്വീകരിച്ചു.
വരുംവര്‍ഷങ്ങളില്‍ ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഹൃദ്യമാക്കുമെന്നും ഇന്ത്യയിലെ പ്രമുഖകമ്പനികള്‍ സഊദിയില്‍ നിക്ഷേപമിറക്കാന്‍ മുന്നോട്ടു വന്നിരിക്കുകയാണെന്നും പ്രിന്‍സ് സൗദ് ബിന്‍ മുസീദ് ബിന്‍ അബ്ദുല്‍ അസീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 35.000 സഊദിസ്വദേശികള്‍ വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളിലായി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി ഗ്രൂപ്പ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് റഫീഖ് അനുസ്മരിച്ചു. സഊദിയിലെ ഏറ്റവും വലിയ വികസന ഗ്രൂപ്പാണ് ഗാമോണ്‍. ജസാന്‍ വ്യാവസായിക മേഖല കേന്ദ്രീകരിച്ച് നടത്തുന്ന വന്‍വികസപദ്ധതികള്‍ക്കാണ് ഗാമോണ്‍ തുടക്കം കുറിച്ചിരിക്കുന്നത്. കാനഡ, ആസ്‌ത്രേലിയ, മലേഷ്യ, ഇന്ത്യ, ചൈന തുടങ്ങി ഇരുപതിലേരെ രാജ്യങ്ങളിലെ വന്‍കിട കമ്പനികളെ ഉള്‍പ്പെടുത്തിയുള്ള വികസനങ്ങളാണ് ഗാമോണ്‍ ലക്ഷ്യമിടുന്നത്. റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക പ്രതിനിധി ഇബ്‌റാഹിം ഇദ്‌രീസ്, ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രതിനിധി മുഹമ്മദ് ഷൗക്കത്ത്, സഊദി ഗസറ്റ് അംഗം ഖാലിദ് അല്‍ മഈന, ഗ്രൂപ്പ് സി ഇ ഒ ഡോക്ടര്‍ ഫൈസല്‍ ആബിദീന്‍, നെസ്റ്റ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ജഹാംഗിര്‍, ബാവഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍കരീം, ഖുഷി ഗ്രൂപ്പ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ശരീഫ് സംബന്ധിച്ചു.