ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി യാത്ര തിരിച്ചു

Posted on: July 13, 2014 11:08 am | Last updated: July 14, 2014 at 9:08 am

Bhutan_Parliament_PM_Modi_

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക് പുറപ്പെട്ടു. 15, 16 തീയതികളിലായി വടക്കുകിഴക്കന്‍ ബ്രസീലിലെ തീരദേശ നഗരമായ ഫോര്‍ട്ടലീസയിലാണ് അഞ്ച് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യക്ക് പുറമെ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബ്രിക്‌സ്. ആഗോള സാമ്പത്തിക സ്ഥിരതക്കും സമാധാനത്തിനുമായിരിക്കും ഉച്ചകോടിയില്‍ ഇന്ത്യ പ്രാധാന്യം നല്‍കുകയെന്ന് യാത്രക്ക് മുമ്പ് മോദി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അന്താരാഷ്ട്ര മാര്‍ഗങ്ങള്‍ ഉച്ചകോടിയില്‍ ഉയര്‍ത്തുമെന്ന് മോദി പറഞ്ഞു.
പുതിയ സര്‍ക്കാറിന്റെ വിദേശ നയങ്ങള്‍ വ്യക്തമാക്കുന്നതാകും ഉച്ചകോടി. സുസ്ഥിര വികസനത്തിനായി ബ്രിക്‌സ് ഡെവലപ്‌മെന്റ് ബേങ്ക് രൂപവത്കരിക്കുന്നതിനുള്ള നടപടികളും ഉച്ചകോടിയില്‍ പൂര്‍ത്തിയാക്കിയേക്കും. അംഗരാജ്യങ്ങള്‍ക്കും മറ്റ് വികസ്വര രാജ്യങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ബേങ്കിന്റെ ആസ്ഥാനം ഇന്ത്യയില്‍ ആകണമെന്ന് മോദി ആവശ്യപ്പെട്ടേക്കും. ഷാന്‍ഗ്ഹായിയില്‍ ആസ്ഥാനം വേണമെന്ന നിലപാട് ചൈനക്കുണ്ട്.
ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ്, ചൈനീസ് പ്രസിഡന്റ് വഌഡമിര്‍ പുടിന്‍ എന്നിവരുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ തലവന്മാരെയും ഇത്തവണ ദില്‍മ ക്ഷണിച്ചിട്ടുണ്ട്. ഇവരുമായും മോദി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നരേന്ദ്ര മോദിയുടെ രണ്ടാമത്ത വിദേശ യാത്രയാണിത്. ഭൂട്ടാനിലാണ് മോദി ആദ്യ സന്ദര്‍ശനം നടത്തിയത്.
വാണിജ്യം, വ്യവസായം, ധനകാര്യം തുടങ്ങിയ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എ കെ ധോവല്‍, വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗ്, ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാം തുടങ്ങിയവരും മോദിസംഘത്തിലുണ്ട്.