നിര്‍മാണമേഖലക്കായി മണല്‍ ഇറക്കുമതി ചെയ്യും

Posted on: July 11, 2014 12:37 am | Last updated: July 11, 2014 at 12:37 am

തിരുവനന്തപുരം: നിര്‍മാണ മേഖല നേരിടുന്ന മണല്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് വിദേശത്ത് നിന്നും മണല്‍ ഇറക്കുമതി ചെയയ്യുന്ന കാര്യം പരിശോധിക്കുമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വ കക്ഷി യോഗം വിളിക്കുമെന്നും മന്ത്രി ഷിബു ബേബി ജോണ്‍ നിയമസഭയില്‍ അറിയിച്ചു.
നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം സംസ്ഥാനത്ത് നിര്‍മാണ മേഖല നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് മുല്ലക്കര രത്‌നാകരന്‍ അവതരണാനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. നിര്‍മാണ മേഘല നേരിടുന്ന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍മാണതൊഴിലാളികളുടെ യോഗം വിളിച്ചു കൂട്ടിയിരുന്നു. യോഗത്തില്‍ വിദേശത്തു നിന്ന് മണലിറക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. മണല്‍ക്ഷാമം പരിഹരിക്കുന്നതിന് സംസ്ഥാനത്തെ ഡാമുകളില്‍ നിന്ന് മണലെടുക്കുന്നതും പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ പാറഖനനം ചെയ്യുന്നതും സര്‍ക്കാറിന്റെ പരിഗണനയിലാണ്. 1400 കോടി ഗവ. കോണ്‍ട്രാക്ടര്‍മാര്‍ക്ക് കുടിശിക നല്‍കാനുണ്ട്. സെപ്തംബര്‍ വരെയുള്ള കുടിശിക കൊടുത്തു തീര്‍ത്തു. ബാക്കി തുക ഉടന്‍ വിതരണം ചെയ്യും. നിര്‍മാണ മേഖലയില്‍ സ്തംഭനമില്ലെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
സംസ്ഥാനത്തെ നിര്‍മാണമേഖല സ്തംഭിച്ചിരിക്കുകയാണെന്നും നിര്‍മാണത്തൊഴിലാളികള്‍ ആത്മഹത്യയുടെ വക്കിലാണെന്നും മുല്ലക്കര രത്‌നാകരന്‍ ആരോപിച്ചു. ഈ മാസം 15 മുതല്‍ ഒരു വര്‍ക്കും ചെയ്യേണ്ടതില്ലെന്നാണ് ഗവ. കോണ്‍ട്രാക്ടര്‍മാരുടെ തീരുമാനം. പുതിയ ഒരു കരാറുകളും അവര്‍ ഏറ്റെടുക്കുന്നില്ല. നിര്‍മാണ തൊഴിലാളികള്‍ കടുത്ത ദാരിദ്ര്യത്തിന്റെ വക്കിലാണ്. കര്‍ക്കിടമാസം കാലന്റെ മാസമാണ്. കാലന് മന്ത്രിമാരുടെ മുഖമാണെന്നും മുല്ലക്കര ആരോപിച്ചു.
കാലന് മന്ത്രിമാരുടെ മുഖമാണെങ്കില്‍ കാലന്റെ വാഹനമായ പോത്തിന്റെ മുഖമാണ് പ്രതിപക്ഷത്തെ പലര്‍ക്കുമെന്ന് ഷിബുബേബി ജോണ്‍ തിരിച്ചടിച്ചു. വിഷയദാരിദ്ര്യം കൊണ്ടാണ് പ്രതിപക്ഷം ഇങ്ങനെയൊരു അടിയന്തരപ്രമേയം കൊണ്ടു വന്നത്. നിര്‍മാണ മെഖലയില്‍ ഭരണസ്തംഭനമില്ല. സമരം ചെയ്യാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ സര്‍ക്കാറിനെ വെല്ലുവിളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
നിര്‍മാണ മേഖലയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഇറങ്ങിപ്പോകുന്നതിന് മുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് സഹായകരമായ നിര്‍മാണ മേഖലയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. എന്നാല്‍ അനധികൃത നിര്‍മാണം പൊടിപൊടിക്കുകയാണ്. നിര്‍മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുള്ള കുടിശിക ഉടന്‍ വിതരണം ചെയ്യണമെന്നും വി എസ് ആവശ്യപ്പെട്ടു.