Connect with us

National

തസ്‌കരന്‍മാര്‍ 2013ല്‍ തട്ടിയെടുത്തവയുടെ മൂല്യം വെറും 13,219 കോടി രൂപ!!

Published

|

Last Updated

ന്യൂഡല്‍ഹി: 2013ല്‍ മൊത്തം 13,219 കോടി രൂപ വിലമതിക്കുന്ന വസ്തുക്കള്‍ രാജ്യവ്യാപകമായി കളവ് നടത്തിയതായി നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എന്നാല്‍ പോലീസ് തിരിച്ച് പിടിച്ചെടുത്ത വസ്തുക്കളുടെ ശതമാനം നോക്കുമ്പോള്‍ ഏറ്റവും മോശവുമാണ്. ഈ കാലയളവില്‍ രാജ്യവ്യാപകമായി മൊത്തം 1,762 കോടിയുടെ മുതല്‍ മാത്രമാണ് പോലീസിന് തിരിച്ചു പിടിക്കാനായത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ വിവിധ വസ്തുക്കളുടെ വിലയിലുണ്ടായ കുതിച്ചുകയറ്റമാണ് കളവ് മുതലിന്റെ മൂല്യം ഇത്ര ഉയരാന്‍ കാരണമെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വസ്തുക്കളുടെ വില കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി കുതിച്ചുയരുകയാണ്. കഴിഞ്ഞ വര്‍ഷം കളവു പോയ വസ്തുക്കളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് വാഹനങ്ങളാണ്. കൊല്‍ക്കത്ത, ചെന്നൈ, മുംബൈ നഗരങ്ങളോട് വാഹനങ്ങളുടെ എണ്ണത്തില്‍ തുല്യം നില്‍ക്കുന്ന ന്യൂഡല്‍ഹിയില്‍ മോഷണം നടത്തിയവയില്‍ 30 ശതമാനവും വാഹനങ്ങളാണ്. പത്ത് വര്‍ഷം മുമ്പുള്ള അവസ്ഥ പരിഗണിക്കുമ്പോള്‍ ഇപ്പോള്‍ വാഹനങ്ങളുടെ വില കുതിച്ചുകയറിയിരിക്കുകയാണ്. ഇങ്ങനെ പഴക്കം ചെന്ന വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടയില്‍ ഭൂരിഭാഗവുമെന്നും പോലീസ് പറഞ്ഞു.
പണം, ആഭരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ട സാധനങ്ങളില്‍ ഏറ്റവും മുന്നിലുള്ളത്. 2012ല്‍ 1,41,793 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് പോലീസ് പിടിച്ചെടുത്തിരുന്നത്. ഏറ്റവും കൂടുതല്‍ മോഷണ മുതല്‍ തിരിച്ചുപിടിച്ചത് 2010ലാണ്. മൊത്തം കളവു പോയ സാധനങ്ങളുടെ 28.9 ശതമാനവും ഈ വര്‍ഷത്തില്‍ പോലീസ് പിടിച്ചെടുത്തിരുന്നു.
സംസ്ഥാനങ്ങളുടെ കണക്ക് നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കളവ് നടന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ മൊത്തം 4315 കോടി രൂപയുടെ കളവ് നടന്നു. തൊട്ടുപിറകില്‍ ഗോവയാണ്. 3048 കോടി രൂപ.
മൊത്തം കളവ് മുതല്‍ തിരിച്ചുപിടിച്ചതില്‍ തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 73.6 ശതമാനവും ഇവിടെ പോലീസ് തിരിച്ചുപിടിച്ചു. തൊട്ടുപിറകില്‍ സിക്കിമാണ്. 51.9 ശതമാനം. ആന്ധ്രാപ്രദേശില്‍ 51.7 ഉം രാജസ്ഥാനില്‍ 50.7ഉം ശതമാനം കളവ് മുതലുകള്‍ പോലീസ് തിരിച്ചുപിടിച്ചു.