ഒറ്റപ്പെട്ട നാല് വയസുകാരിക്ക് രക്ഷകരായി ദുബൈ പോലീസ്‌

Posted on: July 7, 2014 9:37 pm | Last updated: July 7, 2014 at 9:37 pm

dubaiദുബൈ: മാതാവ് ഉപേക്ഷിച്ച് നാടുവിടുകയും സാമ്പത്തിക ബാധ്യത കാരണം പിതാവ് ജയിലിലാവുകയും ചെയ്ത നാല് വയസുകാരിക്ക് രക്ഷകരായി ദുബൈ പോലീസ് രംഗത്ത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മാതാവും പിതാവും അരികിലില്ലാതെ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന കുട്ടിക്കാണ് പിതാവിന്റെ കൂടെ നാടുവിടാന്‍ പോലീസ് വഴിയൊരുക്കിയത്.
കഴിഞ്ഞ അഞ്ചര മാസമായി ദുബൈ പോലീസിന്റെ വനിതാ ശിശു അവകാശ സംരക്ഷണ വിഭാഗത്തിന്റെ പരിചരണയില്‍ മാതാപിതാക്കളില്ലാതെ കഴിഞ്ഞുവരികയായിരുന്നു കുട്ടി. കാരുണ്യ മാസത്തില്‍ വിഷയത്തില്‍ നിരന്തരം ഇടപെട്ട ദുബൈ പോലീസ് നിയമപാലനത്തിനപ്പുറം സമൂഹികസേവനവും തങ്ങളുടെ അജണ്ടയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങിനെ; ദുബൈയില്‍ ജോലി ചെയ്യുന്ന ശ്രീലങ്കന്‍ യുവാവും ഫിലിപ്പൈന്‍ യുവതിയും അടുപ്പത്തിലായി. ഗര്‍ഭിണിയായ യുവതി സ്വന്തം നാട്ടിലേക്ക് മടങ്ങി. പ്രസവാനന്തരം കുട്ടിയുമായി യുവതി ദുബൈയില്‍ തിരിച്ചെത്തി.
കുട്ടിയുടെ പിതാവിനെ കണ്ടെത്തി സൗഹൃദം പുതുക്കി ഒരുമിച്ചുകഴിഞ്ഞു. ഒരു ദിനം കുട്ടിയെ പിതാവിനെ ഏല്‍പിച്ചു യുവതി വീണ്ടും രാജ്യംവിട്ടു.
കുട്ടിയുടെ ചുമതല ചുമലിലായ ശ്രീലങ്കന്‍ യുവാവ് മാതാവില്ലാത്ത ദുഃഖറിയിക്കാതെ തന്നെ കുട്ടിയെ വളര്‍ത്തിക്കൊണ്ടിരുന്നു. ഇതിനിടെ കഴിഞ്ഞ ഫിബ്രുവരിയില്‍ ബേങ്കുമായി തനിക്കുണ്ടായിരുന്ന ഇടപാടില്‍ തിരിച്ചടവ് വൈകിയത് കാരണം നിയമക്കുരുക്കില്‍പെട്ട യുവാവ് പോലീസ് പിടിയിലായി.
പോലീസ് പിടിക്കുമ്പോള്‍ തന്നോടൊപ്പമുണ്ടായിരുന്ന മകളെ തൊട്ടടുത്ത് താമസിക്കുന്ന ഏഷ്യന്‍ വംശജയെ താത്കാലികമായി ഏല്‍പിച്ചു. ദിവസങ്ങള്‍ കഴിഞ്ഞും യുവാവിനെ കാണാതെ വരികയും കുട്ടിയുടെ പരിചരണം തുടര്‍ന്നു കൊണ്ടുപോകാന്‍ സാമ്പത്തിക സ്ഥിതി അനുവദിക്കാതിരിക്കുകയും ചെയ്ത അയല്‍ക്കാരി പോലീസിലെ വനിതാ ശിശു അവകാശ സംരക്ഷണ വിഭാഗത്തില്‍ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ പോലീസിലെ ശിശുക്ഷേമ വിഭാഗം കുട്ടിയെ ഏറ്റെടുത്തു. കുട്ടിയുടെ ഒറ്റപ്പെടലിന്റെ കഥയുടെ ചുരുളഴിച്ച പോലീസ്, കഴിഞ്ഞ അഞ്ചുമാസമായി യുവാവിനെതിരെ നിയമ നടപടി സ്വീകരിച്ച ബേങ്കുമായും രാജ്യത്തെ ഒരു പ്രമുഖ ജീവകാരുണ്യ സ്ഥാപനവുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.
ഭീമമായ സംഖ്യ ബേങ്കില്‍ ബാധ്യതയുണ്ടായിരുന്ന യുവാവിന്റെ കാര്യത്തില്‍ ഭാഗികമായി ഇടപെടാന്‍ ജീവകാരുണ്യ സ്ഥാപനം സന്നദ്ധമാവുകയും ബാക്കി സംഖ്യ ഒഴിവാക്കിക്കൊടുക്കാന്‍ പോലീസിന്റെ മധ്യസ്ഥതയില്‍ ബേങ്കും സന്നദ്ധമായതോടെ നാല് വയസ്സുകാരി സനാഥയാവുകയായിരുന്നു.
യുവാവിനെ ജയിലില്‍ നിന്ന് രക്ഷപ്പെടുത്തിയ പോലീസ് തന്റെ മകളോടൊപ്പം സ്വദേശമായ ശ്രീലങ്കയിലേക്ക് തിരിച്ചുപോകാന്‍ യുവാവിന് ടിക്കറ്റടക്കമുള്ള ഒത്താശ ചെയ്തുകൊടുത്തു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി യുവാവിനെയും കുട്ടിയെയും യാത്രയയക്കാന്‍ വിമാനത്താവളത്തിലെത്തിയ പോലീസ് അധികൃതര്‍, യാത്ര പറയുന്നതിനുമുമ്പ് കുട്ടിയുടെ കൈനിറയെ കളിപ്പാട്ടങ്ങളും കയ്യിലൊന്നുമില്ലാത്ത യുവാവിന് നാട്ടിലെത്തിയ ഉടനെയുണ്ടാകുന്ന അത്യാവശ്യ ചിലവുകള്‍ക്കുള്ള കുറച്ച് പണവും നല്‍കിയാണ് യാത്രയാക്കിയത്.