വൈദ്യുതി പ്രതിസന്ധി: സ്വാഗതം ചെയ്യാം, പുതു മാതൃകകളെക്കൂടി

Posted on: July 15, 2014 6:00 am | Last updated: July 14, 2014 at 9:16 pm

electricity‘വൈദ്യുതി കണ്ടുപിടിക്കപ്പെട്ടപ്പോള്‍ എന്ത് സംഭവിച്ചു കാണും?’
‘കണ്ടുപിടിക്കപ്പെട്ട നിമിഷം മുതല്‍ക്കേ അത് ആളുകള്‍ക്ക് ഷോക്ക് നല്‍കിക്കൊണ്ടേയിരിക്കുന്നു.’
(ഫ്രഞ്ച് തമാശ)
ഈ പെരുമഴക്കാലത്തും വൈദ്യുത പ്രതിസന്ധിയില്‍ വിയര്‍ക്കുകയാണ് കേരളം. സൗരോര്‍ജം, കാറ്റില്‍ നിന്ന് ഊര്‍ജം, കടല്‍ത്തിരമാലയില്‍ നിന്ന് ഊര്‍ജം എന്നിങ്ങനെ കുറേക്കാലമായി പറഞ്ഞു പതപ്പിച്ച പല ആശയങ്ങളും ഇന്ന് മറവിരോഗത്തിന്റെ പിടിയിലാണ്. സംസ്ഥാന ജലവൈദ്യുത പദ്ധതികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാറിന്റെ അനുമതിക്ക് പശ്ചിമഘട്ട സംരക്ഷണ പ്ലാനോടെ തിരശ്ശീല വീഴാനാണ് സാധ്യത. അതിരപ്പിള്ളി ജലവൈദ്യുത നിലയം, ചീമേനി തെര്‍മല്‍ പവര്‍ പ്ലാന്റ് എന്നിവയുടേയും പോക്ക് ശുഭസൂചനയല്ല നല്‍കുന്നത്. അതേ സമയം തമിഴ്‌നാടാകട്ടെ കൂടംകുളം പദ്ധതി കൊണ്ട് അവരുടെ വൈദ്യുത പ്രതിസന്ധി മറി കടക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളം വൈദ്യുതി ഉത്പാദന–വിതരണ മേഖലകളില്‍ പുതുവിപണിയിലെ ആശയങ്ങളും സാങ്കേതിക വിദ്യകളും തേടേണ്ടത് അനിവാര്യമാണ്.
കാലാവസ്ഥാ വ്യതിയാനത്താല്‍ നിരന്തരം മലയാളികളെ പറ്റിക്കുന്ന മണ്‍സൂണ്‍, സംഭരണികളിലെ ജലലഭ്യതക്കുറവ്, സാങ്കേതിക തകരാറുകള്‍, പ്രസരണനഷ്ടം, സെന്‍ട്രല്‍ പൂളില്‍ നിന്ന് അടിക്കടി വെട്ടി കുറക്കുന്ന ക്വാട്ട, വൈദ്യുതി മോഷണം എന്നു വേണ്ട രാത്രിയിലെ ലോക കപ്പ് കളി വരെ ലോഡ് ഷെഡ്ഡിംഗിനുള്ള കാരണങ്ങളാണ്. കേരളത്തിലെ ജലസംഭരണികളിലൊന്നിലും വെള്ളം തികഞ്ഞ് ഒരിക്കലും കാണാറില്ല. ഉള്ളതൊക്കെ കേരളത്തിലാണോ തമിഴ്‌നാട്ടിലാണോയെന്ന തര്‍ക്കം വേറെയും. താല്‍ച്ചറും രാമഗുണ്ടവും കായംകുളവും പണി മുടക്കിയാല്‍ അപ്പോള്‍ ബള്‍ബ് ഫ്യൂസാകും. ഇടക്ക് കായംകുളത്ത് ഉപ്പുവെള്ളം കയറിയപ്പോള്‍ മലയാളിയുടെ കണ്ണിലാണ് ഇരുട്ടുകയറിയത്. ശബരിഗിരി പദ്ധതി തുടങ്ങിയ കാലം മുതല്‍ക്കേ അറ്റകുറ്റപ്പണിയിലാണ്. പന്നിയാറും മൂഴിയാറും അപകട പട്ടികയിലാണുതാനും. പൂര്‍ത്തിയാക്കുമ്പോള്‍ ആയിരം കോടികള്‍ ചെലവ് വരുന്ന ജലവൈദ്യുത നിലയങ്ങളേക്കാള്‍ എന്താണ് മറ്റു പോംവഴികള്‍ എന്ന ചോദ്യമിവിടെ ഉയരുന്നുണ്ട്.
