ഇതാ ചില പച്ചപ്പരമാര്‍ഥങ്ങള്‍

Posted on: July 14, 2014 9:30 am | Last updated: July 14, 2014 at 9:30 am

പച്ച വെള്ളം കുടിച്ച്, പച്ച മാംസം തിന്ന് പാറപ്പുറത്തുറങ്ങിയ ആദിമ മനുഷ്യന്‍. അന്ന് നാട് മുഴുവന്‍ പച്ചയായിരുന്നു. മരം മുറി മാഫിയകള്‍ ഇല്ലാത്ത കാലം. പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല വെച്ചും… എന്ന് തുടങ്ങുന്ന കവിത വായിച്ചത് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണ്. കേരളത്തെ വര്‍ണിക്കുന്ന മനോഹരമായ കവിത.
ഞങ്ങളുടെ നാട്ടിലെ കുമാരേട്ടന്‍ ഗള്‍ഫിലേക്ക് പോയത് പച്ച പിടിക്കാനാണ്. നാല് പെണ്‍മക്കളാണ് അയാള്‍ക്ക്. കെട്ടിച്ചയക്കേണ്ടേ? ഇവിടെ നിന്നാല്‍ ഒന്നുമാകില്ല എന്ന തോന്നല്‍. ഒടുവില്‍ അയാള്‍ അക്കരക്ക് വിമാനം കേറി. പിന്നെ വെച്ചടി വെച്ചടി കേറ്റമായി. അറുപത് വയസ്സായ കുമാരേട്ടന്‍ കഴിഞ്ഞ ദിവസം വീണ്ടും നാട്ടില്‍ വന്നു. ജീന്‍സും പച്ച വരകളുള്ള ടീ ഷര്‍ട്ടും കൂളിംഗ് ഗ്ലാസും… കൈയില്‍ കോളക്കുപ്പി. നാട്ടുകാര്‍ പറഞ്ഞു. ഒരു പച്ചപ്പരിഷ്‌കാരി വന്നിരിക്കുന്നു. അയാളുടെ മൊബൈലിലെ റിംഗ് ടോണ്‍ ഇങ്ങനെ. പച്ചപ്പനങ്കിളിത്തത്തേ…
സ്‌കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്താന്‍ ചരടില്‍ കെട്ടുമ്പോള്‍ മാഷ് ഇടക്കിടെ പറയും. പ്യൂണേ, കുങ്കുമം മോളിലും പച്ച താഴെയുമാണേ… അല്ലെങ്കില്‍ എന്റെ പണി പോകും!
പച്ച നിറത്തിലുള്ള യൂനിഫോം ഉള്ള എത്രയോ വിദ്യാലയങ്ങള്‍ ഇപ്പോഴുമുണ്ട് കേരളത്തില്‍. പച്ചപ്പട്ടു വിരിച്ച വയലിനെ കുറിച്ച് എഴുതാത്ത കവികളുണ്ടോ എന്ന് സംശയമാണ്. ദേ, പച്ചക്കടലായി എന്ന് പത്രത്തില്‍.
ആഗോളവത്കരണം കാരണമാണത്രേ, എല്ലാവരുടെ മനസ്സും വരണ്ടു പോകുകയാണ്. തിരക്കുപിടിച്ച ഈ ജീവിതത്തില്‍ സ്വന്തം കാര്യം മാത്രം. അപ്പോള്‍ പ്രഭാഷകന്‍ പറയുന്നു, ‘നഷ്ടപ്പെട്ടു പോയ പച്ചപ്പ് നമുക്ക് തിരിച്ചു പിടിക്കേണ്ടതുണ്ട്.’ പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഏത് പച്ചമനുഷ്യനാണ് ഒന്ന് പതറാത്തത്?
റേഷന്‍ കടയില്‍ ഈയാഴ്ചയും പച്ചരിയാണേ… പച്ചക്കുതിര മാസിക വായിച്ചോ? പരിഹാസം ഏറുമ്പോള്‍ കൂട്ടുകാര്‍ പറയും, പച്ചക്ക് തിന്നല്ലേ മോനേ…
കോഴിക്കോട്ടെ സിറ്റി ബസുകള്‍ എല്ലാം പച്ചയാണ്. ദിവസവും ആളുകള്‍ കേറുകയും ഇറങ്ങുകയും ചെയ്യുന്നു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?
ഇതൊക്കെയാണെങ്കിലും മലപ്പുറത്ത് മാത്രം മതിയോ പച്ച?
കേരളത്തിലെ ബ്ലാക്ക് ബോര്‍ഡുകള്‍ എല്ലാം പച്ചയാക്കട്ടെ. ബ്ലാക്ക് റോഡുകള്‍ പച്ചപ്പട്ടണിയട്ടെ. ആന വണ്ടികള്‍ പച്ചയാകട്ടെ. തരിശ് കിടക്കുന്ന വയലുകള്‍ പച്ചയാകട്ടെ. മൊട്ടക്കുന്നുകള്‍ പഴയ നിറത്തിലേക്ക് തിരിച്ചു പോകട്ടെ…സൗഹൃദത്തിന്റെ പച്ചപ്പുകള്‍ പടര്‍ന്നു പന്തലിക്കേണ്ടതുണ്ട്. പാര്‍ട്ടികള്‍ ഇറങ്ങട്ടെ. പച്ച എം എല്‍ എമാര്‍ ചെയ്യട്ടെ ഉദ്ഘാടനം.
ഇല്ല, നടക്കില്ല ഈ കേരളത്തില്‍. വിവാദങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കാനാണ് എല്ലാവര്‍ക്കും താത്പര്യം. രണ്ട് ദിവസം അതുകൊണ്ട് കഴിഞ്ഞുപോകുമെങ്കില്‍ കഴിയട്ടെ എന്നാണ് മനസ്സിലിരിപ്പ്. .
വിവാദ മാഫിയക്ക് പിന്നാലെ ഇതാ മറ്റൊരു വാക്കുകൂടി. പച്ച മാഫിയ! ഗൗരവാനന്ദന്‍ മനസ്സില്‍ കുറിച്ചിട്ടു.