വെറുതേ ഒരു പച്ചവിവാദം

Posted on: July 10, 2014 5:58 am | Last updated: July 10, 2014 at 2:00 am

pacha-360x189പച്ച ബ്ലൗസ് വിവാദത്തിന് പിറകെ സംസ്ഥാനത്ത് പച്ച ബോര്‍ഡ് വിവാദം കത്തിക്കയറുകയുണ്ടായി. വിദ്യാഭ്യാസ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ പി കെ അബ്ദുര്‍റബ്ബിന്റ മണ്ഡലമായ തിരൂരങ്ങാടിയിലെ ചില സ്‌കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡുകളുടെ നിറം മാറ്റി പച്ചയാക്കിയതാണ് പ്രശ്‌നം. ഇത് ലീഗിന്റെ ഹിഡന്‍ അജന്‍ഡയാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടി പിണറായി വിജയനും മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബിയുമടക്കമുള്ളവരുടെ കണ്ടെത്തല്‍. കേവലം പ്രാദേശികമായി നടപ്പാക്കിയ നിരുപദ്രവകരമായ ഈ നടപടി വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശാനുസരണമാണെന്നും പിണറായിയും സി പി എം മുഖപത്രവും ആരോപിക്കുന്നു. എണ്ണയൊഴിച്ചുകൊടുക്കാന്‍ മാധ്യമങ്ങള്‍ പരമാവധി ചെയ്യുന്നു. സംഘ് പരിവാര്‍ ഒരു ഭാഗത്ത് കാവിവത്കരണം നടപ്പാക്കുമ്പള്‍ മറ്റൊരു ഭാഗത്ത് ലീഗ് പച്ചവത്കരണം നടപ്പാക്കുകയാണെന്നും ഇത് ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കുമെന്നും പിണറായി ആശങ്കപ്പെടുകയുമുണ്ടായി. നിറം മാറ്റം തന്റെ അറിവോടെയല്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഉത്തരവൊന്നും നല്‍കിയിട്ടില്ലെന്നും മന്ത്രി അബ്ദുര്‍റബ്ബ് ആണയിട്ടിട്ടും ആളുകള്‍ അബ്ദുര്‍റബ്ബിനെ വിടുന്ന ലക്ഷണമില്ല.
സംഘ്പരിവാറാണ് പ്രശ്‌നത്തിന് വര്‍ഗീയ മാനം നല്‍കിയിരുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. പോകട്ടെ, സഖാവ് വി എസ് ആണ് വിവാദമുയര്‍ത്തിയതെങ്കിലും സഹിക്കാം. മലപ്പുറത്തെകുട്ടികള്‍ റാങ്ക് നേടുന്നത് കോപ്പിയടിച്ചിട്ടാണെന്നാണല്ലോ അദ്ദേഹത്തിന്റെ സിദ്ധാന്തം. സമാനമായ പല അഭിപ്രായങ്ങളും സഖാവില്‍ നിന്നുണ്ടാകാറുണ്ട്. അദ്ദേഹമല്ല, സി പി എമ്മിന്റെ പ്രമുഖ നേതാക്കളാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തിറങ്ങിയത് എന്നതാണ് അതിശയകരവും ആശങ്കാജനകവും. അതും പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ ചുക്കാന്‍ പിടിക്കുന്ന പിണറായിയും അത്യാവശ്യം ലോകവിവരമുണ്ടെന്ന് കരുതിയിരുന്ന എം എ ബേബിയുമൊക്കെ ആകുേമ്പോള്‍ വല്ലാത്തൊരു ചേലില്ലായ്മ. എം എം മണിയെപ്പോലെ എന്തും വിളിച്ചുകൂവേണ്ടവരല്ലല്ലോ ഇവരെ പോലുള്ള നേതാക്കള്‍. ആകസ്മികമായി ഉടലെടുക്കുന്ന സംഭവങ്ങളെ മതത്തിന്റെയും കക്ഷി രാഷ്ട്രീയത്തിന്റയും വീക്ഷണകോണിലൂടെ വിലയിരുത്തുന്നതും അവക്ക് വര്‍ഗീയ നിറം നല്‍കുന്നതും പിണറായിയെപ്പോലെയുള്ള ഉത്തരവാദപ്പെട്ട നേതാക്കള്‍ക്ക് ചേര്‍ന്നതാണോ?
ലീഗിന്റെ കൊടിയുടെ നിറമെന്നതിലപ്പുറം പച്ച, ഐശ്യര്യത്തിന്റെ പ്രതീകമാണ്. ബ്ലാക്ക് ബോര്‍ഡിന്റെ സ്ഥാനത്ത് പല രാഷ്ട്രങ്ങളും മുമ്പേ പച്ച ബോര്‍ഡ് പരിഷ്‌കരണം നടപ്പാക്കിയിട്ടുണ്ട്. ഒന്നര ദശാബദത്തോളമായി സംഘ് പരിവാറിന്റെ ഭരണത്തിലിരിക്കുന്ന ഗുജറാത്തിലടക്കം ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വര്‍ഷങ്ങളായി പച്ച ബോര്‍ഡുകളാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പച്ച ബോര്‍ഡുകളാണ് ഉപയോഗിക്കുന്നത്. ലീഗിന്റെ താത്പര്യ പ്രകാരമോ ലീഗ് മന്ത്രിമാരുടെ ഉത്തരവനുസരിച്ചോ നിലവില്‍ വന്നതല്ല ഇതൊന്നും. ആഗോള തലത്തില്‍ പച്ച നറിത്തിനുള്ള അംഗീകാരവും കറുപ്പിനേക്കാള്‍ കണ്ണിന് കുളിര്‍മയും എഴുത്തിന് തെളിമയും പച്ചയിലാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഈ പരിഷ്‌കരണങ്ങള്‍. ബ്ലാക്ക് ബോര്‍ഡുകളേക്കാള്‍ നല്ലത് പച്ച ബോര്‍ഡുകളാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്. സ്ഥലവും ദൂരവും കാണിക്കാനായി നമ്മുടെ ദേശീയ പാതയോരങ്ങളില്‍ സ്ഥാപിക്കുന്ന ബോര്‍ഡുകളുടെ നിറം കറുപ്പിന് പകരം പച്ചയാക്കിയതും പിണറായി കാണാതിരിക്കാനിടയില്ല.
ലീഗിന്റെ കൊടിയുടെ നിറം പച്ചയായതു കൊണ്ട് അതില്‍ ന്യൂനപക്ഷ വര്‍ഗീയത ദര്‍ശിക്കുന്ന പിണറായി, ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി സി പി എമ്മിന്റെ കൊടിയുടെ നിറമായ ചുകപ്പ് കൊലപാതക രാഷ്ട്രിയത്തിന്റെയും ഭീകരതയുടെയും പ്രതീകമായി ആരെങ്കിലും വ്യാഖ്യാനിച്ചാല്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക? പച്ച ലീഗിനും ചുകപ്പ് കമ്യൂണിസ്റ്റുകാര്‍ക്കും കാവി ആര്‍ എസ് എസിനുമായി ആരും പതിച്ചു നല്‍കിയിട്ടില്ല. ജനതാ ദള്‍ പോലുള്ള കക്ഷികളും പച്ചക്കൊടി ഉപയോഗിക്കുന്നുണ്ട്. ബ്ലാക്ക് ബോര്‍ഡിന്റെ നിറം മാറ്റിയതില്‍ നിയമപരമായ അപാകമോ അശാസ്ത്രീയതയോ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടുകയോ വിമര്‍ശിക്കുകയോ ആകാം. അല്ലാതെ ലീഗിന്റെ കൊടിയുടെ നിറമെന്ന മട്ടിലുള്ള വിമര്‍ശം ശുദ്ധവിവരക്കേടും അല്‍പ്പത്തവുമാണ്.
