Connect with us

Ongoing News

ബദ്‌റിന്റെ സന്ദേശം

Published

|

Last Updated

മദീനയുടെ വിളിപ്പാടകലെ ബദ്‌റില്‍ തമ്പടിച്ച ശത്രുക്കള്‍ക്കെതിരെ, ഹിജ്‌റ: രണ്ടാം വര്‍ഷം ആ ധര്‍മ സമരം നടന്നു. ആയുധ വിഭൂഷിതരായ ആയിരത്തില്‍പരം ശത്രുക്കളും 315 കവിയാത്ത, ആദ്യമായി നോമ്പനുഷ്ടിച്ച് ക്ഷീണിതരായ സ്വഹാബാക്കളും റമസാന്‍ 17ന് ബദ്‌റില്‍ ഏറ്റുമുട്ടുന്നു.
ഇന്നത്തെ ദിവസം നീ ഞങ്ങളെ സഹായിച്ചിട്ടില്ലെങ്കില്‍ ഭൂമിയില്‍ നിന്നെ ആരാധിക്കുവാന്‍ ഒരാളും ഇല്ലാത്ത അവസ്ഥവരും. അതുകൊണ്ട് നീ ഞങ്ങളെ സഹായിക്കണം എന്ന തിരുനബിയുടെ പ്രാര്‍ഥനക്കുള്ള മറുപടിയാണ് ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു.
“നബിയെ, തങ്ങളും അനുയായികളും, അല്ലാഹുവിനോട് സഹായം തേടിയപ്പോള്‍, ആയിരം മലക്കുകളെ കൊണ്ട് നിങ്ങളെ, സഹായിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് മറുപടി നല്‍കി. നിങ്ങളെ സന്തോഷിപ്പിക്കുവാനും നിങ്ങളുടെ മനസുകള്‍ക്ക് സമാധാനം ലഭിക്കുവാനുമാണ് അല്ലാഹു ഇങ്ങനെ ചെയ്തത്. സഹായം അല്ലാഹുവിന്റെത് മാത്രമാണ്.” (അന്‍ഫാല്‍-9) ബഹുമാന നേതാവേ തങ്ങള്‍ എന്താണോ ഞങ്ങളോടു കല്‍പിക്കുന്നത് അതു അപ്പാടെ ശിരസ്സാവഹിക്കാന്‍ സന്നദ്ധരാണ് ഞങ്ങളെന്നറിയിച്ച സ്വഹാബാക്കളെ നോക്കി പ്രവചനം വന്നു. ശത്രുക്കളുടെ കൂട്ടം വിരണ്ട് പിന്തിരിഞ്ഞ് ഓടുക തന്നെ ചെയ്യും. (ഖമര്‍ 45).
തിരുനബി (സ) അനുചരന്‍മാര്‍ക്ക് ആവേശം പകര്‍ന്നു പറഞ്ഞു. ഇതാ ഇവിടെ അബൂജഹ്‌ല് വീഴും, ഇതാ ഇവിടെ ഉത്ബത്ത് വീഴും, ഇതാ ഇവിടെ ശൈബത്ത് വീഴും (ഹദീസ്). നാളെ പുലരാന്‍ പോകുന്ന സത്യങ്ങളായിരുന്നു അത്. സ്വഹാബിമാരില്‍ ശ്രേഷ്ടതയുള്ളത് ബദ്‌റില്‍ പങ്കെടുത്തവര്‍ക്ക് എന്നപോലെ മലക്കുകളില്‍ പുണ്യം കൂടുതല്‍ ബദ്‌റില്‍ ഇറങ്ങിയവര്‍ക്കാണ്.
“നിങ്ങള്‍ എണ്ണത്തില്‍ കുറഞ്ഞവരായിരിക്കെ, ബദ്‌റില്‍ അല്ലാഹു നിങ്ങളെ സഹായിച്ചു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ച്, നന്ദിയുള്ളവരാകുക”. (ആലു ഇംറാന്‍-123). ഈ ആശയം ഉള്‍ക്കൊള്ളുന്ന ആയത്ത് വലിയ ഫലകത്തില്‍ കൊത്തിവെച്ചത് ഇന്നും ബദ്‌റില്‍ ദര്‍ശിക്കാം.
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവരെ, മരിച്ചവരാണെന്ന് നിങ്ങള്‍ ഭാവിക്കുകപോലും ചെയ്യരുത് അവര്‍ അല്ലാഹുവിങ്കല്‍ ജീവിച്ചിരിക്കുന്നവരും ഭക്ഷണം നല്‍കപ്പെടുന്നവരുമാണ്. (ആലു ഇംറാന്‍ 169-171).
.1433 കൊല്ലങ്ങള്‍ പിന്നിട്ടിട്ടും ആ ചരിത്ര പുരുഷന്‍മാരാണ് ഇന്നും പരിശുദ്ധ മതത്തിന്റെ ധ്വജ വാഹകര്‍ക്ക് ആവേശം പകരുന്നത് എന്നതാണ് സത്യം.