അട്ടപ്പാടിയില്‍ ശിശുക്കള്‍ക്ക് ഇപ്പോള്‍ സുഖം തന്നെയല്ലേ?

Posted on: July 8, 2014 6:00 am | Last updated: July 8, 2014 at 1:24 am

attappadi-tribalsആദിവാസി വികസന പദ്ധതിക്കാരുടെ പരീക്ഷണ ഭൂമിയായ അട്ടപ്പാടിയില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് 545 കുട്ടികള്‍ കഠിനമായ പോഷകാഹാരക്കുറവ് നേരിടുകയാണ്. ഇതില്‍ തന്നെ ഇരുനൂറോളം കുട്ടികളുടെ നില അതീവ ഗുരുതരമാണ്. യുനെസ്‌കോയും ഇത് ശരിവെക്കുന്നു. കൃത്യം ഒരു വര്‍ഷം മുമ്പാണ് പോഷകാഹാരക്കുറവ് മൂലം അനേകം കുട്ടികള്‍ അട്ടപ്പാടിയില്‍ മരിച്ചത്. ദേശീയ ശ്രദ്ധ ആകര്‍ഷിച്ച ഈ സംഭവത്തെ തുടര്‍ന്ന് സംസ്ഥാന, കേന്ദ്ര മന്ത്രിമാര്‍ക്കൊപ്പം അനേകം കോടികളുടെ പദ്ധതികളും ഇവിടെ എത്തി. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട് അനേകം പദ്ധതികള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നു. ഇതിനിടയിലാണിപ്പോള്‍ വീണ്ടും ശിശുമരണ ഭീതി ഉയര്‍ത്തിക്കൊണ്ട് അധികൃതര്‍ പുതിയ കണക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംഭവിച്ച ആദിവാസി ശിശുമരണ കണക്കുകള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായതിനു ശേഷം നിരവധി പഠന സംഘങ്ങളാണ് അട്ടപ്പാടിയിലെത്തി വിവിധ പഠനങ്ങളില്‍ ഏര്‍പ്പെട്ടത്. ഒാരോ പഠന സംഘത്തിന്റെയും കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ രാജ്യത്ത് മറ്റൊരിടത്തും നടത്തിയിട്ടില്ലാത്ത തരത്തിലുളള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ 250 കേന്ദ്ര പദ്ധതികള്‍ക്ക് പുറമെ സംസ്ഥാന സര്‍ക്കാറിന്റെ മറ്റനേകം കുട്ടികളുടെ പദ്ധതിയും ഇവിടെ പ്രഖ്യാപിക്കപ്പെട്ടു.
ആദിവാസി ശിശുക്കളുടെ മരണത്തിന് പോഷകാഹാരക്കുറവ് മാത്രമല്ല ഗര്‍ഭസ്ഥ സ്ത്രീകള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കാഞ്ഞതും ആദിവാസികള്‍ പരമ്പരാഗതമായി തുടര്‍ന്നു പോന്നിരുന്ന തങ്ങളുടെ കൃഷി രീതികളില്‍ നിന്നുളള മാറ്റവും അമിതമായ മദ്യ ഉപയോഗവും ഇത്തരം മരണങ്ങള്‍ക്ക് കാരണമാണെന്ന് എല്ലാ പഠന വിഭാഗക്കാരും ചൂണ്ടിക്കാട്ടി. (സമ്പൂര്‍ണ മദ്യനിരോധ മേഖലയാണ് അട്ടപ്പാടി! ) ഡോ. ബി ഇഖ്ബാല്‍ ചൂണ്ടിക്കാട്ടിയ ആദിവാസികളിലെ അമിത മദ്യ ഉപയോഗത്തെ ശരിവച്ച മന്ത്രി കെ സി ജോസഫിനെതിരെ ഇടതുപക്ഷം നിയമസഭയിലടക്കം ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ആദിവാസികളുടെ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കാനായി അനേകം ഡോക്ടര്‍മാരെ അട്ടപ്പാടിയില്‍ നിയോഗിച്ചു. ഇതിനു പുറമെ ആദിവാസി ഊരുകള്‍ കേന്ദ്രികരിച്ച് കമ്മ്യൂനിറ്റി കിച്ചണുകള്‍ വഴി വേവിച്ച ഭക്ഷണം വിളമ്പി നല്‍കാന്‍ തുടങ്ങി. ഊരുകളില്‍ നിരന്തരമായി ഇടപെട്ടുകൊണ്ടുള്ള സമ്പര്‍ക്ക പരിപാടികള്‍, വ്യാജ വാറ്റ് തടയാന്‍ ജനമൈത്രി എക്‌സൈസ് സംഘം തുടങ്ങി നിരവധി പരിപാടികളും അട്ടപ്പാടിയില്‍ ആവിഷ്‌കരിച്ചു. കൂടാതെ ആദിവാസികളുടെ കൃഷി പരിപോഷിപ്പിക്കാനുള്ള പരിപാടികള്‍ക്കും തുടക്കം കുറിച്ചു. എല്ലാ മേഖലകളിലും ആദിവാസികള്‍ക്ക് ആവശ്യമുളള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടും അട്ടപ്പാടിയിലെ ശിശുക്കള്‍ പോഷകാഹാരക്കുറവ് മൂലം ഇനിയും മരിക്കാന്‍ സാധ്യതയുണ്ടെന്ന യുനസ്‌കോയുടെതടക്കമുള്ള പഠനങ്ങള്‍ ഉണ്ടാകുന്നതെന്തുകൊണ്ടാണ്? ഇവിടെയാണ് ആദിവാസി വികസന പദ്ധതികളിലെ പാളിച്ചകളും ഇറക്കുമതി ചെയ്യപ്പെടുന്ന വികസന പദ്ധതികളും ചര്‍ച്ചചെയ്യപ്പെടേണ്ടത്. ഈ ചര്‍ച്ചകള്‍ മുമ്പ് പലവട്ടം നടത്തിയിട്ടും അത് വേണ്ട രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന സൂചനകള്‍ തന്നെയാണ് ഇപ്പോള്‍ പ്രത്യക്ഷമായി അട്ടപ്പാടി നല്‍കുന്നത്.
ഒരു വര്‍ഷത്തിനിടെ വിനിയോഗിച്ച അനേകം കോടി രൂപയില്‍ ഏറ്റവും കൂടുതല്‍ ചെലഴിച്ചത് കാര്‍ഷിക രംഗത്താണ്. ആദിവാസികള്‍ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന കാര്‍ഷിക വൃത്തികളിലേക്ക് അവരെ തിരിച്ചു കൊണ്ടുപോകുക എന്ന സങ്കല്‍പ്പത്തില്‍ രൂപവത്കരിച്ച പദ്ധതികളാണ് അവര്‍ക്കായി ആവിഷ്‌കരിച്ചത്. കൃഷി വകുപ്പിലൂടെ അവരുടെ ഭൂമികളില്‍ അതിനായി ട്രാക്ടര്‍ കൊണ്ടുവന്ന് കൃഷിക്ക് നിലമൊരുക്കാനായി ലക്ഷക്കണക്കിന് രൂപ ചെലവിട്ടു. ആദിവാസികളുടെ ചെരിഞ്ഞ ഭൂമികളില്‍ അവശേഷിച്ചിരുന്ന മണ്ണ് കൃഷിയുടെ പേരില്‍ ഉഴുത് മറിച്ചു എന്നതൊഴിച്ചാല്‍ അട്ടപ്പാടിയില്‍ മറ്റൊന്നും സംഭവിച്ചില്ല. ഇങ്ങനെ ഉഴുതു മറിച്ച ഭൂമിയില്‍ കൃഷി ഇറക്കാന്‍ അനേകം ആദിവാസികള്‍ക്ക് വിവിധയിനം വിത്തുകളും നല്‍കി. ഇതിനൊക്കെ പുറമെയാണ് ചീര കൃഷി പ്രോത്ത്സാഹിപ്പിക്കാന്‍ ഊരുകള്‍ കേന്ദ്രീകരിച്ച് ചീരത്തൈ വിതരണം നടത്തിയത്. വരണ്ടുണങ്ങിക്കിടന്ന, ഇനിയും ഒരിറ്റ് മഴ വീഴാത്ത ആദിവാസി കേന്ദ്രങ്ങളില്‍ ചീരത്തൈ വിതരണം നടത്തി തങ്ങളുടെ ആദിവാസി വികസന പദ്ധതി തന്നെ ഇവര്‍ നടപ്പാക്കി. ആദിവാസികളുടെ ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ വിവിധ നോഡല്‍ ഓഫീസര്‍മാരെ തന്നെ സര്‍ക്കാര്‍ ഇവിടെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യം മുതല്‍ ക്രമസമാധാനം വരെ നോക്കാന്‍ അട്ടപ്പാടിയില്‍ നോഡല്‍ ഓഫീസര്‍മാരുണ്ട്. എന്നാല്‍ പരസ്പരം ഏകോപനം ഇല്ലാത്തതുകൊണ്ട് ഇവരെല്ലാം ഇവര്‍ക്കിഷ്ടമുള്ള പദ്ധതികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മുമ്പും അട്ടപ്പാടിയുടെ ശാപം, പദ്ധതികളുടെ ആധിക്യമായിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനം ഇല്ലായ്മ മൂലം പദ്ധതികള്‍ക്ക് മുകളില്‍ പദ്ധതികള്‍ സൃഷ്ടിച്ച് അട്ടപ്പാടിയിലെ ജനമൂഹത്തെ ശ്വാസം മുട്ടിക്കുന്ന സ്ഥിതിയാണിന്നും ഉള്ളത്.
