Connect with us

National

നിയമസാധുത നല്‍കാനുള്ള ബി ജെ പി തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശം

Published

|

Last Updated

TH27_NRIPENDRA__TH_1915979e

നൃപേന്ദ്ര മിശ്ര

ന്യൂഡല്‍ഹി: മുന്‍ ടെലികോ റെഗുലേറ്റര്‍ നൃപേന്ദ്ര മിശ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കാനുള്ള നീക്കത്തിന് നിയമസാധുത നല്‍കാനുള്ള ബി ജെ പി തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശം. ഇതിന്റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്തായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്. മെയ് മാസത്തില്‍ മോദി സര്‍ക്കാര്‍ ഭരണമേറ്റെടുത്ത ശേഷം നടപ്പാക്കിയ ആദ്യ പ്രവര്‍ത്തനങ്ങളില്‍പ്പെട്ടതായിരുന്നു ഈ ഓര്‍ഡിനന്‍സ് പാസ്സാക്കല്‍. ഇതിന്റെ ഭാഗമായി ടെലികോം റഗുലേറ്ററി അതോറിറ്റി അല്ലെങ്കില്‍ ട്രായ് ആക്ടില്‍ മോദി സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നു. ഈ ആക്ട് അനുസരിച്ച് മിശ്രക്ക് ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കുമായിരുന്നില്ല.
ഓര്‍ഡിനന്‍സ് നിയമമാകാന്‍ പാര്‍ലിമെന്റിന്റെ രണ്ട് സഭകളുടെയും സാധൂകരണം വേണം. രാജ്യസഭയില്‍ ബില്‍ പാസ്സാക്കിയെടുക്കാന്‍ സര്‍ക്കാറിന് സാധിക്കില്ല. ബി ജെ പി ന്യൂനപക്ഷമായ ഇവിടെ 68 എം പിമാരുടെ പിന്തുണയുള്ള കോണ്‍ഗ്രസ് ഈ ബില്ലിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു വ്യക്തിയുടെ നേട്ടത്തിന് വേണ്ടി ഭൂരിപക്ഷത്തിന്റെ അംഗീകാരത്തോടെ ഇത്തരമൊരു ബില്‍ പാസ്സാക്കിയെടുക്കുന്നതിനെ പ്രതിപക്ഷാംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. ഏതെങ്കിലും വ്യക്തിക്ക് പാര്‍ട്ടി എതിരല്ല. ട്രായ് സ്ഥാപിച്ചപ്പോള്‍, ഇതിന്റെ ചെയര്‍മാനായിരുന്നയാള്‍ മറ്റൊരു സര്‍ക്കാര്‍ സേവനത്തിലും ഉണ്ടായിരിക്കരുതെന്ന് നിയമമാക്കപ്പെട്ടതാണ്. ഇത് ലംഘിക്കപ്പെടരുതെന്നും കോണ്‍ഗ്രസ് എം പി ശശി തരൂര്‍ പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ട്രായ് നിയമത്തില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്നും ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ ബില്‍ പാര്‍ലിമെന്റിന്റെ രണ്ട് സഭകളിലും വിജയിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
ട്രായ് നിയമത്തില്‍ മാറ്റം വരണമെന്നും ട്രായിയുടെ അധ്യക്ഷന് മാത്രമേ ഇങ്ങനെയൊരു നിയമം നിലവിലുള്ളൂവെന്നും സര്‍ക്കാര്‍ വാദിക്കുന്നു. മെയ് 26ന് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് തന്നെ മിശ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു. 1967 ഐ എ എസ് ബാച്ചില്‍ പെട്ട മിശ്ര പ്രധാനപ്പെട്ട പല സര്‍ക്കാര്‍ ഉദ്യോഗങ്ങളും വഹിച്ചിട്ടുണ്ട്. 1990ല്‍ കല്യാണ്‍ സിംഗ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും മിശ്ര പ്രവര്‍ത്തിച്ചിട്ടുണ്ട്.

Latest