സാധാരണ ബള്‍ബ് മാറ്റി സി എഫ് എല്‍ ബള്‍ബ് കൊണ്ടു വന്നും സന്ധ്യാ നേരങ്ങളില്‍ അമിത ഉപയോഗം അരുതേയരുതേയെന്ന് സിനിമാ താരങ്ങളെ കൊണ്ട് അപേക്ഷിപ്പിച്ചിട്ടും ലോഡ്‌ഷെഡ്ഡിംഗിനുള്ള സാധ്യതകള്‍ അനിവാര്യമാണെന്ന വാര്‍ത്തകള്‍ തുടരെ വരികയും അവ ഒരു അഭിപ്രായവും ചോദിക്കാതെ തന്നെ നടപ്പിലാക്കുകയും ലക്ഷോപലക്ഷം ഇരുട്ടത്തിരുന്ന് വിയര്‍ക്കുകയും അരിശപ്പെടുകയും ചെയ്യുന്നത് ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്നുണ്ട്.
ശാസ്ത്രീയമായ, സംസ്‌കരിക്കപ്പെടാത്ത ഒരു സി എഫ് എല്‍ ബള്‍ബില്‍ നിന്ന് അഞ്ച് മില്ലി ഗ്രാം മെര്‍ക്കുറി മാലിന്യം പുറംതള്ളപ്പെടുന്നു. അപ്പോള്‍ കേരളമൊട്ടുക്കും വിതരണം ചെയ്ത രണ്ട് കോടി ബള്‍ബുകളുടെ നാളത്തെ അവസ്ഥയോ? മെര്‍ക്കുറി മലിനീകരണം മീനാമാതാ രോഗം സൃഷ്ടിക്കുമെന്നാണ് കണ്ടെത്തല്‍. അത് മാത്രമല്ല വോള്‍ട്ടേജില്ലാതെ മിന്നിക്കെടുന്ന ട്യൂബ് ലൈറ്റ് കാണുമ്പോള്‍ അരിശം മൂത്ത് സെക്ഷന്‍ ഓഫീസുകളിലേക്ക് വരുന്ന ചീത്തവിളികള്‍ക്ക് കൈയും കണക്കുമില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഉപയോഗത്തിനനുസരിച്ചുള്ള ലഭ്യത ഉറപ്പ് വരുത്താത്തതിനാല്‍ അവരും നിസ്സഹായരാണ്. ‘വൈദ്യുതി ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് വല്ല ജനറേറ്ററോ ഇന്‍വെര്‍ട്ടറോ ഉപയോഗിച്ചൂടേ’ എന്ന് ചോദിക്കുന്നത്; റൊട്ടിയില്ലാതെ വലഞ്ഞ ജനത്തെ കണ്ടിട്ട് ‘ഇവര്‍ക്ക് കേക്ക് കഴിച്ചൂടേ’ എന്ന് ചോദിച്ച ആന്റോണിറ്റാ രാജ്ഞിയെ ഓര്‍മിപ്പിക്കും.
