Connect with us

Kozhikode

പെരുന്നാളിനായി വസ്ത്ര വിപണി ഒരുങ്ങി

Published

|

Last Updated

കോഴിക്കോട്: ആഹ്ലാദത്തിന്റെ പൂത്തിരിയുമായി വീണ്ടും പെരുന്നാളെത്തുമ്പോള്‍ ആഘോഷത്തിനായി വിപണിയുമൊരുങ്ങി. കുഞ്ഞിക്കണ്ണുകള്‍ക്ക് പ്രിയം നല്‍കുന്ന കുട്ടിക്കുപ്പായങ്ങളുടെ വര്‍ണക്കാഴ്ചകളും വിവിധ തരത്തിലുള്ള വസ്ത്രങ്ങളുടെ പുത്തന്‍ ഫാഷനുകളുമാണ് പെരുന്നാളിനെ വരവേല്‍ക്കാനായി ഒരുങ്ങിയിരിക്കുന്നത്.
വര്‍ണങ്ങളുടെ മേളം തീര്‍ത്ത വസ്ത്രങ്ങള്‍ സ്വന്തമാക്കാനായി നഗരത്തിലെ പ്രമുഖ തുണിക്കടകളിലെല്ലാം തിരക്കനുഭവപ്പെട്ട് തുടങ്ങി. റമസാന്‍ രണ്ടാം പത്തിലേക്ക് കടന്നതോടെയാണ് കച്ചവടവും തകൃതിയായി തുടങ്ങിയത്. തുണിയിലും ഫാഷനിലും വ്യത്യസ്തതയുള്ള കുഞ്ഞുടുപ്പുകള്‍ക്കും ചുരിദാറുകള്‍ക്കുമെല്ലാം ഗുണനിലവാരത്തിനനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്. നിറപ്പകിട്ടും വ്യത്യസ്തതയും തീര്‍ത്താണ് പെരുന്നാള്‍ വിപണി തുണിക്കടകള്‍ ഒരുക്കിയിരിക്കുന്നത്. പാരമ്പര്യ വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്കൊപ്പം റെഡിമെയ്ഡ് വസ്ത്രങ്ങളുടെ പുതുപുത്തന്‍ ഫാഷനുകളും കടകളിലെത്തിയിട്ടുണ്ട്. തുണിക്കടകള്‍ പ്രത്യേക ഓഫറുകള്‍ നല്‍കിയാണ് ആവശ്യക്കാരെ ആകര്‍ഷിക്കുന്നത്. സാരിയിലും ചുരിദാറിലും കുട്ടികളുടെ ഉടുപ്പുകളിലുമെല്ലാം ഇത്തവണ പുതിയ ഫാഷനുകളാണ് ആവശ്യക്കാരെ കൂടുതലായി ആകര്‍ഷിക്കുന്നത്. ടെക്‌സ്റ്റൈല്‍സുകള്‍ കാര്‍ണിവലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പുരുഷന്‍മാര്‍ക്ക് പതിവു പോലെ തന്നെ ബ്രാന്‍ഡുകളോടു തന്നെയാണ് താത്പര്യം. അടുത്ത ദിവസങ്ങളിലായി പെരുന്നാള്‍ വിപണി കൂടുതല്‍ സജീവമാകും.