സ്‌കൂളുകളില്‍ അങ്കണ്‍വാടികള്‍ക്ക് സ്ഥലം നല്‍കാന്‍ നിര്‍ദേശിക്കും

Posted on: July 8, 2014 12:54 am | Last updated: July 8, 2014 at 12:54 am

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥല സൗകര്യമുള്ള സ്‌കൂളുകളില്‍ പ്രീ പ്രൈമറി വിഭാഗമെന്ന നിലയില്‍ അങ്കണ്‍വാടികള്‍ക്ക് സ്ഥലം അനുവദിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് മന്ത്രി പി കെ അബ്ദുറബ്ബ് നിയമസഭയെ അറിയിച്ചു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവു പുനഃപ്രസിദ്ധീകരിക്കും. അങ്കണ്‍വാടികള്‍ക്കു സ്ഥലം നല്‍കുന്നതു സംബന്ധിച്ച് പഞ്ചായത്ത് മന്ത്രി എം കെ മുനീറുമായി ചര്‍ച്ച നടത്തിയായും മന്ത്രി അറിയിച്ചു. സ്വന്തം സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന അങ്കണ്‍വാടികളുടെ അറ്റകുറ്റപ്പണിക്കു നോണ്‍ റോഡ് മെയ്ന്റിനന്‍സ് ഫണ്ടില്‍ നിന്നും പഞ്ചായത്തുകള്‍ക്ക് തുക നല്‍കാമെന്ന് മന്ത്രി എം കെ മുനീറും പറഞ്ഞു. അങ്കണ്‍വാടി കെട്ടിടങ്ങളുടെ വാടക വര്‍ധിപ്പിച്ച് നല്‍കാന്‍ ഐ സി ഡി എസ് മിഷന്‍ ഫണ്ടില്‍ നിന്നും തുക അനുവദിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. ഇതുപ്രകാരം ഗ്രാമപ്രദേശങ്ങളില്‍ 750 രൂപ വരെയും നഗരങ്ങളില്‍ 3000 രൂപ വരെയും വന്‍ നഗരങ്ങളില്‍ 10000 രൂപ വരെയുമായി വാടക ഉയര്‍ത്താന്‍ അനുവദിക്കും. വാര്‍ഷിക ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത കെട്ടിടങ്ങളില്‍ അങ്കണ്‍വാടികള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാനും ടൊയ്‌ലറ്റ്, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാകുന്ന കെട്ടിടങ്ങള്‍ മാത്രം വാടകക്കെടുക്കുന്നൂള്ളൂ എന്നുറപ്പുവരുത്തേണ്ടതാണെന്ന നിര്‍ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.