പുകയിലജന്യ രോഗങ്ങള്‍; മലയാളിക്ക് നഷ്ടം പ്രതിവര്‍ഷം 1,514 കോടി

Posted on: July 10, 2014 6:00 am | Last updated: July 10, 2014 at 12:26 am

cigarതിരുവനന്തപുരം: നാല് പ്രധാന പുകയിലജന്യ രോഗങ്ങള്‍ മൂലം മലയാളിക്ക് പ്രതിവര്‍ഷം 1,514 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പഠന റിപോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ 13 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആരോഗ്യ മേഖലക്കുവേണ്ടി സര്‍ക്കാര്‍ നീക്കിവെക്കുന്ന തുകയേക്കാള്‍ കൂടുതലാണ് ചികിത്സാ ചെലവിലൂടെ നഷ്ടപ്പെടുന്നത്. 2010- 2011ല്‍ സംസ്ഥാനത്തിന് ലഭിച്ച മൊത്തം റവന്യൂ വരുമാനമായ 302 കോടിയേക്കാള്‍ 400 ശതമാനം കൂടുതലാണ് ഈ തുകയെന്ന് കണക്കുകള്‍ നിരത്തി പഠനം വെളിപ്പെടുത്തുന്നു.
പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന ഹൃദ്രോഗം, ക്യാന്‍സര്‍, ക്ഷയ രോഗം, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുണ്ടാക്കുന്ന പണച്ചെലവ് 545 കോടി രൂപയാണ്. അതില്‍ ഹൃദ്രോഗ ചികിത്സക്കായി മാത്രം 226 കോടി വേണ്ടിവരുന്നു. ഇത് മൊത്തം ചെലവിന്റെ 52 ശതമാനത്തോളമാണ്. ശ്വാസകോശ രോഗങ്ങള്‍ക്കായി 198 കോടിയും ക്യാന്‍സറിനായി 67 കോടിയും ക്ഷയ രോഗത്തിനായി 55 കോടിയുമാണ് ചെലവഴിക്കപ്പെടുന്നത്. ഹൃദ്രോഗം മൂലമുള്ള സാമ്പത്തിക ചെലവില്‍ 51 ശതമാനവും നേരിട്ടുള്ള ചികിത്സാ ചെലവുകളാണ്. എന്നാല്‍ ശ്വാസകോശ രോഗങ്ങളുടെ 48 ശതമാനവും രോഗാതുരത മൂലമുണ്ടാകുന്ന ചെലവുകളാണ്. ക്യാന്‍സര്‍ ഒഴികെ മറ്റ് മൂന്ന് രോഗങ്ങളും സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതലാണ്. ക്യാന്‍സര്‍ ചികിത്സക്കുള്ള ചെലവ് സ്ത്രീകള്‍ക്ക് 13.5 കോടിയും പുരുഷന്മാര്‍ക്ക് 2.4 കോടിയുമാണ്. ഗ്ലോബല്‍ അഡല്‍റ്റ് ടുബാക്കോ സര്‍വേ പ്രകാരം കേരളത്തില്‍ 15 വയസ്സിന് മുകളിലുള്ള 21.4 ശതമാനം പേരും പുകയില ഉപയോഗിക്കുന്നവരാണ്. ഇവരില്‍ 10.7 ശതമാനം പുകരഹിത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തില്‍ നടത്തിയ ‘പുകയിലജന്യ രോഗങ്ങള്‍ മൂലമുള്ള സാമ്പത്തിക നഷ്ടം എന്ന പഠനത്തിന്റെ പ്രകാശനം ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ നിര്‍വഹിച്ചു.