കെ ഇ ആറില്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെപ്പറ്റി പറയുന്നിടത്ത് സ്റ്റാന്‍ഡോടുകൂടിയ ബ്ലാക്ക് ബോര്‍ഡ് വേണമെന്നു നിര്‍ദേശിക്കുന്നുണ്ടെണ്ടെങ്കിലും അത് കറുത്ത ബോര്‍ഡ് എന്ന അര്‍ഥത്തിലല്ലെന്നും വിദ്യാര്‍ഥികള്‍ക്ക് എഴുത്ത് വ്യക്തമായി കാണാവുന്ന വിധത്തിലുള്ള ബോര്‍ഡാണ് ഉദ്ദേശ്യമെന്നുമാണ് വിദഗ്ധരില്‍ പലരുടെയും വ്യാഖ്യാനം. വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങളെ സങ്കുചിത രാഷ്ട്രീയത്തിന്റെ അളവുപാത്രത്തലിട്ട് തിട്ടപ്പെടുത്തുന്നതിന് പകരം വിദ്യാര്‍ഥികളുടെ നന്മക്കും മാനസിക വികാസത്തിനും പഠന നിലവാരത്തിന്റെ ഉയര്‍ച്ചക്കും എത്രത്തോളം പ്രയോജനപ്പെടുമെന്ന വിലയിരുത്തലാണ് വിവേകശാലികളായ നേതാക്കളില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പ് സര്‍വശിക്ഷാ അഭിയാന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ത്തോടനുബന്ധിച്ചു നടന്ന ഘോഷയാത്രയിലും ഉദ്ഘാടനച്ചടങ്ങിലും അധ്യാപികമാര്‍ പച്ച ബ്ലൗസ് ധരിച്ച് എത്തണമെന്ന ഒരു എസ് എസ് എ പ്രോജക്ട് ഓഫീസറുടെ ഉത്തരവ് വന്‍വിവാദമായതാണ്. വിദ്യാഭ്യാസ മന്ത്രിയറിയാതെ നല്‍കിയ ഈ ഉത്തരവും ലീഗിന്റെ ഹിഡന്‍ അഡന്‍ഡയായി വ്യാഖ്യാനിക്കപ്പെട്ടു. അന്നും സംഘ്പരിവാറിനൊപ്പം സി പി എം ശക്തമായി രംഗത്തു വന്നിരുന്നു. ഈ വിവാദത്തിനിടെയാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്ബ് പങ്കെടുത്ത നൂറനാട് സി ബി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടോദ്ഘാടന ചടങ്ങില്‍ സി പി എം ജില്ലാ പഞ്ചായത്ത് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ കെ ആനന്ദവല്ലിയമ്മ പച്ച ബ്ലൗസണിഞ്ഞ് എത്തിയത്. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചും എസ് എഫ് ഐക്കാര്‍ കോലം കത്തിച്ചും മന്ത്രിയുടെ വിദ്യാഭ്യാസ നയത്തിലും പച്ച ബ്ലൗസ് വിവാദത്തിലും പ്രതിഷേധിച്ചു കൊണ്ടിരിക്കെ ആനന്ദവല്ലിയമ്മ ചടങ്ങില്‍ പങ്കെടുത്തതും പച്ച വേഷം ധരിച്ചതും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തിയതും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായതും സ്വാഭാവികം മാത്രം. വസ്ത്രങ്ങളുടെ നിറങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് അപക്വമാണെന്ന ബോധ്യമുള്ളതു കൊണ്ടായിരുന്നു അന്നവര്‍ പച്ച ബ്ലൗസ് അണിയാന്‍ തന്റേടം കാണിച്ചത്. പാര്‍ട്ടിയുടെ ആ പ്രാദേശിക നേതാവിന്റെ വിവേകെമങ്കിലും ഇത്തരം പ്രശ്‌നങ്ങളില്‍ വലിയ നേതാക്കളെന്ന് കരുതുന്നവര്‍ക്ക് വേണ്ടതായിരുന്നു.