പ്ലസ് ടു സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചു

Posted on: July 14, 2014 10:40 am | Last updated: July 16, 2014 at 12:00 am

plus twoതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതോടെ ഒരു ബാച്ചില്‍ 50 കുട്ടികളുള്ളത് 60 ആകും. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ സെക്രട്ടറി പുറത്തിറക്കി.

148 പഞ്ചായത്തുകളില്‍ പുതിയ പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സ്‌കൂളില്ലാത്ത പഞ്ചായത്തുകളില്‍ പുതിയ സ്‌കൂളുകള്‍ തുടങ്ങണമെന്ന നിര്‍ദേശം നടപ്പാക്കാനാണ് കോടതി ഉത്തരവ്. പുതിയ സ്‌കൂളുകള്‍ തുടങ്ങുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യതയുടെ കണക്കെടുക്കാന്‍ ധന വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. പുതിയ പ്ലസ് ടു സ്‌കൂളുകള്‍ തുടങ്ങുന്നത് വൈകുന്ന സാഹചര്യത്തിലാണ് ഉത്തരവ് പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അതിനിടെ പുതിയ പ്ലസ് ടു സ്‌കൂളുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ മന്ത്രിസഭയുടെ പ്രത്യേക യോഗം ഇന്ന് ചേരും. പ്ലസ് വണ്‍ ഇല്ലാത്ത പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി നേരത്തെ തയ്യാറാക്കിയ പട്ടികക്ക് അംഗീകാരം നല്‍കണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. എന്നാല്‍ ഇത് പ്രാദേശിക വിഭാഗീയതക്ക് കാരണമാവുമെന്നാണ് കോണ്‍ഗ്രസ് വാദം.