നെയ്മറെത്തി, ബ്രസീലിന് ജയിക്കണം

Posted on: July 12, 2014 8:01 am | Last updated: July 13, 2014 at 12:36 am
neymar
ബ്രസീല്‍ ടീം ക്യാമ്പിലെത്തിയ നെയ്മറിനെ കോച്ച് സ്‌കൊളാരി ആശ്ലേഷക്കുന്നു

ബ്രസീലിയ: തകര്‍ന്ന മനസ്സുമായി നില്‍ക്കുന്നവരുടെ പോരാട്ടമാണ് ലൂസേഴ്‌സ് ഫൈനല്‍. കൂടുതല്‍ തളര്‍ച്ച ആര്‍ക്കാണെന്നറിയണം. തിരിച്ചുവരവിന്റെ ആശാകിരണങ്ങള്‍ അവശേഷിക്കുന്നത് ആരിലെന്നറിയണം. ബ്രസീലും ഹോളണ്ടും ഇന്ന് നേര്‍ക്കുനേര്‍ വരുന്നു. അതിനുള്ള ഉത്തരം വൈകാതെ അറിയാം.
ജര്‍മനിയോട് 7-1ന് തകര്‍ന്നുപോയ ബ്രസീലിന്റെ നിലയാണ് പരിതാപകരം. ഫുട്‌ബോള്‍ രാഷ്ട്രം നിശബ്ദതയിലേക്ക് വഴുതിപ്പോയ ദുരന്തമായിരുന്നു ബെലോ ഹൊറിസോണ്ടെയില്‍ സംഭവിച്ചത്. ബ്രസീല്‍ ഫുട്‌ബോളിന്റെ കറുത്ത ദിനം. 1950 മാറക്കാന ദുരന്തമെല്ലാം 2014 ബെലൊ ഹോറിസോണ്ടെ ദുരന്തത്തിനടിയിലായി. ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ എന്ന് ഒരു ജനതയുടെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള ബ്രസീല്‍ ആരാധകരുടെ കൂടി ആത്മഗതമാണ്.
ചെറിയൊരാശ്വാസമുണ്ട്.
നെയ്മര്‍ തിരിച്ചെത്തിയിരിക്കുന്നു. കളിക്കാന്‍ സാധിക്കില്ലെങ്കിലും ടീമിനൊപ്പം നെയ്മറുണ്ടാകും. ഇന്നലെ, മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട നെയ്മര്‍ ടീം ക്യാമ്പിന് ആവേശമേകാനുമെത്തി. കോച്ച് സ്‌കൊളാരി കെട്ടിപ്പുണര്‍ന്നു കൊണ്ട് തന്റെ വജ്രായുധത്തെ സ്വീകരിച്ചു. നിരാശ മാഞ്ഞുപോകാത്ത മുഖങ്ങള്‍ വേറെയുമുണ്ടായിരുന്നു. നെയ്മര്‍ സഹതാരങ്ങള്‍ക്കെല്ലാം ആവേശം നല്‍കാന്‍ വ്യഥാ ശ്രമിച്ചു കൊണ്ടിരുന്നു. ക്യാപ്റ്റന്‍ തിയാഗോ സില്‍വ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് കളിക്കാനിറങ്ങുന്നത് ബ്രസീലിന്റെ ഡിഫന്‍സിന് കരുത്തേകും.
സില്‍വയുടെ അഭാവം മുതലെടുത്തായിരുന്നു ജര്‍മനി തുരത്തിക്കളഞ്ഞത്. പ്രതിരോധത്തില്‍ സഹതാരങ്ങളെ പൊസഷന്‍ വിളിച്ച്പറഞ്ഞു കൊടുത്ത് കളിപ്പിക്കുന്ന സില്‍വയുടെ ഏകാഗ്രതയും ശ്രദ്ധയും അതുല്യമാണ്. ഡെമിഷെലിസും മഷെറാനോയും നേതൃത്വം നല്‍കിയ അര്‍ജന്റൈന്‍ ഡിഫന്‍സ് ഹോളണ്ടിനെ പിടിച്ചുകെട്ടിയത് ബ്രസീലിന് ആത്മവിശ്വാസം നല്‍കുന്നു. ഗോള്‍ വഴങ്ങാതെയുള്ള ഗെയിം പ്ലാനായിരിക്കും ഇന്ന് ബ്രസീല്‍ പുറത്തെടുക്കുക. നാട്ടുകാര്‍ക്ക് മുന്നില്‍ ഇനിയും ഗോള്‍ വര്‍ഷം താങ്ങാനുള്ള കെല്‍പ്പ് മഞ്ഞപ്പടക്കില്ല എന്നുള്ളത് നഗ്നസത്യം.
