Connect with us

Wayanad

വെള്ളം തേടി സംഘാടകര്‍: ആരവമുണര്‍ത്തി മഡ് ഫുട്‌ബോള്‍

Published

|

Last Updated

മാനന്തവാടി: മഴ തിമിര്‍ത്ത് പെയ്ത് വയലുകള്‍ മുഴുവന്‍ വെള്ളം നിറഞ്ഞ് നില്‍ക്കേണ്ട ഈ സമയത്ത് ഒരു തുള്ളി വെള്ളം പോലും ഇല്ലാത്ത വയലില്‍ ബാരലില്‍ വെള്ളം കൊണ്ട് വന്ന് ഒഴിച്ച് മഡ് ഫുട്‌ബോള്‍ നടത്തി സംഘാടകര്‍ വിയര്‍ത്തപ്പോള്‍ കാണികള്‍ക്ക് മത്സരം ആവേശമുണര്‍ത്തി.
ജില്ലാ ടൂറിസം ഓര്‍ഗനൈസേഷനും ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന മഴയുത്സവത്തിന്റ ഭാഗമായി വള്ളിയൂര്‍ക്കാവ് സോക്കര്‍സ്റ്റാര്‍ ക്ലബ്ബിന്റെ സഹകരണത്തോടെ കണ്ണിവയലില്‍ നടത്തിയ മഡ് ഫുട്‌ബോള്‍ മത്സരത്തിനാണ് പ്രകൃതി ചതിച്ചതു മൂലം സംഘാടകര്‍ വലഞ്ഞത്.
ഇന്നലെ രാവിലെയോടെയാണ് മത്സരം ആരംഭിക്കാനിരുന്നത്.വയല്‍ ചളിക്കുളമാക്കുന്നതിനായി വള്ളിയൂര്‍ക്കാവ് പുഴയില്‍ നിന്നും വെള്ളം കൊണ്ടു വരിയായിരുന്നു. ലോകകപ്പിന്റെ ആവേശം അണ പൊട്ടി നില്‍ക്കുന്ന സമയമായതിനാല്‍ മത്സരം കാണാന്‍ നിരവധി പേരാണ് എത്തിയത്. പ്രാഥമിക മത്സരങ്ങളാണ് ജില്ലയുടെ പല ഭാഗങ്ങളിലും നടക്കുന്നത്. 15 ഓളം ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത. 12ന് കൊളകപ്പാറയിലാണ് മത്സരങ്ങള്‍ സമാപിക്കുക. മത്സരം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ അഷറഫ് ഉദ്ഘാടനം ചെയ്തു.കെ രവീരന്ദന്‍ അധ്യക്ഷനായി. കെ കെ നാരായണന്‍, ടോണി ഫിലിപ്പ്, ലൂക്കാഫ്രാന്‍സിസ്, കെ സി സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
മണ്‍സൂണ്‍ കാലത്ത് ജില്ലയയിലേക്ക് വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനനാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മഴ മഹോത്സവം നടത്തുന്നത്. കാലാവസ്ഥയിലെ വ്യതിയാനം ഇത്തവണ മഹോത്സവത്തിന് തിരിച്ചടിയായിരിക്കുകയാണ്.

Latest