Connect with us

Gulf

ശൈഖ് സായിദ് റോഡിലെ ദിശമാറ്റ പ്രവൃത്തികള്‍ 26ന് ആരംഭിക്കും

Published

|

Last Updated

ദുബൈ: ശൈഖ് സായിദ് റോഡിലെ ദിശമാറ്റ പ്രവൃത്തികള്‍ 26ന് ആരംഭിക്കുമെന്ന് ആര്‍ ടി എ വ്യക്തമാക്കി. ദുബൈ കനാല്‍ പദ്ധതിയുടെ ഭാഗമായാണ് റോഡിന്റെ ദിശ മാറ്റം. ഒക്ടോബര്‍ അവസാനത്തോടെ ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ആര്‍ ടി എ പദ്ധതിയിടുന്നത്. ബിസിനസ് ബേ മെട്രോ സ്‌റ്റേഷന്‍ മുതല്‍ ഇന്റര്‍ചെയ്ഞ്ച് രണ്ട് വരെയുള്ള മേഖലയിലാണ് റോഡ് തിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് നിര്‍മാണ പ്രവര്‍ത്തനം 26ന് ആരംഭിക്കുന്നത്. റോഡ് ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് ജോലികള്‍ പൂര്‍ത്തീകരിക്കുക. പ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ ട്രാക്കുകളുടെ എണ്ണം പഴയ പടി തുടരുമെന്നും ആര്‍ ടി എ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിരക്കുപിടിച്ച ഹൈവേയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സുഗമമായ ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാക്കുമോയെന്നും ഭാവിയില്‍ ട്രാക്കുകളുടെ എണ്ണത്തില്‍ ഈ ഭാഗത്ത് കുറവുണ്ടാവുമോയെന്നുമെല്ലാം പൊതുജനങ്ങളില്‍ നിന്ന് ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് ആര്‍ ടി എ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബിസിനസ് ബേയോട് ചേര്‍ന്നുള്ള ദുബൈ ക്രീക്കിനെ ജുമൈറയിലെ അറബിക്കടലിനോട് കനാല്‍ കീറി ബന്ധിപ്പിക്കാനാണ് 200 കോടി ദിര്‍ഹത്തിന്റ ദുബൈ കനാല്‍ പദ്ധതി ലക്ഷ്യമിടുന്നത്. ശൈഖ് സായിദ് റോഡിന് അടിയിലൂടെയാണ് കനാല്‍ കീറുക.
റോഡ് ദിശമാറ്റത്തിന്റെ ആദ്യ ഘട്ടം ശൈഖ് സായിദ് റോഡില്‍ ദുബൈയില്‍ നിന്നും അബുദാബിക്കുള്ള ദിശയില്‍ സഫ പാര്‍ക്ക് മേഖലയിലാവും നടത്തുകയെന്ന് ആര്‍ ടി എ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി ആക്ടിംഗ് സി ഇ ഒ നബീല്‍ മുഹമ്മദ് സാലിഹ് വ്യക്തമാക്കി. ഈ മാസം 26നാവും പ്രവര്‍ത്തികള്‍ ആരംഭിക്കുക. ഒക്ടോബറോടെ പൂര്‍ത്തിയാക്കും. ഒരു കിലോമീറ്റര്‍ നീളത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യാതൊരു വിധത്തിലും നിലവിലെ ഗതാഗതത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ശൈഖ് സായിദ് റോഡില്‍ ദുബൈ ദിശയില്‍ നിര്‍മിക്കുന്ന നോര്‍ത്തേണ്‍ ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അധികം വൈകാതെ ആരംഭിക്കും. വിവിധ ഘട്ടങ്ങളായി തിരിച്ചുള്ള ദുബൈ കാനാല്‍ പദ്ധതി 2016 സെപ്തംബറോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് ആര്‍ ടി എ പ്രതീക്ഷിക്കുന്നത്.
മൂന്നു കിലോമീറ്റര്‍ നീളത്തില്‍ പണിയുന്ന ദുബൈ കനാല്‍ ശൈഖ് സായിദ് റോഡ്, സഫ പാര്‍ക്കിന്റെ ഒരു ഭാഗം, അല്‍ വാസല്‍ റോഡ്, ജുമൈറ ബീച്ച് റോഡ് എന്നിവക്ക് സമീപത്തുകൂടിയാണ് അറബിക്കടലിലേക്ക് എത്തുക. ഇതോടെ ബര്‍ദുബൈ മേഖല ഒരു ദ്വീപായി മാറും.
2013 ഒക്ടോബറില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയുടെ ഭാഗമായി ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, നടപ്പാതകള്‍, ട്രാഫിക് ബ്രിഡ്ജുകള്‍, ജല ഗതാഗതത്തിനുള്ള സൗകര്യങ്ങള്‍, വിശ്രമ ഇടങ്ങള്‍ എന്നിവയും സജ്ജമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

Latest