Connect with us

Ongoing News

7-1 തോല്‍വി അന്വേഷിക്കും; സ്‌കൊളാരിയുടെ പിന്‍ഗാമി ടിറ്റെ ?

Published

|

Last Updated

article-2687957-1F8D5ED600000578-518_634x422

ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചീഫിന് മുന്നില്‍ സ്‌കൊളാരിയുടെ നിരാശ

ബ്രസീലിയ: ബ്രസീലിന്റെ പരിശീലക സ്ഥാനം സ്‌കൊളാരി ഒഴിയില്ല. പക്ഷേ, പുറത്താക്കും. ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ലൂസേഴ്‌സ് ഫൈനലിന് ശേഷം മാത്രമേ, നടപടിക്രമങ്ങളിലേക്ക് പ്രവേശിക്കൂ. ലോകകപ്പ് പൂര്‍ത്തിയാകും മുമ്പെ പുറത്താക്കുന്നത് സ്‌കൊളാരിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ഫെഡറേഷന്‍ വിലയിരുത്തുന്നു.
2002 ലോകകപ്പ് ബ്രസീലിന് സമ്മാനിച്ച കോച്ചാണ് സ്‌കൊളാരി. ഇന്നലെ ബ്രസീല്‍ ടീമിന്റെ പരിശീലന ക്യാമ്പിലെത്തിയ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ജോസ് മരിയ മരിന്‍ കോച്ച് സ്‌കൊളാരിയുമായി ദീര്‍ഘനേരം സംസാരിച്ചു. പലപ്പോഴും നിരാശയോടെ മുഖം പൊത്തുന്ന സ്‌കൊളാരിയെയാണ് മാധ്യമപ്പടക്ക് കാണാന്‍ സാധിച്ചത്. നെയ്മര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്നതിനാല്‍ വലിയതോതില്‍ മാധ്യമ കവറേജുണ്ടായിരുന്നു ബ്രസീല്‍ ക്യാമ്പിന്.
ബ്രസീല്‍ കായിക മന്ത്രി അല്‍ഡൊ റിബെലോ ജര്‍മനിയോടേറ്റ ദാരുണമായ തോല്‍വിയെ കുറിച്ചന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്നറിയാനുള്ള അവകാശം നാട്ടുകാര്‍ക്കുണ്ടെന്നാണ് റിബെലോ പറഞ്ഞു. ബ്രസീലിയന്‍ ഫുട്‌ബോളിന്റെ പ്രതിച്ഛായക്കേറ്റ അടിയാണിത്. പന്ത്രണ്ട് തവണ ജര്‍മനിയോട് കളിച്ചപ്പോള്‍ നാല് തവണ മാത്രം തോറ്റ ചരിത്രമാണ് ബ്രസീലിനുണ്ടായിരുന്നത്. സെമിയില്‍ 7-1ന് തകര്‍ന്നതോടെ, ബ്രസീല്‍ താഴേക്കിടയിലായി. ഇതൊരു ദേശീയ ദുരന്തമാണെന്നും റിബെലോ. പിഴവുകള്‍ കണ്ടെത്തണം. അത് പരിഹരിക്കപ്പെടാതെ മുന്നോട്ടുപോകുവാന്‍ സാധിക്കില്ല. 1950 ലെ ബ്രസീല്‍ ടീം മാറക്കാനയില്‍ ദുരന്തമായി മാറിയെങ്കില്‍ അതിനെയെല്ലാം കവച്ചുവെക്കുന്നതായിരുന്നു ഇത്തവണത്തെ പ്രകടനം- കായിക മന്ത്രി പറഞ്ഞു.
ബ്രസീലിന്റെ അടുത്ത കോച്ചാവാന്‍ ഏറ്റവും സാധ്യത കോറിന്ത്യന്‍സിന്റെ മുന്‍ കോച്ച് ടിറ്റെക്ക്. കോറിന്ത്യന്‍സിനെ കോപ ലിബര്‍ട്ടഡോറസ്, ഫിഫ ക്ലബ്ബ് ലോകകപ്പ് ഡബിള്‍ കിരീടത്തിലേക്ക് നയിച്ചതാണ് ടിറ്റെയെ ഫേവറിറ്റാക്കുന്നത്. സ്‌കൊളാരി പരുക്കന്‍ ഫുട്‌ബോളിന്റെ വക്താവെങ്കില്‍ ടിറ്റെ പ്രായോഗികതയിലൂന്നിയ സുന്ദരമായ ഗെയിമിന്റെ വക്താവാണ്. മറ്റൊരു സാധ്യത സാവോപോളോ കോച്ച് മുറിസി റമലോക്കാണ്. ബ്രസീലിന്റെയും റയല്‍മാഡ്രിഡിന്റെ മുന്‍ കോച്ച് വാന്‍ഡെര്‍ലി ലക്‌സംബര്‍ഗോയാണ് മറ്റൊരാള്‍. സാധ്യതാ പട്ടിക നീളുകയാണ്.

Latest