വസതിയില്‍ നിന്ന് കണ്ടെടുത്ത രണ്ട് കോടി രൂപ തന്റെതല്ലെന്ന് എം പി

Posted on: July 10, 2014 6:00 am | Last updated: July 10, 2014 at 1:52 am
giriraj singh
ഗിരിരാജ് സിംഗ് എം.പി

പാറ്റ്‌ന: തന്റെ വസതിയില്‍ കവര്‍ച്ച നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട നാലംഗ സംഘത്തില്‍ നിന്ന് കണ്ടെടുത്ത രണ്ട് കോടിയോളം രൂപ തന്റെതല്ലെന്ന് മുതിര്‍ന്ന ബി ജെ പി നേതാവും എം പിയുമായ ഗിരിരാജ് സിംഗ് പറയുന്നു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് നരേന്ദ്ര മോദിയെ പിന്താങ്ങാത്തവര്‍ പാക്കിസ്ഥാനില്‍ പോകണമെന്ന ഗിരിരാജിന്റെ പ്രസ്താവം ഏറെ വിവാദമായതാണ്.
ചൊവ്വാഴ്ച അറസ്റ്റ് ചെയ്യപ്പെട്ട നാല് പേരില്‍ നിന്ന് 1.14 കോടി രൂപയും 600 ഡോളറുകളും, സ്വര്‍ണം വെള്ളി ആഭരണങ്ങളും വിലകൂടിയ ആറ് വാച്ചുകളും പോലീസ് കണ്ടെടുത്തിരുന്നു. എസ് കെ പുരി പോലീസ് സ്റ്റേഷന് കീഴില്‍ വരുന്ന ബോറിംഗ് റോഡിലെ സിംഗിന്റെ ശിവം അപ്പാര്‍ട്ടുമെന്റില്‍ നിന്നും കവര്‍ച്ച ചെയ്തതാണിവയെന്ന് പാറ്റ്‌ന പ്രത്യേക പോലീസ് സൂപ്രണ്ട് മനു മഹാരാജ് പറഞ്ഞിരുന്നു.
ഇതൊന്നും തന്റെതല്ലെന്നും, ഈ പ്രചാരണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും 56കാരനായ ബി ജെ പി നേതാവ് ആരോപിച്ചു. വളരെ ചെറിയ ഒരു തുകയും ഏതാനും ആഭരണങ്ങളും മാത്രമാണ് തന്റെ വസതിയില്‍ നിന്ന് കവര്‍ച്ച ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. എം പിയുടെ അംഗരക്ഷകന്‍, വീട്ടുവേലക്കാരന്‍, അപ്പാര്‍ട്ട്‌മെന്റ് കാവല്‍ക്കാരന്‍ എന്നിവരും മറ്റൊരാളുമാണ് കവര്‍ച്ചക്ക് അറസ്റ്റ് ചെയ്യപ്പെട്ടത്. കവര്‍ച്ച നടക്കുമ്പോള്‍ താന്‍ ഡല്‍ഹിയിലായിരുന്നുവെന്നും സിംഗ് പറഞ്ഞു. വളരെ ആസൂത്രിതമായാണ് കവര്‍ച്ച നടന്നത്. എം പി യുടെ ഫഌറ്റില്‍ എവിടെയാണ് വില പിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് കവര്‍ച്ച നടത്തിയവര്‍ക്കറിയാമായിരുന്നു. പൂട്ട് പൊളിച്ച് അകത്ത് കടന്ന അവര്‍ നാല് വലിയ സൂട്ട്‌കേസുകളില്‍ സാധനങ്ങളെല്ലാം കുത്തി നിറച്ചശേഷം ഒരു ഓട്ടോ റിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ ഹാജിപൂരിലേക്ക് പോകാനിരിക്കുകയായിരുന്നു. സിറ്റിയിലെ ഗാന്ധി മൈതാന്‍ പ്രദേശത്തു നിന്ന് ഒരാള്‍ നാല് സ്യൂട്ട്‌കേസുകളുമായി സംശയാസ്പദ സാഹചര്യത്തില്‍ സുല്‍ത്താന്‍ഗഞ്ച് ഭാഗത്തേക്ക് പോകുന്നതായി ചൊവ്വാഴ്ച പോലീസിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. എം പിയുടെ ഫഌറ്റില്‍ നിന്ന് കവര്‍ന്ന സാധനങ്ങളാണ് പെട്ടികളിലുള്ളതെന്ന് അയാള്‍ മൊഴി നല്‍കി.
ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് മറ്റ് മൂന്ന് പേരെ കൂടി പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.