കമ്പനിയായിട്ടും വൈദ്യുതി ഉത്പാദനവിതരണ മേഖലയില്‍ ഇപ്പോഴും എതിരാളികളോ മറ്റു സ്വകാര്യ കമ്പനികളില്‍ നിന്നുള്ള ആരോഗ്യകരമായ മത്സരമോ കേരളത്തിലെ ബോര്‍ഡ് വലിയ തോതില്‍ നേരിടുന്നില്ല. ബോര്‍ഡ് എന്ത് പറയുന്നോ അത് ജനവും കുറച്ചൊക്കെ കണ്ണുരുട്ടുമെങ്കിലും സര്‍ക്കാറും അംഗീകരിക്കുമെങ്കിലും റെഗുലേറ്ററി കമ്മീഷന്‍ എപ്പോഴും ഒരു തിരുത്തല്‍ ശക്തിയായി മാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. വിദേശ രാജ്യങ്ങള്‍ വിവിധ മോഡലുകളെ ആശ്രയിച്ചാണ് വൈദ്യുതിയുടെ ഭാവി കാലം വിലയിരുത്തുക. എന്തിനേറെ 2003ലെ വൈദ്യുതി നിയമം പോലും യു എസ് ഘടനയുടെ പകര്‍പ്പാണ്. കേരളത്തിന് പകര്‍ത്താന്‍ കഴിയുന്ന ഏതാനും മോഡലുകളാണ് ചുവടെ.
1. ഉത്പാദന മോഡല്‍
കേരളത്തിലെ വൈദ്യുതി ആവശ്യകത എല്ലാ വര്‍ഷവും 10 ശതമാനം വീതം കൂടിക്കൊണ്ടിരിക്കുന്നു എന്നാണ് കണ്ടെത്തല്‍. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് വാര്‍ഷിക ഉത്പാദനം നടക്കുന്നത് കേരളത്തിലാണത്രേ. പൊതു മേഖലക്ക് അതിന്റെ ശക്തി തെളിയിക്കാന്‍ അവസരം നല്‍കുകയാണ് ഈ മോഡലില്‍ ചെയ്യേണ്ടത്. എന്നാല്‍ അത് മറ്റൊരു അവാന്തര വിഭാഗമായി മാറിനില്‍ക്കരുത്. 2011ല്‍ കേരളം തുടങ്ങിയ രണ്ട് ഉത്പാദന കമ്പനികളും സ്വകാര്യ മേഖലയിലായിരുന്നു. എന്നാല്‍ ഉത്പാദനത്തില്‍ സംസ്ഥാനത്തിന്റെ പങ്ക് ഒന്നാം സ്ഥാനത്തും കേന്ദ്രം രണ്ടാം സ്ഥാനത്തുമാണെങ്കില്‍ വെറും 10 ശതമാനം പോലുമില്ല സ്വകാര്യ ഉത്പാദന കമ്പനികളുടെ സംഭാവന. അയല്‍ സംസ്ഥാനങ്ങളില്‍ സ്വകാര്യ മേഖലക്കാണ് മുന്‍തൂക്കം. താപനിലയങ്ങളിലെ ഉത്പാദനം ചെലവേറിയതായതിനാല്‍ സ്വകാര്യ മേഖലയെ കൂടുതല്‍ പങ്കെടുപ്പിച്ചു കൊണ്ടുള്ള മോഡലിന്റെ സാധ്യത കേരളമാരായേണ്ടതുണ്ട്. ജലവൈദ്യുത നിലയങ്ങള്‍ പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്ന വാദം ഉയരുന്നതിനാല്‍ അവയെ ഒഴിവാക്കിയുള്ള മോഡലാണ് നയങ്ങളില്‍ ഇടം പിടിക്കേണ്ടത്.
2. വിതരണ മോഡല്‍
2011ല്‍ വിതരണ മേഖലയിലാണ് ആദ്യത്തെ സ്വകാര്യകമ്പനി കേരളം ആരംഭിച്ചത്. പരമ്പരാഗത ഊര്‍ജ കേന്ദ്രങ്ങളെ ഒഴിവാക്കേണ്ട ആവശ്യമില്ല ഇത്തരമൊരു മോഡലില്‍. നിലവിലുള്ള ചെറു ജലവൈദ്യുത നിലയങ്ങള്‍, കാറ്റാടി ഉത്പാദന യൂനിറ്റുകള്‍, സൗരോര്‍ജം, തിരമാല ഊര്‍ജം എന്നിവയെ ബന്ധിപ്പിച്ച് ഒരൊറ്റ ഗ്രിഡാക്കി ഗ്രാമീണ മേഖലകളിലെ വിതരണത്തിനായി ഉപയോഗിക്കാം. അപ്പോള്‍ ദിവസം 10 കോടി രൂപ നഷ്ടം സഹിച്ച് കായംകുളത്ത് നിന്ന് എന്തിനാണ് വൈദ്യുതി എടുക്കുന്നത് എന്ന ചോദ്യമുയരുക സ്വാഭാവികം. ദ്രവീകൃത വാതകം ഉപയോഗിച്ചുള്ള ഉത്പാദനവും വിതരണവും പല രാജ്യങ്ങളും വിജയകരമായി ഈ മോഡലില്‍ നടത്തുന്നുണ്ട്.
