നഴ്‌സുമാരുടെ പുനരധിവാസം ഉറപ്പാക്കും: മുഖ്യമന്ത്രി

Posted on: July 8, 2014 12:50 am | Last updated: July 7, 2014 at 11:51 pm

തിരുവനന്തപുരം: ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ 46 നഴ്‌സുമാരുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു. മടങ്ങിവന്ന നഴ്‌സുമാര്‍ക്ക് നിരവധി സ്ഥാപനങ്ങള്‍ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നഴ്‌സുമാരുടെയും തൊഴില്‍ ദാതാക്കളുടെയും യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരും.
നഴ്‌സുമാരെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയവും ഇറാഖിലെ ഇന്ത്യന്‍ അംബാസഡര്‍ അജിത് കുമാറും സഹായകരമായ നിലപാടാണ് സ്വീകരിച്ചത്. ഇറാഖില്‍ നിന്ന് സുരക്ഷിതരായി നഴ്‌സുമാര്‍ മടങ്ങിയെത്തിയതു സംബന്ധിച്ച് സ്പീക്കര്‍ നിയമസഭയില്‍ നടത്തിയ പ്രത്യേക പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സംഘര്‍ഷ മേഖലയില്‍ നിന്ന് നഴ്‌സുമാരെ തിരികെയെത്തിച്ചത് ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തിലെ വിജയകരമായ അധ്യായമായി മാറിയെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു.