ഇസ്‌റാഈല്‍ നരഹത്യക്കെതിരെ ഇടപെടേണ്ട സമയം അതിക്രമിച്ചു: എസ് വൈ എസ

Posted on: July 15, 2014 12:52 am | Last updated: July 15, 2014 at 12:52 am

കോഴിക്കോട്: ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൊടും നരഹത്യക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി ഇടപെടേണ്ട സമയം അതിക്രമിച്ചുവെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. കുഞ്ഞുങ്ങളെയും അംഗവൈകല്യമുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയെയും തിരഞ്ഞുപിടിച്ചു നടത്തുന്ന നരമേധത്തിനെതിരെ അന്താരാഷ്ട്ര സമൂഹം കാണിക്കുന്ന നിസ്സംഗത ലജ്ജാകരമാണ്. അമ്പതിലധികം കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഗാസയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
മനുഷ്യ മനഃസാക്ഷിയെ പിടിച്ചുലച്ച ഈ പൈശാചിക വംശഹത്യ തുടരുമ്പോഴും ഐക്യരാഷ്ട്രസഭയടക്കം പത്രക്കുറിപ്പുകളെഴുതി സമയം കളയുകയാണ്. ഗാസയിലെ നാല് ലക്ഷത്തിലധികം സിവിലിയന്മാര്‍ ഭക്ഷണം കിട്ടാതെ നിലവിളിക്കുമ്പോള്‍ അവര്‍ക്ക് ഒരിറ്റു വെള്ളം നല്‍കാന്‍ പോലും ഐക്യരാഷ്ട്ര സഭക്ക് സംവിധാനമില്ലാത്തത് അത്ഭുതപ്പെടുത്തുന്നുണ്ട്.
ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങള്‍ ഈ കൊടും ക്രൂരതക്കെതിരെ ശക്തമായി നിലപാടെടുക്കണം. ഗാസയിലെ പീഡിതര്‍ക്ക് വേണ്ടി ശബ്ദിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ലോകരാജ്യങ്ങളുടെ മേല്‍ ശക്തമായ സമ്മര്‍ദം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.്