Connect with us

Palakkad

ആശങ്കകള്‍ക്ക് വിരാമമിട്ട് സയോണ നാട്ടിലെത്തി

Published

|

Last Updated

പാലക്കാട്: ദുരിതങ്ങള്‍ക്കും, ആശങ്കകള്‍ക്കും വിടപറഞ്ഞ് സയോണ ഇന്നലെ വൈകീട്ട് വീട്ടിലെത്തി.
ഇറാഖിലെ തിക്രിത്ത് ടീച്ചേഴ്‌സ് ആശുപത്രിയിലെ നഴ്‌സായ നെന്‍മാറ ഒലിപ്പാറ തെങ്ങുംപാടം ആലുങ്കല്‍ വീട്ടില്‍ തോമസിന്റെയും സൂസമ്മയുടെയും മകളായ സയോണയാണ് നീണ്ട നാളുകള്‍ക്കേ ആശങ്കകള്‍ക്ക് ശേഷം നാട്ടിലെത്തിയത്.
24 ദിവസമായി പേടിയോടെ കഴിഞ്ഞിരുന്ന സയോണ നാട്ടിലെത്തിയതോടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമായി. ശനിയാഴ്ച്ച പുലര്‍ച്ചെ ഇറാഖിലെ ഇര്‍ബിന്‍ വിമാനത്താവളത്തുനിന്ന് മുംബൈ വഴി ഉച്ച ്ക്ക് 12 മണിയ്ക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.
അച്ഛനും, അമ്മയും, ഉള്‍പ്പെടെയുള്ളവര്‍ സയോണയെ വിമാനതാവളത്തില്‍ നിന്ന് സ്വീകരിക്കുവാന്‍ എത്തിയിരുന്നു. അവിടുന്ന് വൈകീട്ട് 3.50 നാണ് ഒലിപ്പാറയിലെ വീട്ടിലെത്തിയത്. ശരിയായ ആഹാരം കഴിക്കാതെയും സ്‌ഫോടന ശബ്ദങ്ങളും മൂലം ഉറങ്ങാതെയും ക്ഷീണിതയായാണ് വീട്ടിലെത്തിയത്. ജൂണ്‍ 12 മുതല്‍ ഇറാക്കിലെ വിമത സേന തിക്രിത്ത് പിടിച്ചടക്കിയതോടെ ആശുപത്രിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു സയോണയുള്‍പ്പെടെ 44 മലയാളി ന്‌ഴസുമാര്‍. ഒരു വര്‍ഷമായി നേഴ്‌സായി ജോലിചെയ്യുന്ന സയോണയെയും സംഘത്തെയും വ്യാഴാഴ്ച്ച വിമത സേനാംങ്ങള്‍ തിക്രിത്തില്‍ നിന്ന് മൊസൂളിലേക്ക് മാറ്റിയിരുന്നു.
ഇതോടെ വീട്ടുകാരും ആശങ്കയിലായിരുന്നു. ആദ്യമൊക്കെ വീട്ടിലേക്ക് വിളിക്കുമായിരുന്നുവെങ്കിലും പിന്നീട് ഫോണ്‍ വിളിക്കാന്‍ പറ്റാതായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച തിക്രിതിലെ ആശുപത്രിയില്‍ നിന്ന് ഇവരെ മൊസൂളിലേക്ക് വിമത സേന മാറ്റിയിരുന്നു. തികച്ചും സൗഹാര്‍ദ്ദപരമായും സഹായമനസ്ഥിതിയോടെയുമാണ് വിമതര്‍ പെരുമാറിയതെന്ന് സയോണ പറയുന്നു.
ആശുപത്രിയില്‍ കുടുങ്ങിയ 46 നഴ്‌സുമാരെയും കൊണ്ട് വിമത സേനയുടെ നിയന്ത്രണത്തിലുള്ള മൊസൂളിലേക്ക് പോകുന്നതിനായി ബസ്സില്‍ കയറി നിമിഷങ്ങള്‍ കഴിഞ്ഞതും, ഇവര്‍ താമസിച്ചിരുന്ന ആശുപത്രി കെട്ടിടം ബോംബിട്ട് തകര്‍ത്തതായും മൂന്ന് പേര്‍ക്ക് പരുക്കുപറ്റിയതായും സയോണ പറഞ്ഞു. തുടര്‍ന്ന് 6 വിമതര്‍മാത്രമാണ് ഇവരെ അനുഗമിച്ചിരുന്നത്. ഇവര്‍ മൊസൂളിലെത്തിച്ച് വെളിച്ചവും, എ സിയും സൗകര്യമുള്ള ഒരുഹാളില്‍ ഇരുത്തി ബഡ് ഷീറ്റും ഭക്ഷണവും നല്‍കി രണ്ടു പേര്‍ കാവല്‍ നിര്‍ത്തി. തുടര്‍ന്ന് കാലത്ത് നിങ്ങളെ ഇന്ത്യയിലേക്ക് കയറ്റിവിടുമെന്നും ഒരുങ്ങിയിരിക്കണമെന്നും പറഞ്ഞതോടെയും ഇവര്‍ക്ക് ആശ്വാസമായത്. കാലത്ത് ഇവരെ ഇര്‍ബിന്‍ വിമാന താവളത്തിലേക്ക് കൊണ്ടുപോകുന്നതിന് ഇവരുടെ ബാഗുകള്‍ വാഹനത്തില്‍ കയറ്റുന്നതിനും വിമതസേനാംഗങ്ങള്‍ സഹായിച്ചതായി സയോണ പറയുന്നു.
തുടര്‍ന്ന് വിമതരുടെ നിയന്ത്രണത്തിലുള്ള ഭാഗം കഴിഞ്ഞപ്പോള്‍ എല്ലാവരെയും സ്വീകരിക്കുവാന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ എത്തിയിരുന്നതായി തുടര്‍ന്ന് ഇര്‍ബിന്‍ വിമാനതാവളത്തിലെത്തിയതോടെ ജീവന്റെ പകുതി തിരിച്ചുകിട്ടിയ ആശ്വാസമായെന്നും ദൈവത്തോട് ഒരുപാട് പ്രാര്‍ഥിച്ചുവെന്നും സയോണ പറഞ്ഞു. നാട്ടിലെത്താന്‍ സഹായിച്ച മുഖ്യമന്ത്രിയോടും, മറ്റു ജനപ്രതിനിധികളോടും നന്ദിയും സയോണ പങ്കുവെച്ചു. ഇനി ഇറാക്കിലേക്ക് തിരിച്ചുപോകില്ലെന്നും സയോണ പറയുന്നു.
വി ചെന്താമരാക്ഷന്‍ എം എല്‍ എ. അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ ജി എല്‍ദോ, നെന്മാറ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ കെ കുഞ്ഞുമോന്‍ തുടങ്ങി വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും സയോണയെ സ്വീകരിക്കുവാന്‍ വീട്ടിലെത്തിയിരുന്നു.

Latest