ബ്രസീല്‍ കോച്ചെന്ന നിലയില്‍ സ്‌കൊളാരിക്കിത് അവസാന മത്സരമായിരിക്കും. ജയത്തോടെ വിടവാങ്ങണമെന്ന് സ്‌കൊളാരി ആഗ്രഹിക്കുന്നുണ്ടാകും. അതുകൊണ്ടു തന്നെ അവസരം നല്‍കിയിട്ടും കളിക്കാന്‍ മറന്നുപോയ ഫ്രെഡിനെയും ഹല്‍ക്കിനെയും സ്‌കൊളാരി പുറത്തിരിത്തും.
വില്ലെയ്‌നും ജോയിനും ബെര്‍നാര്‍ഡിനും മുന്നേറ്റനിരയില്‍ അവസരമൊരുങ്ങും. നെയ്മറിന്റെ പൊസിഷനില്‍ ഓസ്‌കര്‍. ഫെര്‍നാണ്ടീഞ്ഞോയും ലൂയിസ് ഗുസ്താവോയും മധ്യനിരയില്‍ ഓസ്‌കറിന് പിന്തുണ നല്‍കും. പ്രതിരോധത്തില്‍ മാര്‍സലോയും ആല്‍വസും വിംഗ് ബാക്കുകള്‍. ക്യാപ്റ്റന്‍ സില്‍വക്കൊപ്പം ലൂയിസ്. ഗുസ്താവോക്ക് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോളായിരിക്കും. ജയിക്കാന്‍ വേണ്ടി എല്ലാം മറന്ന് ബ്രസീല്‍ ആക്രമിച്ചു കയറുമെന്ന സൂചനയാണ് ലൈനപ്പ് നല്‍കുന്നത്.
ബ്രസീലിന്റെ ആക്രമണോത്സുകതക്ക് പ്രത്യാക്രമണത്തിലൂടെ തിരിച്ചടി കൊടുക്കാനാകും ഹോളണ്ട് ശ്രമിക്കുക. അര്‍ജന്റീനക്കെതിരെ ആക്രമിക്കാന്‍ മറന്നുപോയതിന്റെ പേരില്‍ കോച്ച് ലൂയിസ് വാന്‍ ഗാല്‍ വിമര്‍ശിക്കപ്പെടുകയാണ്. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അടുത്ത കോച്ചായി ചുമതലയേല്‍ക്കാനിരിക്കുകയാണ് വാന്‍ ഗാല്‍.
ലോകകപ്പില്‍ കുറഞ്ഞതൊന്നും വാന്‍ ഗാലിന്റെ അജണ്ടയില്‍ ഇല്ലായിരുന്നു. ഷൂട്ടൗട്ട് ദുരന്തം മുന്നില്‍ക്കാണാനുള്ള, ദൂരക്കാഴ്ച അല്പസമയത്തേക്ക് വാന്‍ ഗാലിന് നഷ്ടമായപ്പോള്‍ കൈവിട്ടത് കിരീടം തന്നെ. ടിം ക്രുള്‍ എന്ന ഗോള്‍ കീപ്പര്‍ ഉഗ്രന്‍ ഫോമില്‍ നില്‍ക്കുമ്പോള്‍ പകരക്കാരുടെ ബെഞ്ചിലിരുത്തിയത് വാന്‍ ഗാലിന്റെ പിഴവായി. ഇന്ന് ക്രുള്‍ ആയിരിക്കും വല കാക്കുക.
