ആര്‍ എം എസ് എ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി സെപ്തംബറില്‍ തുടങ്ങും

Posted on: July 6, 2014 11:03 am | Last updated: July 6, 2014 at 11:03 am

wayanadകല്‍പ്പറ്റ: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ മാധ്യമിക് ശിക്ഷക് അഭിയാനില്‍ ഉള്‍പ്പെടുത്തി അപ്‌ഗ്രേഡ് ചെയ്ത സ്‌കൂളുകളുടെ കെട്ടിടങ്ങളുടെ പണി സെപ്റ്റംബറില്‍ ആരംഭിക്കാന്‍ ജില്ലാതല അവലോകന സമിതി യോഗത്തില്‍ തീരുമാനിച്ചു. പുതുതായി പണി തുടങ്ങേണ്ട 10 സ്‌കൂള്‍ കെട്ടിടങ്ങളുടെ ടെണ്ടര്‍ നടപടികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കും. പണി പാതിവഴിയിലായ കുപ്പാടി, മാതമംഗലം സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് അനുവദിച്ച ബാക്കി തുക ഉടന്‍ തന്നെ വിതരണം ചെയ്യും. പദ്ധതി പ്രകാരം അനുവദിച്ച തുക മതിയാകാതെ വരുന്ന സന്ദര്‍ഭത്തില്‍ എം.എസ്.ഡി.പി. പദ്ധതിയില്‍ നിന്നും എം.പി, എം.എല്‍.എ.ഫണ്ടുകളില്‍ നിന്നും തുക ലഭ്യമാക്കാന്‍ ശ്രമം നടത്തുമെന്നും യോഗത്തില്‍ അദ്ധ്യക്ഷനായ ജില്ലാ കളക്ടര്‍ കേശവന്ദ്രേകുമാര്‍ അറിയിച്ചു. നാച്ചുറല്‍ സയന്‍സ് അദ്ധ്യാപകര്‍ക്ക് രണ്ട് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പ്രശ്‌നത്തിലും കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ആവശ്യത്തിന് അദ്ധ്യാപകരെ ലഭിക്കുന്നതിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ച് അനുകൂല ഉത്തരവുകള്‍ നേടിയെടുക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ആര്‍.എം.എസ്.എ. പദ്ധതിക്ക് ഇതുവരെയായി 4.54 കോടി രൂപയാണ് ജില്ലയില്‍ ചെലവഴിച്ചതെന്ന് ജില്ലാ പ്രൊജക്ട് ഓഫീസര്‍ കൂടിയായ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.ഐ. തങ്കമണി അറിയിച്ചു. 12 സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ 58 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഈ സ്‌കൂളുകള്‍ക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായി 12 ലക്ഷം രൂപ ഉടന്‍ അനുവദിക്കുമെന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്ത സ്‌കൂളുകളെ വില്ലേജ് റിസോഴ്‌സ് സെന്റര്‍ പദ്ധതിയിലൂടെ ജില്ലാ വിദ്യാഭ്യാസ ഓഫീസുമായി ബന്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് പറഞ്ഞു. സംസ്ഥാനത്ത് ആര്‍.എം.എസ്.എ. സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് വയനാട് ജില്ലയിലാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതിരുന്നിട്ടും കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ മൂന്ന് ആര്‍.എം.എസ്.എ. സ്‌കൂളുകളെയും ജില്ലാതല അവലോകന സമിതി അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ ,ഡി.ഇ.ഒ മേരി ജോസ്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.