Connect with us

Ongoing News

പട്ടിക വിഭാഗങ്ങള്‍ക്ക്്് എയ്ഡഡ് മേഖലയില്‍ സംവരണം

Published

|

Last Updated

തിരുവനന്തപുരം: എയ്ഡഡ് സ്ഥാപനങ്ങളിലും പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന് നിയമസഭയില്‍ പൊതുവികാരം. കോടിയേരി ബാലകൃഷ്ണന്‍ കൊണ്ടുവന്ന സ്വകാര്യബില്‍ പരിഗണിക്കവെയാണ് ഭരണ-പ്രതിപക്ഷം ഇതിനായി നിയമം കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചത്. പൂര്‍ണമായി സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണമില്ലെന്ന വസ്തുത ഗൗരവതരമാണെന്ന് പട്ടിക ജാതി പിന്നാക്ക ക്ഷേമമന്ത്രി എ പി അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. എയ്ഡഡ് കോളജുകളിലും സ്‌കൂളുകളിലുമായി 1.22 ലക്ഷം അധ്യാപകര്‍ക്ക് പൂര്‍ണമായി സര്‍ക്കാറാണ് ശമ്പളം നല്‍കുന്നത്. സംവരണം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ 12000 പേര്‍ക്ക് എങ്കിലും പട്ടിക വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് ജോലി ലഭിക്കുമായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ട്രഷറിയില്‍ നിന്ന് സംവരണം നല്‍കുന്ന സ്ഥാപനങ്ങളില്‍ പോലും സംവരണമില്ലെന്ന വസ്തുത അതീവഗൗരതരമാണെന്ന് ബില്‍ അവതരിപ്പിച്ച കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. പട്ടിക വിഭാഗത്തിന് ലഭിക്കേണ്ട വലിയ അവസരമാണ് നഷ്ടപ്പെടുന്നത്. 1957ലെ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തി കൊണ്ടുവന്ന നിയമം സുപ്രീംകോടതി പോലും അംഗീകരിച്ചെങ്കിലും വിമോചന സമരം നടത്തി കോണ്‍ഗ്രസ് തന്നെയാണ് അത് പരാജയപ്പെടുത്തിയത്. സംവരണം അടിയന്തിരമായി ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പട്ടിക വിഭാഗത്തിലെ അഭ്യസ്ഥ വിദ്യാര്‍ക്ക് തൊഴില്‍ ലഭിക്കാത്ത സാഹചര്യമുണ്ടാകും. സര്‍ക്കാര്‍ സര്‍വീസിലുള്ള രണ്ട് ലക്ഷത്തോളം താല്‍ക്കാലിക തൊഴിലാളികളിലും സംവരണമില്ലാത്തത് മൂലം പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമില്ലെന്നും കോടിയേരി പറഞ്ഞു.
പൊതുമേഖലാസ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ നയപരമായ തീരുമാനം വേണമെന്നും ടി എന്‍ പ്രതാപന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ തന്നെ സ്വകാര്യമേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതാണെന്നും പാര്‍ട്ടി ഈ നിര്‍ദേശത്തിന് എതിരല്ലെന്നും ബെന്നിബഹ്‌നാന്‍ പറഞ്ഞു. കരാര്‍ നിയമനം എല്ലാമേഖലകളിലും വ്യാപകമാകുന്നുണ്ടെന്നും ഇതും പിന്നാക്ക വിഭാഗങ്ങളുടെ അവസരം നഷ്ടപ്പെടാന്‍ ഇടയാക്കുന്നുണ്ടെന്നും പാലോട് രവി ചൂണ്ടിക്കാട്ടി.

Latest