Connect with us

Editorial

ഇറാഖ് നല്‍കുന്ന പാഠം

Published

|

Last Updated

ആഭ്യന്തര കലാപം കലുഷിതമാക്കിയ ഇറാഖില്‍ “യുദ്ധമുഖത്ത്” അകപ്പെട്ടുപോയ ഒരു തമിഴ്‌നാട്ടുകാരിയടക്കം 46 മലയാളി നഴ്‌സുമാരെ ഇന്നലെ സുരക്ഷിതമായി സ്വന്തം നാട്ടിലും വീടുകളിലും എത്തിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍, കേരള സര്‍ക്കാര്‍, നോര്‍ക്ക, ഇറാഖിലെ ഇന്ത്യന്‍ എംബസി അധികൃതര്‍, രഹസ്യാന്വേഷണ ഏജന്‍സികള്‍, പേര്‍ പറഞ്ഞ് വെളിപ്പെടുത്താനാകാത്ത ചില നയതന്ത്ര ഉദ്യോഗസ്ഥര്‍, കലാപകാരികളുടെ വിവിധ സംഘടനകള്‍, നേതാക്കള്‍ തുടങ്ങിയവരെല്ലാം ആപല്‍ഘട്ടത്തില്‍ ഇന്ത്യയുടെ സഹായത്തിനെത്തി. ഇതിനെല്ലാം സൂക്ഷിച്ച് കരുക്കള്‍ നീക്കിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനേയും കേന്ദ്രത്തില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും എത്ര ശ്ലാഘിച്ചാലും മതിയാകില്ല. അധികാരമേറ്റ് ഒന്നര മാസം മാത്രം പിന്നിട്ട നരേന്ദ്ര മോദി സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ടിവന്ന ആദ്യ യുദ്ധസമാന സാഹചര്യം അതിസമര്‍ഥമായി തരണം ചെയ്തിരിക്കുന്നു. അല്‍പ്പം വൈകിപ്പോയെന്ന പരാതി ഉണ്ടെങ്കിലും കേന്ദ്ര, കേരള സര്‍ക്കാറുകള്‍ ഉണര്‍ന്നെണീറ്റപ്പോള്‍ പ്രശ്‌നപരിഹാര ശ്രമങ്ങള്‍ക്ക് വേഗമേറി. അതിന്റെ സന്തോഷകരവും ആശ്വാസകരവുമായ പരിസമാപ്തിയാണ് ശനിയാഴ്ച ഉണ്ടായത്.
കുവൈത്തിനെ ഇറാഖ് ആക്രമിച്ചതിനെ തുടര്‍ന്ന് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിച്ചത് അതിസാഹസികമായിട്ടായിരുന്നു. ഇറാഖിലെ അമേരിക്കന്‍ അധിനിവേശക്കാലത്തും സമാന സാഹചര്യമുണ്ടായിട്ടുണ്ട്. അതിനെയെല്ലാം നെഞ്ചുറപ്പോടെ ഇന്ത്യ അതിജീവിച്ചിട്ടുമുണ്ട്. ലിബിയന്‍ പ്രതിസന്ധി ഘട്ടത്തില്‍ അവിടെനിന്നും 16,000ത്തിലേറെ ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാനും സര്‍ക്കാര്‍ പ്രശംസനീയമാംവിധം പ്രവര്‍ത്തിച്ചു. ഇത്തരം സംഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ ഇറാഖില്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രശ്‌നം തുലോം നിസ്സാരമാണ്. പക്ഷേ, തുടക്കത്തില്‍ എന്തോ കാരണത്താല്‍ മോദി സര്‍ക്കാര്‍ അല്‍പ്പം സാവകാശത്തിലായിപ്പോയി. ഇറാഖില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുമെന്ന ആംനസ്റ്റിയുടെ മുന്നറിയിപ്പ് മോദി സര്‍ക്കാര്‍ അത്ര ഗൗരവത്തിലെടുത്തിരുന്നില്ല.
