Connect with us

Ongoing News

എന്‍ ഡി പി എസ് ആക്ടില്‍ ഭേദഗതി: കേന്ദ്രത്തിന് കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് ആക്ട് (എന്‍ ഡി പി എസ് ആക്ട്)ല്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. 1985 ല്‍ നിലവില്‍ വന്ന കേന്ദ്ര നിയമത്തിലാണ് ഭേദഗതി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഒരു കിലോ വരെ കഞ്ചാവ് കൈവശം വെക്കുന്നത് ചെറിയ അളവായാണ് കണക്കാക്കുന്നത്. ഇത് ജാമ്യം കിട്ടുന്ന വകുപ്പായാണ് ആക്ടില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതിനാല്‍ ഒരു കിലോ എന്നുള്ള അളവ് 100 ഗ്രാമായി കുറക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. മന്ത്രി കെ ബാബു കത്തില്‍ അറിയിച്ചു. നിലവിലുള്ള ആക്ട് പ്രകാരം ഹാഷിഷ്/ചരസ്സ് (100 ഗ്രാം), ഹെറോയിന്‍/ബ്രൗ ഷുഗര്‍ (5 ഗ്രാം), ഡയസ്സ്പാം (20 ഗ്രാം), ഓപിയം (25 ഗ്രാം) നൈട്രാസെപ്പം (20 ഗ്രാം), ബുപ്രിനോര്‍ഫിന്‍ (ഒരു ഗ്രാം), പെത്തഡിന്‍ (10 ഗ്രാം), മോര്‍ഫിന്‍ (അഞ്ച് ഗ്രാം) എന്നിവ കൈവശം വെക്കുന്നത് ചെറിയ അളവായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇവയെ യഥാക്രമം 25 ഗ്രാം, ഒരു ഗ്രാം, അഞ്ച് ഗ്രാം, 10 ഗ്രാം, അഞ്ച് ഗ്രാം, ഒരു ഗ്രാം, അഞ്ച് ഗ്രാം, രണ്ട് ഗ്രാം എന്നിങ്ങനെയായി കുറക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് നാര്‍ക്കോട്ടിക് വസ്തുക്കളുടെ ഏറ്റവും ചെറിയ അളവ് രണ്ട് ഗ്രാമായി കുറക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ ബാബു അറിയിച്ചു.