Connect with us

Editorial

മഅദനിക്ക് ജാമ്യം

Published

|

Last Updated

ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണാ തടവുകാരനായി കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് സുപ്രീം കോടതി ഉപാധികളോടെ ഒരു മാസത്തെ ജാമ്യം അനുവദിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അദ്ദേഹം തിങ്കളാഴ്ച ജയില്‍മോചിതനാകുമെന്നാണ് പ്രതീക്ഷ. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള മഅ്ദനി പുറംലോകം കാണാതിരിക്കാന്‍ ആരെല്ലാമോ, എവിടെയെല്ലാമോ നിഗൂഢപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കര്‍ണാടക സര്‍ക്കാറിന്റെ ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നിട്ടും മഅ്ദനിക്ക് ഒരു മാസത്തെ ഇടക്കാല ജാമ്യം ലഭിച്ചു എന്നത് നല്ല സൂചനയായി കാണാം.
ബംഗളൂരുവില്‍ സ്‌ഫോടനങ്ങള്‍ നടത്തിയ സംഘത്തിന്റെ തലവന്‍, മറ്റ് സംസ്ഥാനങ്ങളില്‍ നാല് സ്‌ഫോടനങ്ങള്‍ കൂടി നടത്തി, ബോംബ് നിര്‍മാതാക്കളുമായി ഉറ്റ ബന്ധമുള്ള ആള്‍ തുടങ്ങി ഒട്ടോറെ ദുരാരോപണങ്ങള്‍ കര്‍ണാടകത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ മഅ്ദനിക്കെതിരെ കോടതിയില്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ ശുദ്ധ നുണയാണെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. മഅ്ദനിയുടെ ആരോഗ്യം ജയിലില്‍ നശിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സ നല്‍കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിട്ടും എട്ട് മാസത്തിനിടയില്‍ ഒരു മാസം മാത്രമാണ് മഅ്ദനിയെ ആശുപത്രിയില്‍ കിടത്തിയത് തുടങ്ങി മഅ്ദനിക്കെതിരെ നടന്ന മനുഷ്യാവകാശലംഘനങ്ങള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചു. വിചാരണാ തടവുകാരനായി നാല് വര്‍ഷം ജയിലില്‍ കഴിയുന്നു എന്ന വസ്തുതയും മഅ്ദനിയുടെ ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്താണ് ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എ കെ സിക്രി എന്നിവരുള്‍പ്പെട്ട ബഞ്ച് ഒരു മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഈ കാലയളവ് ചികിത്സക്ക് മതിയാകില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടി്ക്കാട്ടിയപ്പോള്‍ ഒരു മാസത്തിന് ശേഷം ആഗസ്ത് 11ന് കേസ് വീണ്ടും പരിഗണിക്കുന്ന വേളയില്‍് ഇക്കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കി 1998 മാര്‍ച്ച് 31ന് അറസ്റ്റ് ചെയ്യപ്പെട്ട് ഒമ്പതര വര്‍ഷം വിചാരണയുമായി ജയിലില്‍ കഴിഞ്ഞ മഅ്ദനിയെ, 2009 ആഗസ്ത് ഒന്നിന് ഈ കേസില്‍ കോടതി നിരുപാധികം കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ കാറ്റും വെളിച്ചവും അധികം നീണ്ടുനിന്നില്ല. 2010 ആഗസ്റ്റ് 17ന് കൊല്ലത്തെ അന്‍വാര്‍ശേരി അനാഥാലയത്തിന്റെ മുറ്റത്ത് നിന്നും വന്‍ പോലീസ് സംഘത്തിന്റെ അകമ്പടിയോടെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്തായിരുന്നു അറസ്റ്റ്. തുടര്‍ന്നുള്ള നാല് വര്‍ഷങ്ങളില്‍ ജാമ്യത്തിനായി നിരന്തരം നിയമയുദ്ധമായിരുന്നു. അതിന്റെ ഇടക്കാല ഫലപ്രാപ്തിയാണ് വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. അപ്പോഴേക്കും മഅ്ദനിയുടെ വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായും, ഇടത് കണ്ണിന്റെത് 75 ശതമാനവും നഷ്ടപ്പെട്ടു. കലശലായ പ്രമേഹവും മൂത്രതടസ്സവും അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. ഇതിനൊന്നും ഫലപ്രദമായ ചികിത്സ ലഭിക്കാതിരുന്നിട്ടും, മഅ്ദനിയുടെ ചികിത്സക്കായി 24 ലക്ഷം രൂപ ചെലവിട്ടതായി കര്‍ണാടകയുടെ അഭിഭാഷകന്‍ വാദിച്ചപ്പോള്‍ കോടതി നടത്തിയ പ്രതികരണം ശ്രദ്ധേയമായിരുന്നു. “മഅ്ദനി രാഷ്ട്രീയ തടവുകാരനാണ്. അതിനാല്‍ ചികിത്സയുടെ ചെലവ് വഹിക്കാന്‍ താത്പര്യമില്ലെങ്കില്‍ അദ്ദേഹത്തെ തുറന്നു വിടുകയാണ് വേണ്ടത്” – നാല് വര്‍ഷമായി വിചാരണാ തടവുകാരനായി കഴിയുന്ന ഒരാള്‍ക്ക് ജാമ്യം ലഭിക്കാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, “ജയിലില്‍ നിര്‍ത്തലല്ല, ജാമ്യം നല്‍കലാണ് നിയമ”മെന്നും ഓര്‍മിപ്പിച്ചു. ഇത് മഅ്ദനിയുടെ മാത്രം കാര്യമല്ല. കള്ളക്കേസുകളില്‍ പെടുത്തി പലരേയും ഈ വിധം പീഡിപ്പിക്കുന്നുണ്ട്. ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കുക, ബംഗളൂരു വിട്ട് പോകാതിരിക്കുക, ബംഗളൂരുവിലെ താമസസ്ഥലം കര്‍ണാടക സര്‍ക്കാറിനെ അറിയിക്കുക, സാക്ഷികളെ സ്വാധീനിക്കാതിരിക്കുക തുടങ്ങിയ ഉപാധികളോടെയാണ് മഅ്ദനിക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.
സുപ്രീം കോടതി മുന്‍വെച്ച ഉപാധികള്‍ പാലിക്കേണ്ടത് മഅ്ദനി തന്നെയാണ്. അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. വൈകി വരുന്ന നീതി, നീതിനിഷേധം തന്നെയാണെന്ന് സുപ്രീം കോടതി തന്നെ പല ഘട്ടത്തിലും വ്യക്തമാക്കിയിട്ടുള്ളതാണ്. രണ്ട് കേസുകളില്‍ വിചാരണാ തടവുകാരനായി മഅ്ദനി മൊത്തം 13 വര്‍ഷം ഇതിനകം ജയിലില്‍ കഴിഞ്ഞു. ഈ സ്ഥിതിവിശേഷം ഒരു പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്. ശത്രുക്കളുടെ ബോംബേറില്‍ ഒരു കാല്‍ നഷ്ടപ്പെട്ട ആളാണ് അദ്ദേഹം. കുറ്റവാളികളെ പോലും സംസ്‌കൃതചിത്തരാക്കാന്‍ ഉദാരമായ വ്യവസ്ഥകളുള്ള നമ്മുടെ നിയമ സംഹിതയുടെയും നീതിപീഠത്തിന്റെയും സന്മനോഭാവം കാത്തുസൂക്ഷിക്കാന്‍ എക്‌സിക്യൂട്ടീവിനും ഭരണകൂടത്തിനും ബാധ്യതയുണ്ട്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനൊപ്പം തന്നെ നിരപരാധികളെ സംരക്ഷിക്കാനും നിയമപാലകര്‍ക്കും നീതിപീഠത്തിനും ഉത്തരവാദിത്വമുണ്ട്.

Latest