Connect with us

International

ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം ശക്തം: മരണം 72

Published

|

Last Updated

ഗാസ സിറ്റി: ഇസ്രായേലിന്റെ രൂക്ഷമായ വ്യോമാക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി. ബുധനാഴ്ച്ച ഗാസ മുനമ്പില്‍ ഇസ്‌റാഈല്‍ സൈന്യം 160 തവണ വ്യോമാക്രമണം നടത്തി. ഇതില്‍ സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഹമാസിന്റെ സൈനിക വിഭാഗമായ ഖസം ബ്രിഗേഡ്‌സിന്റെ കമാന്‍ഡറുടെ വീട് ലക്ഷ്യമാക്കി ഇന്നലെ രാവിലെ ആക്രമണം നടന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അനൗദ്യോഗിക ആള്‍നാശം ഇതിന് പുറമെയുണ്ട്.

ഇസ്‌ലാമിക് ജിഹാദിന്റെ സൈനിക തലവന്‍ ഹാഫിസ് ഹമദിന്റെ വീട് ബോംബ് വെച്ച് തകര്‍ത്തിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന അദ്ദേഹവും മറ്റ് നാല് സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി അയല്‍വാസികളും ആശുപത്രി വൃത്തങ്ങളും അറിയിച്ചു. ഗാസ സിറ്റിയുടെ തെക്കന്‍ ഭാഗത്തുള്ള അല്‍ മുഗാറഖ ഗ്രാമത്തില്‍ വ്യോമാക്രമണത്തില്‍ 80 വയസ്സുള്ള വൃദ്ധ കൊല്ലപ്പെട്ടു.

റിസര്‍വ് വിഭാഗത്തിലുള്ള നാല്‍പ്പതിനായിരം സൈനികരെ വിന്യസിക്കാന്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അര്‍ധരാത്രിക്കും പ്രഭാതത്തിനും ഇടയില്‍ ഗാസയില്‍ നിന്ന് ഇസ്‌റാഈലിലേക്ക് നാല് റോക്കറ്റാക്രമണങ്ങള്‍ ഉണ്ടായതായി സൈന്യം അവകാശപ്പെട്ടു. മൂന്നെണ്ണം പതിച്ചത് തെക്കന്‍ നഗരമായ ബിഅ്ര്‍ സബ്അയിലാണ്. രാവിലെ ടെല്‍ അവീവില്‍ നാല് റോക്കറ്റുകള്‍ പതിച്ചിട്ടുണ്ട്. “അയേണ്‍ ഡോം” സംവിധാനം ഉപയോഗിച്ചുള്ള റോക്കറ്റുകളാണ് തൊടുത്തുവിട്ടതെന്ന് സൈന്യം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഖസം ബ്രിഗേഡ് ഏറ്റെടുത്തിട്ടുണ്ട്. പ്രാദേശികമായി നിര്‍മിച്ച 80 കിലോമീറ്റര്‍ ദൂരപരിധിയുള്ള എം 75 റോക്കറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഖസം ബ്രിഗേഡ് അറിയിച്ചു. ഗാസയില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലെയുള്ള ഹദീരയില്‍ ഒരു റോക്കറ്റ് പതിച്ചിട്ടുണ്ട്.

ഇസ്‌റാഈലിലെ തെക്കന്‍ നഗരമായ സികിമിലെ സൈനിക താവളത്തില്‍ നാവിക കമാന്‍ഡോകള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളും ഇസ്‌റാഈലി സൈന്യവും തമ്മില്‍ രാത്രിയിലുടനീളം സംഘര്‍ഷമുണ്ടായി. റാമല്ലക്ക് സമീപം ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബത്‌ലഹേമിലും ഹീബ്രോണിലും പ്രതിഷേധം അലയടിച്ചു. ഇസ്‌റാഈലിന്റെയും ഈജിപ്തിന്റെയും ഉപരോധം കാരണം ഗാസയിലെ ജനങ്ങള്‍ തീരാ ദുരിതത്തിലുമാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യ രാഷ്ട്ര സഭയുടെ അടിയന്തര യോഗം വിളിക്കാന്‍ ആവശ്യപ്പെടുമെന്ന് അറബ് ലീഗ് അറിയിച്ചു.

അതിനിടെ, റോക്കറ്റ് ആക്രമണം അവസാനിപ്പിക്കാന്‍ സന്നദ്ധമാണെന്ന് ഹമാസ് അറിയിച്ചു. കഴിഞ്ഞയാഴ്ചകളില്‍ കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാണ് ഹമാസിന്റെ ആവശ്യം. ഏപ്രിലില്‍ പ്രഖ്യാപിച്ച ഹമാസ്- ഫതഹ് അനുരഞ്ജന കരാര്‍ അട്ടിമറിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. കഴിഞ്ഞ മാസം 12 ാം തീയതി മുതല്‍ തൊള്ളായിരത്തോളം ഫലസ്തീനികളെ ഇസ്‌റാഈല്‍ തടവിലാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം മൂന്ന് ഇസ്‌റാഈല്‍ ചെറുപ്പക്കാരെ കാണാതായതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. ഇവരെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതിന് പിന്നില്‍ ഹമാസെന്ന് ഇസ്‌റാഈല്‍ ആരോപിക്കുന്നു. ഹമാസ് ഇത് നിഷേധിച്ചിട്ടുണ്ട്. ഇതിന് പ്രതികാരമായി കിഴക്കന്‍ ജറുസലമില്‍ നിന്ന് ഫലസ്തീന്‍ കൗമാരക്കാരനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്നു. ഫതഹ് ഗ്രൂപ്പും ഹമാസും അനുരഞ്ജന കരാറില്‍ ഏര്‍പ്പെടുകയും ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തതാണ് ഇസ്‌റാഈലിനെ യഥാര്‍ഥത്തില്‍ പ്രകോപിപ്പിച്ചത്.

Latest