വരണ്ടുണങ്ങിക്കിടന്ന അട്ടപ്പാടി ഇപ്പോള്‍ മഴ മേഘങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അതിനിടയിലാണ് ഇനിയും നടക്കാന്‍ സാധ്യതയുള്ള ശിശുമരണങ്ങളുടെ ഭീതി അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തെ പിടികൂടിയിരിക്കുന്നത്. ശുദ്ധമായ കുടിവെള്ളം ലഭിക്കാത്ത അനേകം ഊരുകളുള്ള പ്രദേശമാണ് ഇന്നും അട്ടപ്പാടി. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച കുടിവെള്ള പദ്ധതികളുടെ സര്‍വേ ഇപ്പോഴും നടന്നുവരികയാണ്. ഇതിനിടെ ടാങ്കര്‍ ലോറികള്‍ ആദിവാസി കേന്ദ്രങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നുണ്ട്. എന്നാലും ശുദ്ധമായ ജലം എന്ന ആവശ്യം ഇപ്പോഴും അകലെയാണ്. ആശുപത്രിയിലാകട്ടെ ഇപ്പോഴും വേണ്ട സൗകര്യങ്ങളില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നവരാണ് അട്ടപ്പാടിയിലെ ഡോക്ടര്‍മാര്‍. എങ്കിലും ഇവരുടെ സേവനം ആവശ്യത്തിന് ആദിവാസികള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. അട്ടപ്പാടിക്ക് മാത്രമായി പ്രത്യേക മെഡിക്കല്‍ വിംഗ് യാഥാര്‍ഥ്യമായാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും.
അട്ടപ്പാടി എക്കാലത്തും ആദിവാസി വികസന പദ്ധതിയുടെ വിളനിലമാണ്. രാജ്യത്ത് (കേരളത്തിലും) ഏറ്റവും കൂടുതല്‍ ആദിവാസി വികസന പദ്ധതി മാതൃകകള്‍ സൃഷ്ടിക്കുന്നതും നടപ്പിലാക്കുന്നതും അട്ടപ്പാടിയിലാണ്. ദേശീയ ശ്രദ്ധ നേടിയ ആദിവാസി ശിശു മരണങ്ങള്‍ക്കുശേഷം അഞ്ഞൂറ് കോടി രൂപയുടെ പദ്ധതികളാണ് അട്ടപ്പാടിയില്‍ പ്രഖ്യാപിക്കപ്പെട്ടത്. ഇതിനകം നടപ്പിലാക്കിയ കാര്‍ഷിക പാക്കേജുകളും സമാനമായ മറ്റ് പദ്ധതികളുമൊക്കെ ഇക്കാലയളവില്‍ പരാജയപ്പെട്ടുപോയ കാഴ്ചയാണുണ്ടായത്. ഇതിനു പുറമെ കേന്ദ്ര കുടുംബശ്രീ മിഷന്‍ വഴി 98 കോടി രൂപയുടെ ഒരു പാക്കേജും നടപ്പിലാക്കാന്‍ പോകുകയാണ്. ഇതൊക്കെ ഇനി എങ്ങനെയാണ് നടപ്പിലാക്കുക എന്ന് കണ്ടു തന്നെ അറിയണം. ഇപ്പോള്‍ തന്നെ ഊരുകള്‍ കേന്ദ്രീകരിച്ചുള്ള കമ്മ്യൂനിറ്റി കിച്ചന്‍ സമ്പ്രദായം പണം അടിച്ചുമാറ്റാനുള്ള ഒരു ഏര്‍പ്പാട് മാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏതാനും ചില ഊരുകളില്‍ മാത്രം നടന്നുവരുന്ന കമ്മ്യൂനിറ്റി കിച്ചന്‍ എല്ലാ ഊരുകളിലും നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആരൊക്കെയോ അടിച്ചുമാറ്റുന്നത് ലക്ഷക്കണക്കിന് രൂപയാണ്. ആദിവാസി പദ്ധതികളുടെ പേരില്‍ എങ്ങനെ പണം ഉണ്ടാക്കാം എന്ന് പ്രവര്‍ത്തിച്ചുകാണിച്ചു തരികയാണ് ഇവിടുത്തെ സര്‍ക്കാര്‍ ഓഫീസുകള്‍. ആദിവാസി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും ശബ്ദമുയര്‍ത്തുകയും ചെയ്തവ സമര്‍ഥരൊക്കെ ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി. അട്ടപ്പാടിക്കാരായ 2600 ആദിവാസികളാണ് ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നത്. ഒച്ച വെച്ചിരുന്നവരെ പിടികൂടി സര്‍ക്കാര്‍ ജോലി നല്‍കി ആദരിച്ചുതുടങ്ങിയതോടെ ആദിവാസികളുടെ ഇടയില്‍ നിന്നുള്ള ഒറ്റപ്പെട്ട ശബ്ദങ്ങള്‍ പോലും ഇല്ലാതാകുന്ന കാഴ്ചയും അട്ടപ്പാടിയില്‍ കാണാം. വരുന്ന പദ്ധതിക്കാരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമൊക്കെ ആദിവാസികളുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കി ഫണ്ടുകള്‍ അടിച്ചുമാറ്റുമ്പോള്‍ ഇതെല്ലാം നോക്കി നില്‍ക്കാന്‍ മാത്രമേ അട്ടപ്പാടിക്കാര്‍ക്ക് ആകുന്നുള്ളു. വര്‍ഷങ്ങളായി തുടരുന്ന ഇറക്കുമതി പദ്ധതികളുടെ ഇരകളായി ആദിവാസികള്‍ക്കൊപ്പം ഇപ്പോള്‍ വന്തവാസികളും മാറിക്കഴിഞ്ഞു എന്നതാണ് ആധുനിക അട്ടപ്പാടി നല്‍കുന്ന ഏറ്റവും പുതിയ പാഠം.
അട്ടപ്പാടിയിലെ ആദിവാസി ജനസമൂഹം അടിസ്ഥാനപരമായി കാര്‍ഷിക സമൂഹമാണ്. ഭൂരിഭാഗം കുടുംബങ്ങളും ഭൂമി ഉള്ളവരാണ്. പരമ്പരാഗതമായി തന്നെ പ്രകൃതിയേയും കാലാവസ്ഥയേയും ആശ്രയിച്ചുകൊണ്ടുള്ള കാര്‍ഷിക സമ്പ്രദായമാണ് നിലനിന്നിരുന്നത്. എന്നാല്‍ ആദിവാസികളും ഇതര ജനവിഭാഗങ്ങളും ഉള്‍പ്പെടുന്ന അട്ടപ്പാടിയുടെ സമഗ്രവികസനത്തിനായി രൂപം നല്‍കിയ ഐ റ്റി ഡി പിയും, 1995 ല്‍ രൂപവത്കരിച്ച ഒന്നര പതിറ്റാണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ജപ്പാന്‍ പദ്ധതിയായ 219 കോടി ചിലവഴിച്ച പരിസ്ഥിതി പുഃനസ്ഥാപന പദ്ധതിയും കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്ന പദ്ധതികളല്ല ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. പരമ്പരാഗത കൃഷി രീതികളെ ശാസ്ത്രീയ ജലസേചന സംവിധാനത്തിലൂടെയും, ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ആധുനീകരിച്ച് ശക്തിപ്പെടുത്തുന്നതിനു പകരം കാര്‍ഷികേതര വികസന പ്രവര്‍ത്തനങ്ങളിലൂടെ കൂലിപ്പണിക്കാരാക്കി മാറ്റുകയായിരുന്നു. ഇതിന്റെ പില്‍ക്കാല അനുഭവങ്ങളാണ് പദ്ധതികാലാവധി കഴിഞ്ഞതോടെ ശിശുമരണങ്ങളുടെ രൂപത്തില്‍ പുറത്തുവരുന്നത്. പാരിസ്ഥിതികമായി തകര്‍ന്നടിഞ്ഞിരുന്ന അട്ടപ്പാടിയുടെ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നെങ്കിലും അത് ഒരു വികസനമാതൃകയായിരുന്നു. പദ്ധതി മുഖേന തിരിച്ചെത്തിയ പരിസ്ഥിതി വികസനം രാജ്യത്തിന് അഭിമാനകരം കൂടിയായിരുന്നു. എന്നാല്‍ അതിന്റെ തുടര്‍ച്ച ഇല്ലാതായതോടെ പഴയ അട്ടപ്പാടിയിലേക്കുള്ള തിരിച്ചുപോക്കിനും ഇപ്പോള്‍ ഈ ഭൂപ്രദേശം സാക്ഷിയായി മാറിക്കൊണ്ടിരിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി വളര്‍ന്നുവന്ന പതിമൂന്നായിരം ഹെക്ടര്‍ വനം ഇന്ന് സംരക്ഷിക്കാന്‍ ആളില്ലാത്ത നിലക്കായി കഴിഞ്ഞു. അതുകൊണ്ടു തന്നെ മരം മുറിക്കൊപ്പം കാട്ടുതീയും ഇപ്പോള്‍ വ്യാപകമാണ്. ഇതിനിടയിലൊക്കെത്തന്നെ വിവിധ പദ്ധതികള്‍ക്കായി അനേകം കോടി രൂപ അട്ടപ്പാടിയിലേക്ക് എത്തുന്ന കാഴ്ച ഏറെ രസാവഹമാണ്. സാമൂഹിക നീതി വകുപ്പും ആരോഗ്യ വകുപ്പും മത്സരിച്ച് ആദിവാസികള്‍ക്കു മാത്രമായി പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ഇതിന്റെയൊക്കെ യഥാര്‍ഥ ഗുണം ലഭിക്കുന്നത് ഇടനിലക്കാര്‍ക്കാണ് എന്ന് അറിയാത്തവരായി ആരുണ്ട്?
പാര്‍പ്പിടം , വിദ്യാഭ്യാസം, ആഹാരം, ചികിത്സ, തൊഴില്‍ എന്നിവയൊക്കെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവന്ന് തലമുറകുളുടെ വികസനം ലക്ഷ്യമാക്കുന്നതിലായിരിക്കണം ആദിവാസി വികസന പദ്ധതി. അതിന് പകരമായി ആദിവാസികളുടെ അഭിപ്രായങ്ങള്‍ ചോദിച്ചറിയാതെ അവരിലേക്ക് പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുകയാണ് കാലാകാലങ്ങളായി ചെയ്തുവരുന്നത.് ഇപ്പോഴും ഇതൊക്കെ തന്നെയാണ് ഇവിടെ നടക്കുന്നത്. മദ്യനിരോധം മുതല്‍ ചീരത്തൈ വിതരണം നടത്തുന്നതുവരെ നീണ്ടുനില്‍ക്കുന്ന ഉദാഹരണങ്ങള്‍ ഏറെയാണ്. ഒന്നാം പഞ്ചവത്സര പദ്ധതികള്‍ മുതല്‍ ഇങ്ങോട്ട് അട്ടപ്പാടിയില്‍ മാത്രം ചെലവഴിച്ച ശത കോടിക്കണക്കിന് രൂപ യഥാവിധത്തിലാണ് ചെലവഴിച്ചിരുന്നതെങ്കില്‍ ആദിവാസികള്‍ മാത്രമല്ല ഇവിടുത്തെ വന്തവാസികളും രക്ഷപ്പെടുമായിരുന്നു. അങ്ങനെ അട്ടപ്പാടി ലോകത്തിന് മുമ്പില്‍ സ്വര്‍ഗമായി അവശേഷിക്കുമായിരുന്നു. എന്നാല്‍ സംഭവിച്ചതോ തികച്ചും വിപരീതവും.

ALSO READ  ലൈഫ് പാർപ്പിട പദ്ധതി മാത്രമല്ല, ജീവിതം തന്നെ