കെ എസ് ആര്‍ ടി സി മാനന്തവാടി ഡിപ്പോയിലെ രണ്ട് ബസ്സുകള്‍ക്ക് ഒരേ രജിസ്‌ട്രേഷന്‍ നമ്പര്‍

Posted on: July 7, 2014 10:46 am | Last updated: July 7, 2014 at 10:46 am

KSRTC-LOGOമാനന്തവാടി: കെ എസ് ആര്‍ ടി സി ഡിപ്പോയിലെ രണ്ട് ബസ്സുകള്‍ക്ക് ഒരേ രജിസ്‌ട്രേഷന്‍ നമ്പര്‍. തിരുനെല്ലിയിലേക്കും വാളാട്ടേക്കും സര്‍വീസ് നടത്തുന്ന രണ്ട് ബസ്സുകള്‍ക്കാണ് ഒരേ രജിസ്‌ട്രേഷന്‍. ഡിപ്പോയിലെ ആര്‍ ടി. 978, ആര്‍ ടി 979 എന്നീ ബസ്സുകള്‍ക്കാണ് കെ എല്‍ 15-6157 എന്ന ഒരേ നമ്പറുള്ളത്. ഈ രണ്ടു ബസ്സുകളും മാസങ്ങളായി രണ്ട് റൂട്ടുകളിലായി സര്‍വീസ് നടത്തുകയാണ്.
എന്നാല്‍ ഇക്കാര്യം കെ എസ് ആര്‍ ടിസി അധികൃതരോ, മോട്ടോര്‍ വാഹന വകുപ്പോ ഇതു വരെ അറിഞ്ഞിട്ടില്ല. ഇതില്‍ ഒരു ബസ്സാകട്ടെ കഴിഞ്ഞ ദിവസം സി എഫ് എടുത്ത് ഇറങ്ങിയതുമാണ്.
കമ്പ്യൂട്ടറും ഓണ്‍ലൈനും ഒക്കെയായി കാലം അതി പുരോഗതിയിലെത്തിയിട്ടും ഇതൊന്നും കണ്ടു പിടിക്കാന്‍ നമ്മുടെ സംവിധാനത്തിന് കഴിഞ്ഞിട്ടില്ല. ഇരു വാഹനങ്ങളിലും ഒറിജിനല്‍ ഏതെന്ന് ഇപ്പോഴും ആര്‍ക്കും അറിയില്ല. ബസ്സില്‍ യാത്ര ചെയ്യുന്നവരാകട്ടെ ഇതൊന്നുമറിഞ്ഞിട്ടില്ല. ഇനി അബദ്ധവശാല്‍ വല്ല അപകടവും സംഭവിച്ചാലുള്ള സ്ഥിതി എന്താകും. ഇന്‍ഷൂറന്‍സ് പരിരക്ഷ പോലും ആര്‍ക്കും ലഭിക്കുകയില്ല. എന്തായാലും ഈ വിവരം പുറത്തു വന്ന നിലക്കെങ്കിലും രജിസ്‌ട്രേഷന്‍ നമ്പറില്‍ പറ്റിയ പാകപിഴ തിരുത്തി സര്‍വീസ് കാര്യക്ഷമമാക്കാന്‍ കെ എസ് ആര്‍ ടി സി അധികൃതര്‍ മുന്നോട്ട് വരുമെന്ന് കരുതാം.