3. നിക്ഷേപ മോഡല്‍
ന്യുക്ലിയര്‍ ഊര്‍ജ പദ്ധതികളോട് പൊതുവേ വിമുഖത കാട്ടുന്നവരാണ് വിദ്യാ സമ്പന്നരായ കേരളീയര്‍. റിസ്‌ക് (അങ്ങനെയൊന്നുണ്ടെങ്കില്‍ ) മറ്റൊരാള്‍ക്കും; അതേ സമയം അതില്‍ നിന്നുള്ള ഗുണം കിട്ടത്തക്ക വിധം നിക്ഷേപം നടത്താം. നിക്ഷേപം പണമായോ സാങ്കേതികവിദ്യയായോ മുന്നോട്ടു വെക്കാന്‍ നമുക്കാസണം. കൂടങ്കുളത്ത് നിന്ന് കിട്ടുന്ന 266.6 മെഗാവാട്ട് തന്നെ ഉദാഹരണം. രണ്ടായിരം മേഗാവാട്ട് ഉത്പാദനത്തില്‍ നിന്നുള്ള പങ്കാണിത്. താപ വൈദ്യുതി മേഖലയിലെ നിക്ഷേപത്തോടൊപ്പം കേരളത്തിനു പുറത്തുള്ള ന്യുക്ലിയര്‍ ഊര്‍ജ പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ കഴിയും വിധം കേരള സ്‌റ്റേറ്റ് പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പറേഷനെ മാറ്റണം. സ്വകാര്യ കമ്പനികളില്‍ നിന്നും വലിയ തുക കൊടുത്തു വൈദ്യുതി വാങ്ങുന്നതിനേക്കാള്‍ അവയുടെ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതും സാങ്കേതിക വിദ്യയില്‍ സഹായം തേടുന്നതും സാധ്യതകള്‍ വര്‍ധിപ്പിക്കും.
4. സാങ്കേതികവിദ്യാ മോഡല്‍
2007ല്‍ 6.5 ശതമാനമായിരുന്നു അമേരിക്കയുടെ പ്രസരണനഷ്ടം. മുമ്പ് കേരളത്തിലിത് 19 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് അല്‍പ്പമേ കുറഞ്ഞിട്ടുള്ളൂ. ഇത് കുറക്കുന്ന സാങ്കേതികവിദ്യ വിപണിയിലുള്ളപ്പോള്‍ ആര്‍ക്കാണ് അത് സ്വീകരിക്കാന്‍ പേടി? വൈദ്യുതി രംഗത്തെ എന്‍ ജി ഒകളെ സാങ്കേതികവിദ്യയുടെ നടപ്പാക്കലില്‍ ഉള്‍പ്പെടുത്തി ബെല്‍ജിയം ഒരു മോഡല്‍ ഉണ്ടാക്കിയപ്പോള്‍ പ്രൊഫഷനലുകള്‍ ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പിലൂടെയാണ് അമേരിക്ക ഇതിന് പരിഹാരം കണ്ടത്. സാങ്കേതികവിദ്യയിലെ പുതുമയാണ് മറ്റൊന്ന്. വൈദ്യുതി മേഖലയില്‍ മികച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപം നടത്താനുള്ള ശേഷിയുള്ളവര്‍ വന്നാല്‍ ഈ രംഗം നഷ്ടത്തില്‍ നിന്നും കര കയറും. പരമ്പരാഗത ഊര്‍ജസ്രോതസ്സുകള്‍ കൂടുതലാണെങ്കിലും അവയെ സാങ്കേതിക വിദ്യ ഉപയോഗിച്ചു ഊര്‍ജമാക്കി മാറ്റുന്നതില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും പിറകിലാണ് കേരളം.
