Connect with us

National

മുംബൈ സ്‌ഫോടനം: യാസീന്‍ ഭട്കല്‍ കുറ്റസമ്മതം നടത്തിയെന്ന് പോലീസ്

Published

|

Last Updated

മുംബൈ: മുംബൈ സ്‌ഫോടനപരമ്പര വിജയകരമായി നടത്താനായതില്‍ അഭിമാനമുണ്ടെന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ യാസീന്‍ ഭട്കല്‍ പറഞ്ഞതായി മുംബൈ പോലീസ്. മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരം അറസ്റ്റിലായ യാസിന്‍ തന്റെ മുന്നില്‍ കുറ്റസമ്മതം നടത്തിയെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷനര്‍ കിഷോര്‍ യാദവ് പറഞ്ഞു.
സ്‌ഫോടനം നടത്തിയത് ഒരു കുറ്റമായി കാണുന്നില്ലെന്നും പശ്ചാത്താപമില്ലെന്നും യാസീന്‍ ഭട്കലും കൂട്ടാളി അബ്ദുല്ല അക്തറും പോലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. 2005 മുതല്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സ്‌ഫോടനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും യാസീന്‍ നല്‍കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
2007ലെ ഹൈദരാബാദ് സ്‌ഫോടനങ്ങള്‍, 2008ല്‍ അഹമ്മദാബാദിലെ സ്‌ഫോടനപരമ്പര, 2011ല്‍ പുനെയിലെ ജര്‍മന്‍ ബേക്കറി സ്‌ഫോടനം, 2013ല്‍ ഹൈദരാബാദിലെ ദില്‍സുഖ് നഗറിലെ സ്‌ഫോടനം എന്നിവയിലെല്ലാം ഭട്കലിന് പങ്കുണ്ട്. മുംബൈയില്‍ 2011ല്‍ 21 പേര്‍ മരിക്കുകയും 141 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടന പരമ്പരയില്‍ യാസീന്‍ ഭട്കലിനെതിരെ 300 പേജുള്ള അനുബന്ധ കുറ്റപത്രമാണ് മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്‌ക്വാഡ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഭട്കലാണ് സ്‌ഫോടന പരമ്പരയുടെ സൂത്രധാരനെന്നാണ് പറഞ്ഞിട്ടുള്ളത്.
സ്‌ഫോടനം നടത്താനായി സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചു നല്‍കിയത് യാസിനാണെന്നും പോലീസ് പറയുന്നു. ഈ കേസിനോടനുബന്ധിച്ച് നഖ്‌വീ അഹ്മദ്, നദീം ശേഖ്, കന്‍വാര്‍ പത്രീജ, ഹാരൂണ്‍ നായ്ക് തുടങ്ങി അഞ്ച് പേരെ മുന്‍പേ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ നാല്‍പ്പതോളം തീവ്രവാദ കേസുകളാണ് യാസീന്റെ പേരിലുള്ളത്. യാസീന്‍ ഭട്കലിന്റെ തലക്ക് 35 ലക്ഷം രൂപ വിലയിട്ടിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് യാസീന്‍ ഭട്കല്‍ പോലീസ് പിടിയിലായത്.

---- facebook comment plugin here -----

Latest