ഇസ്‌റാഈല്‍ ആക്രമണം: പ്രതീക്ഷ നല്‍കി റഫാ അതിര്‍ത്തി തുറന്നു

Posted on: July 12, 2014 6:00 am | Last updated: July 12, 2014 at 12:25 am

2014711103850726664_8കൈറോ: ക്രൂരമായ ജൂത ആക്രമണത്തില്‍ ചോരക്കളമായി മാറിയ ഗാസാ ചീന്തിലെ മനുഷ്യര്‍ക്ക് പ്രതീക്ഷയുടെ നേര്‍ത്ത കിരണമാകുകയാണ് റഫാ അതിര്‍ത്തി. ഈജിപ്ത് അതിര്‍ത്തി ക്രോസിംഗ് ആയ റഫാ ഭാഗികമായി തുറന്നതോടെ ബോംബാക്രമണത്തില്‍ പരുക്കേറ്റവര്‍ക്കും വീട് തകര്‍ന്നവര്‍ക്കും പുറത്ത് കടക്കാന്‍ വഴിയൊരുങ്ങിയിരിക്കുകയാണ്. ഗാസക്കാര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുളള ഒരേയൊരു മാര്‍ഗമായ റഫാ ക്രോസിംഗ് ഒരു മാസമായി ഈജിപ്ത് അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ നാല് ദിവസമായി തുടരുന്ന ഇസ്‌റാഈല്‍ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ഭാഗികമായി തുറക്കാന്‍ ഈജിപ്ത് തീരുമാനിച്ചതോടെ ആയിരങ്ങളാണ് അതിര്‍ത്തി കടക്കാന്‍ ഇവിടെയെത്തുന്നത്.
എന്നാല്‍ പലര്‍ക്കും അപ്പുറം കടക്കാനായില്ല. ബോംബാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റവര്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും മാത്രമേ അതിര്‍ത്തി കടക്കാനാകൂ എന്നാണ് ഈജിപ്ഷ്യന്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈജിപ്ഷ്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ചികിത്സക്കും മറ്റും അതിര്‍ത്തി കടന്നു പോകാമെന്നായിരുന്നു ഗാസാ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നത്. ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കാന്‍ ഫലസ്തീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നന്നേ പാടുപെടേണ്ടി വന്നു. സ്ത്രീകളും കുട്ടികളും അതിര്‍ത്തിയില്‍ ഇത്തിരി തുറന്നു വെച്ച ഗേറ്റ് കടക്കാന്‍ തിരക്ക് കൂട്ടിയതോടെ പലപ്പോഴും സംഘര്‍ഷത്തിന്റെ വക്കിലെത്തി. പോലീസിന് നേരിയ തോതില്‍ ലാത്തി വീശേണ്ടി വരികയും ചെയ്തു. ‘എന്റെ കുടുംബം സഊദിയിലാണ് ഉള്ളത്. ഈജിപ്ത് വഴി സഊദിയിലേക്ക് പോകാനായിരുന്നു ശ്രമം. പക്ഷേ എന്നെ കടത്തി വിട്ടില്ല. പഠനാവശ്യത്തിന് ഗാസയില്‍ എത്തിയ എന്റെ ആ ദൗത്യം പൂര്‍ത്തിയായിരിക്കുന്നു. ഇവിടെയുള്ള താമസ രേഖകള്‍ ഇനി പുതുക്കാനുമാകില്ല.’- റഫാ അതിര്‍ത്തിയില്‍ എത്തിയ അഹ്മദ് ദഗ്മ (24) പറഞ്ഞു.
ഖദ്‌റ അബ്ദുര്‍റസാഖി(37)ന് ഈജിപ്ഷ്യന്‍ പൗരത്വമുണ്ട്. അവര്‍ക്ക് രണ്ട് കുട്ടികളുമൊത്ത് അതിര്‍ത്തി കടക്കാം. പക്ഷേ ഭര്‍ത്താവിനെ ഇവിടെ ഉപേക്ഷിക്കേണ്ടി വരും. കാരണം അദ്ദേഹത്തിന് ഫലസ്തീന്‍ പാസ്‌പോര്‍ട്ടേ ഉള്ളൂ. ക്യാമ്പിന് മേല്‍ ബോംബ് പതിച്ചതിന്റെ ഞെട്ടലില്‍ അതിര്‍ത്തിയില്‍ ഓടിയെത്തിയതാണ് ഖദ്‌റയും കുടുംബവും. മധ്യ ഗാസയിലെ അല്‍ ബുര്‍ജി അഭയാര്‍ഥി ക്യാമ്പിലായിരുന്നു അവര്‍. ‘ഞങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. ഇത് ഒരു ജീവിതമാണോ?’ -ഖദ്‌റ ചോദിക്കുന്നു.
അതിര്‍ത്തി എത്ര നാള്‍ തുറന്നിരിക്കുമെന്ന് അറിയില്ലെന്ന് ക്രോസിംഗിന്റെ ഫലസ്തീന്‍ ഭാഗത്തെ ഡയറക്ടര്‍ ഖാലിദ് അല്‍ ശായര്‍ പറഞ്ഞു. ഏത് നിമിഷവും അതിര്‍ത്തി അടച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു.