ഓപ്പറേഷന്‍ കുബേര; പോലീസ് വലയില്‍ കുടുങ്ങിയത് 69 പേര്‍

Posted on: July 12, 2014 9:22 am | Last updated: July 12, 2014 at 9:22 am

മലപ്പുറം: വട്ടിപ്പലശിക്കാരെ പിടികൂടാനുള്ള ഓപ്പറേഷന്‍ കുബേരയിലൂടെ ജില്ലയില്‍ ഇതുവരെ പിടിയിലായത് 69 പേര്‍. 466 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയപ്പോള്‍ പിടികൂടിയത് 16 ലക്ഷം രൂപ. കേസുകളുടെ എണ്ണം 120. ഇന്നലെ ജില്ലാ പോലീസ് സൂപ്രണ്ട് എസ് ശശികുമാറിന്റെ ഓഫീസില്‍ നടന്ന അദാലത്തില്‍ 20 പരാതികളാണ് ലഭിച്ചത്. ജൂണ്‍ 24ന് നടന്ന ആദ്യഅദാലത്തില്‍ ഏഴ് പരാതികളാണുണ്ടായിരുന്നത്. വസ്തു, വാഹന തട്ടിപ്പുകളുമായിബന്ധപ്പെട്ടാണ് കേസുകള്‍ കൂടുതല്‍. കുറ്റവാളികള്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുക്കുന്നതെന്ന് എസ് പി പറഞ്ഞു. കോടതികളില്‍ നിന്നേ ജാമ്യം ലഭിക്കൂ. വ്യക്തി വിരോധം തീര്‍ക്കുന്നതിന് വ്യാജ പരാതികള്‍ നല്‍കുന്ന സംഭവങ്ങള്‍ ജില്ലയിലുണ്ടായിട്ടില്ല. മദ്യത്തിന്റെ ലഭ്യത കുറഞ്ഞത് ജില്ലയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ സബ് ഡിവിഷന് കീഴിലാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. അതത് സ്ഥലങ്ങളിലെ ഡി വൈ എസ് പിമാര്‍ക്ക് കൈമാറുന്ന പരാതികളില്‍ അന്വേഷണം നടത്തി അടുത്ത അദാലത്തിന് മുമ്പായി തീര്‍പ്പാക്കും. പൊന്നാനി സ്റ്റേഷന്‍ പരിധിയില്‍ ഒരുവ്യക്തിക്കെതിരെ മാത്രം മൂന്ന് പരാതികളാണ് ലഭിച്ചത്.
ഈടുനല്‍കിയ സ്ഥലങ്ങള്‍ പലിശക്കാര്‍ കൈവശപ്പെടുത്തുന്നെന്ന പരാതികളാണ് ലഭിച്ചവയില്‍ കൂടുതതും. ആദ്യ അദാലത്തില്‍ വാഹനങ്ങളുടെ രേഖകള്‍ ഈടുവെച്ചതുമായി ബന്ധപ്പെട്ടവയായിരുന്നു കൂടുതലും. അദാലത്തില്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പി കെ പി വിജയകുമാര്‍, തിരൂര്‍ ഡി വൈ എസ് പി കെ എം സൈതാലി, സീനിയര്‍ സി പി ഒ. പ്രീതി തുടങ്ങിയവര്‍ പങ്കെടുത്തു.