5. മാര്‍ക്കറ്റിംഗ് മോഡല്‍
സബ്‌സിഡികളിലൂടെ താഴേത്തട്ടിലേക്ക് വിതരണം നടത്തുന്ന വൈദ്യുതി മോഡലില്‍ പൊളിച്ചെഴുത്ത് നടത്തേണ്ടതുണ്ട്. 2001ല്‍ വെറും 70 ശതമാനമായിരുന്ന വൈദ്യുതീകരണം പത്ത് വര്‍ഷം കൊണ്ട് 94 ശതമാനമായി. എന്നാല്‍ കൃഷി, വ്യവസായം എന്നീ മേഖലകളില്‍ വൈദ്യുതി ഉപഭോഗം താഴേക്ക് പോയി. ഈ മേഖലകളില്‍ ഒരു മാര്‍ക്കറ്റിംഗ് ആവശ്യമാണ്, അത് മാത്രമല്ല അധിക വൈദ്യുതി മറ്റുള്ളവര്‍ക്ക് മികച്ച നിരക്കില്‍ വില്‍ക്കാന്‍ കഴിയുന്ന ഒരു സംവിധാനം രൂപപ്പെടണം. നമ്മുടെ മികച്ച വൈദ്യുതി നിക്ഷേപ സാധ്യതകള്‍ തുറന്നു കാട്ടി വിദേശകമ്പനികളെ ആകര്‍ഷിക്കാന്‍ ഈ മാര്‍ക്കറ്റിംഗ് മോഡലിന് കഴിയണം.
6. നിയന്ത്രണ സുരക്ഷാ മോഡല്‍
സര്‍ക്കാര്‍ നിയന്ത്രണസ്ഥാനത്ത് നില്‍ക്കുകയും വൈദ്യുതി മറ്റുള്ളവരില്‍ നിന്ന് വാങ്ങി വിതരണം നടത്തുകയും ചെയ്യുന്ന മോഡലാണ് എന്നും ജനകീയം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സര്‍ക്കാറിന്റെ ഈ പ്രാധാന്യം അംഗീകരിച്ചു പോരുന്നവയാണ്.
സുരക്ഷയാണ് മറ്റൊരു ജീവല്‍പ്രധാനമായ വിഷയം. ഷോക്കടിച്ചതിനെ തുടര്‍ന്ന് ജീവഹാനിയുണ്ടാകുന്ന ജീവനക്കാരും അശ്രദ്ധ മൂലമുള്ള വൈദ്യുതി അപകടങ്ങളും നിത്യകാഴ്ചയാണ് കേരളത്തില്‍. പൊട്ടി വീഴുന്ന ലൈന്‍ കമ്പി മുതല്‍ പെന്‍സ്‌റ്റോക്ക് ദുരന്തം വരെ ഇതിന്റെ ബാക്കിപത്രങ്ങളാണ്. ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്ന വിഭാഗത്തിന്റെ പ്രാധാന്യം കൂടി വരികയാണ്. മികച്ച ഉപകരണങ്ങള്‍, മികച്ച സാങ്കേതികത എന്നിവ ഉറപ്പ് വരുത്തുന്ന ഒരു കമ്പനിയുടെയോ നിയന്ത്രണബോഡിയുടെയോ കുറവ് കേരളം നേരിടുന്നുണ്ട്. ആത്യന്തികമായി ഊര്‍ജ സംരക്ഷണത്തോടൊപ്പം ഊര്‍ജ മാനേജ്‌മെന്റില്‍ അധിഷ്ഠിതമായ ഗവേഷണങ്ങളെ കേരളം വലിയ തോതില്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
ഇതൊരു തമാശയായി തോന്നിയേക്കാം. ഈ പട്ടികയില്‍ പറയുന്ന വൈദ്യുതിപദ്ധതികള്‍ കമ്മീഷന്‍ ചെയ്യപ്പെടുന്നത് മൂന്ന് വര്‍ഷം മുതല്‍ 13 വര്‍ഷം വരെ എടുത്തിട്ടാണ്. അത്രയും കാലത്തേക്കുള്ള നയരൂപവത്കരണത്തിന് അടിയന്തര ശ്രദ്ധ ആവശ്യമാണ്. കുറഞ്ഞ കാലയളവില്‍ കൂടുതല്‍ ഉത്പാദനം നടത്തുന്ന, കാലവിളംബം ഒഴിവാക്കുന്ന മോഡലുകളിലാണ് ചൈനയെ പോലെ നാം ശ്രദ്ധിക്കേണ്ടത്.
ഡല്‍ഹി മോഡല്‍ ആവര്‍ത്തിക്കപ്പെടരുത്
എന്നാല്‍ ഡല്‍ഹി മോഡല്‍ സമ്പൂര്‍ണ സ്വകാര്യവത്കരണം അപകടകരമാണെന്ന് അടുത്തിടെ ഡല്‍ഹിയില്‍ പൗരസമൂഹം നടത്തിയ ഇടപെടലുകള്‍ തെളിയിക്കുന്നു. നഷ്ടക്കണക്കുകള്‍ പെരുപ്പിച്ചു കാട്ടി നിരക്കുകള്‍ കുത്തനെ കൂട്ടിയ സ്വകാര്യ കമ്പനികളെ സി എ ജി ഓഡിറ്റിംഗിന് വിധേയമാക്കാന്‍ കോടതി നിര്‍ദേശം വരെ നല്‍കുന്നതില്‍ കാര്യങ്ങള്‍ എത്തി. ഡല്‍ഹി നിവാസികളുടെ മേല്‍ ചുമത്തിയ ഉയര്‍ന്ന നിരക്കും മറ്റു വഴികള്‍ ഇല്ലാതെ ഇത്തരം സ്വകാര്യ കമ്പനികളെ സഹിക്കേണ്ടി വന്നതിനുമെല്ലാം പിന്നീട് അവര്‍ തിരഞ്ഞെടുപ്പില്‍ ഭംഗിയായി പകരം വീട്ടുകയും ചെയ്തു. ഇത്തരമൊരു മോഡല്‍ നടപ്പിലാക്കുമ്പോള്‍ അത് താഴേത്തട്ടിലുള്ള സാധാരണ ഉപഭോക്താക്കളുടെ വയറ്റടിക്കുന്നതാകരുത്. ഉദാഹരണത്തിന് സ്‌പെക്ട്രം രീതിയില്‍ ഉള്ള വിതരണം നടത്തുമ്പോള്‍ നിലവിലുള്ള സൗജന്യങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കണം. അതോടൊപ്പം കാര്‍ഷിക മേഖലയില്‍ നല്‍കി വരുന്ന സബ്‌സിഡി, പിന്നാക്ക മേഖലകളില്‍ ഉള്ളവര്‍ക്കുള്ള സൗജന്യങ്ങള്‍ എന്നിവയൊക്കെ തുടരുന്നുണ്ടെന്ന് നിയന്ത്രണാധികാരത്തോടെ സര്‍ക്കാര്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. ലാഭകേന്ദ്രീകൃതമാകുന്നതിനോടൊപ്പം സമ്പൂര്‍ണ വൈദ്യുതീകരണം ഉറപ്പാക്കാന്‍ കൂടി ഈ മോഡലുകളെ പാകപ്പെടുത്തേണ്ടതുണ്ട്.പരിണത ഫലങ്ങള്‍
സ്വകാര്യമേഖല വിപണിയില്‍ അപ്രമാദിത്വം സൃഷ്ടിക്കുമെന്ന ഭയവും വേണ്ട. സംസ്ഥാന തലത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഒരു ഉന്നതാധികാര സമിതിയെ വെക്കാം.അതുമല്ലെങ്കില്‍ കണ്‍ട്രോള്‍ കമ്മീഷനോ കമ്പനി ഡയറക്ടര്‍ ബോര്‍ഡിനോ മേല്‍നോട്ട നിയന്ത്രണ അധികാരങ്ങള്‍ നല്‍കാം. കേരളത്തില്‍ വൈദ്യുത ബോര്‍ഡ് ഇരുട്ടിലാക്കുന്ന സമയമുണ്ടെങ്കില്‍ വ്യവസായ വളര്‍ച്ച ഇരട്ടിയാകും. തമിഴ്‌നാട് സൗജന്യ വൈദ്യുതിയും ഭൂമിയും കൊടുത്ത് നിക്ഷേപകരെ അവരുടെ മണ്ണിലേക്ക് ആകര്‍ഷിക്കുന്നുണ്ടത്രെ.കണക്ഷന്‍ മാത്രമേ ഫ്രീയായിട്ടുള്ളൂ; വൈദ്യുതിക്ക് ഡീസല്‍ ജനറേറ്ററിനെ ആശ്രയിക്കേണ്ടി വരും എന്നാണൊരു വ്യവസായി സൗജന്യ വൈദ്യുതിയെപ്പറ്റി തമാശയായി പറഞ്ഞത്. കേരളത്തിലാകട്ടെ ഇപ്പോള്‍ വെറും 24 ശതമാനം മാത്രമേ ഊര്‍ജ മേഖല ജി ഡി പിയിലേക്ക് നല്‍കുന്നുള്ളൂ. അതും കൂടാതെ ആളുകള്‍ക്ക് ഉണ്ടാകുന്ന മനഃപ്രയാസം കുറക്കാം.