മാര്‍ട്ടിന്‍സ് ഇന്‍ഡി, വ്‌ലാര്‍, ഡി വ്രിജ് എന്നിവര്‍ സെന്റര്‍ ഡിഫന്‍സില്‍. ജന്‍മത്, ബ്ലിന്‍ഡ് വിംഗ് ബാക്കുകള്‍. സ്‌നൈഡര്‍, ഡു ഗുസ്മാന്‍ മധ്യത്തില്‍. റോബനും ഡിപെയും വിംഗ് അറ്റാക്കിന്. ഏക സ്‌ട്രൈക്കറായി ക്യാപ്റ്റന്‍ റോബിന്‍ വാന്‍ പഴ്‌സി.
സ്‌കൊളാരിയെ പോലെ വാന്‍ ഗാലിനും ദേശീയ ടീമിനൊപ്പം അവസാന മത്സരമാണ്. മികച്ച വിജയം തന്നെയാണ് മനസ്സില്‍. കിരീടം അര്‍ഹിക്കുന്ന നിരയാണിത്. ആരും കരുതിയിരുന്നില്ല ഡച്ച്ടീം ഗ്രൂപ്പ് റൗണ്ടിനപ്പുറം പോകുമെന്ന്. ഭാവിവാഗ്ദാനങ്ങള്‍ നിരവധിയാണ് ഈ ടീമില്‍. ഏറെ ഭാവിയുള്ള ടീം – വാന്‍ ഗാല്‍ പറഞ്ഞു.
ലോകകപ്പ് ഷെഡ്യൂളിനെ ആദ്യമേ പഴിച്ച വാന്‍ ഗാല്‍ ലൂസേഴ്‌സ് ഫൈനലിന് തയ്യാറെടുക്കാന്‍ വേണ്ട സമയം ലഭിച്ചില്ലെന്ന് പരാതി പറയുകയാണ്.
ബ്രസീലിന് കുറേക്കൂടി സമയം ലഭിച്ചു. കളിക്കാരെല്ലാം ക്ഷീണിതരാണ്. തുടരെ രണ്ട് മത്സരങ്ങളാണ് ഷൂട്ടൗട്ടിലെത്തിയത്. 240 മിനുട്ട് നേരം കളിക്കുകയെന്നത് കുറഞ്ഞ കാര്യമല്ലെന്നും ഡച്ച് കോച്ച്.
1998 ലോകകപ്പില്‍ ബ്രസീല്‍-ഹോളണ്ട് സെമിഫൈനല്‍ ഷൂട്ടൗട്ടിലാണ് കലാശിച്ചത്. അന്ന് ബ്രസീല്‍ അന്തിമജയം നേടിയപ്പോള്‍ കണ്ണീരണിഞ്ഞ ഡച്ച് സ്‌ട്രൈക്കര്‍ പാട്രിക് ക്ലൈവര്‍ട്ട് ഇപ്പോള്‍ അസിസ്റ്റന്റ് കോച്ചായി ടീമിനൊപ്പമുണ്ട്. ആ തോല്‍വിക്ക് 2010 ല്‍ ഹോളണ്ട് കണക്ക് തീര്‍ത്തു, ക്വാര്‍ട്ടറില്‍. ഇത്തവണ, ആരുടെ ഊഴമാകും.
മൂന്നാം സ്ഥാനത്തിനുള്ള പോരില്‍ ബ്രസീലിന് മികച്ചൊരു ചരിത്രമുണ്ട്. 1938 ല്‍ സ്വീഡനെ 2-4ന് തകര്‍ത്ത് ബ്രസീല്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
1978 ല്‍ ഇറ്റലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയതാണ് മറ്റൊരു നേട്ടം. എന്നാല്‍, 1974 ല്‍ പോളണ്ടിന് മുന്നില്‍ പതറി. ഹോളണ്ട് ഒരു തവണ മാത്രമാണ് മൂന്നാം സ്ഥാന പ്ലേ ഓഫ് കളിച്ചത്. 1998 ഫ്രാന്‍സ് ലോകകപ്പില്‍. ക്രൊയേഷ്യയോട് 2-1ന് തോല്‍ക്കുകയായിരുന്നു.