Connect with us

Ongoing News

ഇസ്രായേല്‍ കരയാക്രമണം തുടങ്ങി; ഗാസയില്‍ കൂട്ടപ്പലായനം

Published

|

Last Updated

PALESTINIANS FLEE THEIR HOMES

ഗാസ/ ജറൂസലം: ഗാസക്ക് മേല്‍ തുടരുന്ന വ്യോമാക്രമണം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നതിനിടെ ഇസ്‌റാഈല്‍ കരയാക്രമണം തുടങ്ങി. ഗാസയുടെ തീരപ്രദേശത്ത് ഇസ്‌റാഈല്‍ നാവിക സേന ആക്രമണം നടത്തി. ഈ മാസം എട്ടിന് തുടങ്ങിയ തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ക്ക് ശേഷമാണ് സൈന്യം കരയാക്രമണം നടത്തുന്നത്. അതിനിടെ, വടക്കന്‍ ഗാസയിലുള്ളവരോട് ഉടന്‍ പ്രദേശം വിട്ടു പോകണമെന്നും വ്യോമാക്രമണം ശക്തമാക്കുമെന്നും ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രദേശത്ത് വ്യോമസേന വിതരണം ചെയ്ത ലഘുലേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പ്രദേശം വിടണമെന്നാണ് ആവശ്യപ്പെട്ടത്. മേഖലയില്‍ വ്യാപകമായ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന സൂചനയാണ് ഇസ്‌റാഈല്‍ നല്‍കുന്നത്.

ഗാസ പിടിക്കുന്നതിന്റെ ഭാഗമായി തീരപ്രദേശങ്ങളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ആക്രമണം രൂക്ഷമാക്കുമെന്ന് വ്യക്തമാക്കിയതോടെ മേഖലയില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. നിരവധി ആളുകള്‍ അഭയാര്‍ഥി ക്യാമ്പുകളിലാണ്. ഇസ്‌റാഈലിലെ നഗരങ്ങള്‍ക്ക് നേരെ ഹമാസ് നടത്തുന്ന റോക്കറ്റ് ആക്രമണം അവസാനിപ്പിക്കുന്നതു വരെ ആക്രമണം തുടരുമെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.
ആറാം ദിവസവും തുടരുന്ന ആക്രമണത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 187 കവിഞ്ഞു. ഹമാസിന്റെ കേന്ദ്രങ്ങളിലാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നത്. എന്നാല്‍, കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സാധാരണക്കാരാണെന്ന് യു എന്‍ ഉള്‍പ്പെടെയുള്ള സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നു. ആക്രമണം അവസാനിപ്പിക്കണമെന്ന് യു എന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്നലെ ആവശ്യപ്പെട്ടു.
ഇസ്‌റാഈല്‍ സൈന്യവുമായി വടക്കന്‍ ഗാസയില്‍ ഏറ്റുമുട്ടല്‍ നടന്നതായി ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സം ബ്രിഗേഡ്‌സ് സ്ഥിരീകരിച്ചു. ഇസ്‌റാഈല്‍ സൈന്യം ഗാസയിലേക്ക് കടക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹമാസ് നേതാക്കള്‍ അറിയിച്ചു. ആറ് ദിവസമായി തുടരുന്ന വ്യോമാക്രമണത്തിനിടെ കഴിഞ്ഞ ദിവസമാണ് ഏറ്റവും ശക്തമായ ആക്രമണം ഇസ്‌റാഈല്‍ നടത്തിയത്. 58 പേരാണ് ഒരു ദിവസം കൊല്ലപ്പെട്ടത്. ഗാസാ പോലീസ് മേധാവി തയ്‌സീര്‍ അല്‍ ബത്ഷിന്റെ തൗഫ പ്രദേശത്തുള്ള വസതി ലക്ഷ്യമിട്ട് ശനിയാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ പതിനെട്ട് പേര്‍ കൊല്ലപ്പെട്ടു. തൗഫയിലെ പള്ളിക്ക് സമീപമാണ് വീട് സ്ഥിതി ചെയ്തിരുന്നത്. പള്ളിയിലെ പ്രാര്‍ഥനകള്‍ക്ക് ശേഷമാണ് ആക്രമണം നടന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ബത്ഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.
ഇസ്‌റാഈലിലെ ബെത്‌ലഹേം, ഹിബ്രൂന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളില്‍ ചിലര്‍ക്ക് പരുക്കേറ്റതായി സൈന്യം കുറ്റപ്പെടുത്തി.