പുതിയ സ്വകാര്യ കമ്പനികള്‍ വരുമ്പോള്‍ അവയെ നിയന്ത്രിക്കുന്ന നിയമങ്ങളോടെ വേണം അവക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍. അതുമല്ലെങ്കില്‍ പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതി(p p p)കളോ കൂട്ടുത്തരവാദിത്ത പ്രോജെക്ടു(j v)കളോ നടപ്പിലാക്കാം. വൈദ്യുതി നിയമം 2003 അനുസരിച്ച് ഉത്പാദനം, പ്രസരണം, വിതരണം എന്നിവ വ്യതസ്ത തലങ്ങളില്‍ കമ്പനിഘടനയില്‍ നടക്കുന്നതിനാല്‍ ഇതില്‍ മൂന്ന് ഘട്ടങ്ങളിലും സ്വകാര്യ പങ്കാളികളെ കൊണ്ട് വരുന്നത് ഏറെ സൂക്ഷിച്ച് വേണം. അതേസമയം ഉത്പാദന ഘട്ടത്തില്‍ മാത്രം ഇവയെ കൊണ്ടുവരുന്നതില്‍ വിജയിച്ചാല്‍ അത് പ്രയോജനമായിത്തീരും.
കമ്പനിയാക്കപ്പെട്ടെങ്കിലും ഇന്നും വൈദ്യുതി മേഖലയിലെ യൂനിയനുകള്‍ക്ക് വലിയ ഒരു റോള്‍ ഇത്തരം യാഥാര്‍ഥ്യങ്ങളിലുണ്ട്; അവരത് മനസ്സിലാക്കുന്നവരാണുതാനും. ജീവനക്കാരെ വിശ്വാസത്തിലെടുക്കാന്‍ അവയുടെ സഹകരണം കൂടിയേ തീരൂ. അതു മാത്രമല്ല പൊതുമേഖലയില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള ഇവര്‍ക്കിടയിലാണ് സംസ്ഥാനത്തെ മികച്ച ടെക്‌നിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരുള്ളത്. ഇവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തുന്ന ഒരു മോഡലാണ് ആവശ്യം. അതുകൊണ്ടു തന്നെ വൈദ്യുതി ബോര്‍ഡിലെ യൂനിയനുകളുടെയും മാനേജ്‌മെന്റിന്റെയും നിര്‍ദേശങ്ങള്‍ സ്വീകരിച്ചു പുതിയ മാതൃകകള്‍ വൈദ്യുതി ഉത്പാദന–വിതരണ മേഖലയില്‍ നാം സ്വീകരിക്കേണ്ടതുണ്ട്. എന്നുമെന്നും ലോഡ് ഷെഡ്ഡിംഗ് കഥ പറഞ്ഞ് കഴിഞ്ഞ തലമുറയെ ഉറക്കിയത് പോലെ അടുത്ത തലമുറയുടെയും സമയം വെറുതേ പാഴാക്കിയാല്‍ അതവരോട് നാം ചെയ്യുന്ന വലിയ ക്രൂരതയായിരിക്കും.
(2012 ബാച്ച് സിവില്‍ സര്‍വീസ് പ്രൊബേഷണറാണ് ലേഖകന്‍; അഭിപ്രായങ്ങള്‍ വ്യക്തിപരം)