കച്ചവടവും വാടക സ്റ്റോറും

Posted on: July 9, 2014 5:12 am | Last updated: July 9, 2014 at 12:12 am

നാട്ടില്‍ പണിയൊന്നുമില്ലാതെ കഴിയുന്ന ശരീഫിന് ജ്യേഷ്ഠന്‍ ഒരു ലക്ഷം രൂപ അയച്ചുകൊടുത്തു. മുഹര്‍റം ഒന്നിന് ഇത് കൈപ്പറ്റി. സ്വഫര്‍ ഒന്നിന് ശരീഫ് ഈ തുകക്കത്രയും ചെരിപ്പുകള്‍ വാങ്ങി ഒരു കടയാരംഭിച്ചു. ഇനി ഈ കച്ചവടത്തിന്റെ സകാത്ത് എങ്ങനെ കണക്കാക്കണം? ഇവിടെ ശരീഫ് കടയാരംഭിക്കുന്നത് സ്വഫര്‍ ഒന്നിനാണെങ്കിലും അതിനുപയോഗിച്ച ഒരു ലക്ഷം രൂപ അതിന്റെ ഒരു മാസം മുമ്പ് കൈയിലെത്തിയതു കൊണ്ടും ഈ തുക സകാത്ത് നിര്‍ബന്ധമാകാനുള്ള 595 ഗ്രാം വെള്ളിയുടെ വിലയുള്ളതിനാലും അടുത്ത മുഹര്‍റം ഒന്നിന് തന്നെ കടയില്‍ സ്റ്റോക്കെടുപ്പ് നടത്തണം. നിലവില്‍ ഉള്ള സാധനങ്ങള്‍ക്ക് മാര്‍ക്കറ്റ് വിലയാണ് കൂട്ടേണ്ടത്. ഹോള്‍സൈല്‍ സാധനങ്ങള്‍ക്ക് ഹോള്‍സൈല്‍ മാര്‍ക്കറ്റ് വിലയും റീട്ടയില്‍ സാധനങ്ങള്‍ക്ക് റീടെയില്‍ മാര്‍ക്കറ്റ് വിലയും കണക്കാക്കണം. ഒപ്പം കടം പോയതില്‍ കിട്ടുമെന്ന് ഉറപ്പുള്ളതും കടയില്‍ നിന്നു ആഴ്ചക്കുറിയായോ മറ്റോ നിക്ഷേപിച്ച വല്ലതുമുണ്ടെങ്കില്‍ അതും കൂട്ടണം. (ലഭ്യമായ ലാഭത്തില്‍ നിന്ന് ചെലവായിപ്പോയതൊന്നും കൂട്ടേണ്ടതില്ല. ) ഇത് മൊത്തം രണ്ട് ലക്ഷം രൂപക്കുള്ള മൂല്യമുണ്ടെന്നു വെക്കുക. അതിന്റെ രണ്ടര ശതമാനമായ 5000 രൂപ സകാത്ത് കൊടുക്കണം.
കച്ചവടത്തിന്റെ നിസാബും (സകാത്ത് നിര്‍ബന്ധമാകാനുള്ള മൂല്യം) 595 ഗ്രാം വെള്ളിയുടെ വില(ഏകദേശം 27,000 രൂപ)യാണ്. കച്ചവടം ആരംഭിക്കുമ്പോള്‍ 595 ഗ്രാം വെള്ളിയുടെ വിലയുടെ ആസ്തി വേണമെന്നില്ല. കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ ഉണ്ടായാല്‍ മതി. ഹോട്ടലുടമകള്‍, ജ്യൂസ് കടക്കാര്‍ തുടങ്ങിയവര്‍ക്ക് കൊല്ലം തികയുമ്പോള്‍ ചരക്കുകളുടെ വില കൂട്ടിയിടാന്‍ കൂടുതലൊന്നും ഉണ്ടാകില്ലെങ്കിലും കച്ചവടത്തില്‍ നിന്ന് ലഭിച്ച് നിക്ഷേപിച്ച സംഖ്യയുണ്ടെങ്കില്‍ അതിന്റെ സകാത്ത് കണക്കാക്കണം. ഒരു കടയാരംഭിച്ച് ആറ് മാസം കഴിഞ്ഞപ്പോള്‍ അതിന്റെ ലാഭത്തില്‍ നിന്ന് മറ്റൊരു കട തുടങ്ങിയാല്‍ ആദ്യത്തെ കടക്ക് കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ തന്നെ രണ്ടാം കടയുടെ സകാത്തും കൊടുക്കണം. ഇന്ന് പല ഏജന്‍സികളും അവയുടെ ഉത്പന്നങ്ങള്‍ കടയില്‍ ഇറക്കിക്കൊടുക്കും. വിറ്റതിന് ശേഷമോ അല്‍പ്പാല്‍പ്പമായോ കാശ് അടച്ചുതീര്‍ത്താല്‍ മതി. ഇത് കടമാണ് എന്നതു കൊണ്ട് കച്ചവടത്തിന്റെ സകാത്തില്‍ നിന്നും ഒഴിവാകുകയില്ല. കച്ചവടത്തിന് വേണ്ടി ഇറക്കിയ മുഴുവന്‍ പണവും ലോണ്‍ വാങ്ങിയതാണെങ്കിലും സകാത്ത് നിര്‍ബന്ധമാണ്.
വാടക സ്റ്റോര്‍ നടത്തുന്നയാള്‍ വാടക സാധനങ്ങള്‍ക്ക് ‘വില കെട്ടി’ സകാത്ത് കൊടുക്കേണ്ടതില്ല. ഇത് കച്ചവടമല്ലാത്തതാണ് കാരണം. എന്നാല്‍ പീടികമുറികളും മറ്റും വാടകക്കെടുത്ത് മേല്‍വാടകക്ക് കൊടുക്കുന്നവര്‍ വര്‍ഷം പൂര്‍ത്തിയായാല്‍ അതിന് ലഭിക്കാവുന്ന വാടക കൂട്ടിനോക്കി 595 ഗ്രാം വെള്ളിക്കുള്ള വിലയുണ്ടെങ്കില്‍ അതിന് രണ്ടര ശതമാനം സകാത്ത് നല്‍കണം. കച്ചവടം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതുകൊണ്ടാണ് ഇത്. ജ്വല്ലറി ഉടമകള്‍ വര്‍ഷം തികഞ്ഞാല്‍ സ്റ്റോക്കെടുപ്പ് നടത്തണം. 595 ഗ്രാം വെള്ളിയുടെ വില വരുന്ന ഒരു വള മാത്രമാണ് കടയിലുള്ളതെങ്കിലും അതിന് സകാത്ത് നല്‍കണം. കച്ചവടച്ചരക്ക് എന്ന പരിഗണന ആയതുകൊണ്ട് സകാത്തായി സ്വര്‍ണം തന്നെ നല്‍കേണ്ടതില്ല. പണം നല്‍കിയാലും മതി. കച്ചവടച്ചരക്ക് എന്ന നിലക്കല്ലാതെ സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് കൊടുക്കുമ്പോള്‍ സ്വര്‍ണവും വെള്ളിയുമായി തന്നെ നല്‍കണം. (തുടരും)