വിദ്യാരംഗം കലാസാഹിത്യവേദി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും

Posted on: July 12, 2014 8:32 am | Last updated: July 12, 2014 at 8:32 am

കല്‍പ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ സര്‍ഗവേദിയായ വിദ്യാരംഗം ഈ അദ്ധ്യയന വര്‍ഷം വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മേരിജോസ് അറിയിച്ചു.
വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനും കലാ സാഹിത്യ രംഗങ്ങളിലുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും വേദിയൊരുക്കും.
എസ്.എസ്.എ, ഡയറ്റ്, മലയാളം സര്‍വ്വകലാശാല എന്നീ കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്താനുദ്ദേശിക്കുന്നത്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടും അല്ലാതെയും അധ്യാപകരുടെ സഹായത്തോടെ കുട്ടികള്‍ക്ക് ഡോക്യുമെന്ററികള്‍, ലഘുസിനിമകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് പ്രോത്സാഹനം നല്‍കും. വിദ്യാര്‍ത്ഥികളില്‍ മാതൃഭാഷാ സ്‌നേഹം വളര്‍ത്തുന്നതിനും അതുവഴി കലാസാഹിത്യ രംഗങ്ങളിലുള്ള കഴിവുകള്‍ വളര്‍ത്തുന്നതിനും അവസരമൊരുക്കുമെന്നും ഡി.ഇ.ഒ. അറിയിച്ചു.
കുട്ടികളുടെ സാഹിത്യരചനകള്‍ പ്രസിദ്ധീകരിക്കുന്നതിന് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി എഡിറ്റോറിയല്‍ ബോര്‍ഡ് രൂപവത്ക്കരിക്കുന്നതിനും ഈ വര്‍ഷം പദ്ധതിയുണ്ട്.
ജില്ലാ സമിതി രൂപീകരണ യോഗത്തില്‍ കണ്‍വീനര്‍ പൃഥ്വിരാജ് മൊടക്കല്ലൂര്‍ റിപ്പോര്‍ട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു. വി. ദിനേശ്കുമാര്‍, വി.പി.ബാലചന്ദ്രന്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, സജി ആന്റോ, വി.പി.പ്രേംദാസ്, എ.പി.സാലിഹ്, വി.പി.ബേബി, റജീന ബക്കര്‍, കെ.വി. ബാബു, കെ.എസ്.മനോജ്കുമാര്‍, എം.സി.രാജേന്ദ്രപ്രസാദ്, ബിന്ദുതോമസ് എന്നിവര്‍ സംസാരിച്ചു.
പുതിയ ജില്ലാ സമിതി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ -മേരിജോസ് (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍) – ചെയര്‍പേഴ്‌സണ്‍, കെ.മുരളിധരന്‍ (മാനന്തവാടി എ.ഇ.ഒ), എ.ടി. അലക്‌സാണ്ടര്‍ (ബത്തേരി എ.ഇ.ഒ) -വൈസ് ചെയര്‍മാന്‍മാര്‍ പൃഥ്വിരാജ് മൊടക്കല്ലൂര്‍ കണ്‍വീനര്‍, കെ.വി.ബാബു, സജി ആന്റോ – ജോ. കണ്‍വീനര്‍മാര്‍, ഡൊമനിക് സാവിയോ (എ.ഇ.ഒ വൈത്തിരി) – ട്രഷറര്‍. വിനോദ് പുല്ലഞ്ചേരി -വൈത്തിരി ഉപജില്ലാ കണ്‍വീനര്‍ എന്‍.സി.പ്രശാന്ത്- മാനന്തവാടി ഉപജില്ല കണ്‍വീനര്‍, കെ.പി. ഗിരീഷ്ബാബു -ബത്തേരി ഉപജില്ലാ കണ്‍വീനര്‍.