സ്‌കൂളുകളിലെ പരിപാടികള്‍ അധ്യയനത്തെ ബാധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Posted on: July 8, 2014 12:59 am | Last updated: July 8, 2014 at 12:59 am

തിരുവനന്തപുരം: സ്‌കൂളുകളില്‍ നടക്കുന്ന പൊതു പരിപാടികള്‍ അധ്യയനത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി. ഇത്തരം പരിപാടികളില്‍ വിശിഷ്ട വ്യക്തികളും നേതാക്കളും മുന്‍കൂട്ടി നിശ്ചയിക്കുന്ന സമയത്ത് തന്നെ പങ്കെടുക്കണം. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ അധ്യാപകരും വിശിഷ്ടാതിഥികളും കുട്ടികള്‍ക്ക് മാതൃകയായി തീരണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. സ്‌കൂളില്‍ പൊതുപരിപാടി സംഘടിപ്പിക്കുമ്പോള്‍ മൂന്ന് മണിക്കു ശേഷം നടത്തുന്നതായിരിക്കും ഉചിതമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. അവധി ദിവസം തിരഞ്ഞെടുക്കുന്നതും അഭികാമ്യമാണ്.
ഈ മാസം 16ന് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടന്ന ജില്ലാതല ഇംഗ്ലിഷ് ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങില്‍ പോളിയോ ബാധിച്ച കുട്ടി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ മൂന്ന് മണിക്കൂര്‍ കാത്തിരുത്തിയതിനെതിരെ നിയമസംരക്ഷണ പ്രതികരണവേദി ചെയര്‍മാന്‍ പി കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പോളിയോ ബാധിച്ച വിദ്യാര്‍ഥിനിയെ മൂന്നു മണിക്കൂര്‍ വീല്‍ചെയറില്‍ കാത്തിരുത്തിയെന്നും ഇത്തരത്തിലുള്ള പൊതുപരിപാടികള്‍ കാരണം കുട്ടികള്‍ക്ക് അധ്യയനം മുടങ്ങുന്നുവെന്നും പരാതിയില്‍ പറയുന്നു.
കോട്ടണ്‍ഹില്‍ സംഭവം രാഷ്ട്രീയവത്കരിക്കപ്പെട്ടതിനാല്‍ അഭിപ്രായം രേഖപ്പെടുത്തുന്നില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. കുട്ടികളില്‍ നേതൃപാടവം ഉണ്ടാക്കാനും ശാസ്ത്ര, സാഹിത്യ, കലാ, കായിക രംഗങ്ങളില്‍ ഉത്തേജനം പകരാനും സ്‌കൂളില്‍ നടക്കുന്ന പൊതുപരിപാടികള്‍ പ്രചോദനമായി മാറാന്‍ സാധ്യതയുണ്ട്. എന്നാല്‍ വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങള്‍ സ്‌കൂളുകളില്‍ നടക്കുമ്പോള്‍ അധ്യയനത്തെ കാര്യമായി ബാധിക്കാതിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് ഡി പി ഐക്ക് കൈമാറിയിട്ടുണ്ട്.