ആഭ്യന്തരയുദ്ധത്തിനിടയില്‍ ജൂണ്‍ 11നാണ് 46 നഴ്‌സുമാര്‍ തിക്രിതിലെ ആശുപത്രിയില്‍ കുടുങ്ങിയത്. ചുറ്റും വെടിവെപ്പും സ്‌ഫോടനങ്ങളും നടക്കുമ്പോഴും ഇവര്‍ ആത്മധൈര്യം വിടാതെ സൂക്ഷിച്ചു. ആകുലരായ മാതാപിതാക്കളെ ഫോണില്‍ ആശ്വാസവാക്കുകളിലൂടെ സമാധാനിപ്പിച്ചു. ആശുപത്രിയുടെ നിയന്ത്രണം തീവ്രവാദികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട വിമതരുടെ കൈകളിലായിരുന്നു. ആശുപത്രി വിടാന്‍ ഇവര്‍ നഴ്‌സുമാരെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നുവെങ്കിലും അവര്‍ വഴങ്ങിയില്ല. എന്നാല്‍ വ്യാഴാഴ്ച ഉച്ചയോടെ വിമത സേന നഴ്‌സുമാര്‍ക്ക് ആശുപത്രി കെട്ടിടം വിടാന്‍ അന്ത്യശാസനം നല്‍കുകയും അവര്‍ കൊണ്ടുവന്ന വാഹനങ്ങളില്‍ കയറാന്‍ ആവശ്യപ്പെടുകയുമുണ്ടായി. നഴ്‌സുമാര്‍ കെട്ടിടം വിട്ടിറങ്ങിയതും അതില്‍ സ്‌ഫോടനം നടന്നു. തിക്രീതില്‍ നിന്നും മുസ്വിലിലേക്കും അവിടെനിന്ന് ഇറാഖിലെ കുര്‍ദ് മേഖലയിലുള്ള ഇര്‍ബിലിലേക്കും കൊണ്ടുവന്ന നഴ്‌സുമാരെ ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അയച്ച പ്രത്യേക വിമാനത്തില്‍ കയറ്റിയത്. പിന്നീടെല്ലാം പ്രതീക്ഷിച്ചതു പോലെ നടന്നു. ഈ ദൗത്യത്തെ ഇന്ത്യക്കാരെല്ലാം സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ഇറാഖില്‍ സജീവമായ ഐ എസ് ഐ എല്‍(ഇസില്‍)എന്ന തീവ്രവാദി സംഘടന ബന്ദികളാക്കിയ 39 ഇന്ത്യക്കാരെ കുറിച്ച് ഇപ്പോഴും ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന വസ്തുത നാം മറന്നുകൂടാ.
വാസ്തവത്തില്‍, ഇനിയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുവരാന്‍ നിര്‍ബന്ധിതരാകുന്നവരുടെ പുനരധിവാസമാണ് പ്രശ്‌നം. ഇറാഖില്‍ നിന്ന് തിരിച്ചെത്തിയ നഴ്‌സുമാര്‍ക്ക് നാട്ടിലോ വിദേശത്തോ തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍, സര്‍ക്കാറേതര സ്ഥാപനങ്ങളും പ്രമുഖ വ്യക്തികളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ സന്മനോഭാവത്തെ നമുക്ക് സ്വാഗതം ചെയ്യാം. പക്ഷേ ഇത് 46 നഴ്‌സുമാരുടെ മാത്രം കാര്യമല്ല. ഒരു കാലത്ത് ഇന്ത്യക്കാരുടെ, വിശേഷിച്ചും കേരളീയരുടെ സ്വര്‍ഗമായിരുന്നു ഗള്‍ഫ്. നന്നായി അധ്വാനിക്കുന്നവര്‍ക്ക് നല്ല നിലയില്‍ സമ്പാദ്യമുണ്ടാക്കാനും കഴിയുമായിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറി. ഗള്‍ഫ് നാടുകളിലടക്കം വലിയ തോതില്‍ സ്വദേശിവത്കരണം നടക്കുന്നു. ഈ പ്രക്രിയ ശക്തിപ്പെടാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഏറെ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരും. ഇറാഖില്‍ നിന്നും തിരിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ പല പദ്ധതികളും പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളം ഇങ്ങനെ ഒരു സാഹചര്യത്തെ മുന്‍കൂട്ടിക്കണ്ട് പല പ്രഖ്യാപനങ്ങളും നടത്തിയെങ്കിലും ഇവ എത്രത്തോളം പ്രാവര്‍ത്തികമായെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. ഇറാഖിലേത് നമുക്കൊരു പാഠമാകേണ്ടതാണ്.

Latest